വിമാനസർവീസുകളെച്ചൊല്ലി ഇന്ത്യ-യു.എ.ഇ. ശീതസമരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 4, 2020

വിമാനസർവീസുകളെച്ചൊല്ലി ഇന്ത്യ-യു.എ.ഇ. ശീതസമരം

ദുബായ്: ഇരുരാജ്യങ്ങൾക്കും ഇടയിലെ വിമാനസർവീസുകളെച്ചൊല്ലി ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ശീതസമരം മുറുകുന്നു. ഏറ്റവും ഒടുവിലായി വിവിധ സംഘടനകൾ ചാർട്ടർചെയ്ത യു.എ.ഇ.യുടെ വിമാനങ്ങൾക്ക് ഇന്ത്യയിൽ ഇറങ്ങാനുള്ള അനുമതി നൽകാത്ത സ്ഥിതിയിലേക്ക് ഈ ഭിന്നത വളർന്നുകഴിഞ്ഞു. ഇതുകാരണം ശനിയാഴ്ച ഏതാനും ചാർട്ടേഡ് വിമാനങ്ങളുടെ യാത്ര മുടങ്ങി.ഉച്ചതിരിഞ്ഞ് അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന ഇത്തിഹാദ് എയർവെയ്‌സിന്റെയും ഷാർജയിൽനിന്ന് ലഖ്നൗവിലേക്ക് പോകാനിരുന്ന എയർ അറേബ്യ വിമാനത്തിന്റെയും ഉൾപ്പെടെയുള്ള യാത്രകളാണ് മുടങ്ങിയത്. അബുദാബി കെ.എം.സി.സി.യായിരുന്നു ഇത്തിഹാദ് വിമാനം ചാർട്ടർ ചെയ്തിരുന്നത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ യു.എ.ഇ.യുടെ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് യാത്ര തടസ്സപ്പെട്ടത്. ഇതുൾപ്പെടെ ഇന്ത്യയിലെ ഏതാനും സ്വകാര്യവിമാനങ്ങളുടെ സർവീസുകളും ശനിയാഴ്ച നടന്നില്ല. ഇന്ത്യയിൽനിന്ന് എത്തേണ്ടിയിരുന്ന വന്ദേ ഭാരത് മിഷനിലെ വിമാനങ്ങളും ഏറെ വൈകിയാണ് യു.എ.ഇ.യിൽ എത്തിച്ചേർന്നത്. ഇതുകാരണം നാട്ടിലേക്കുള്ള യാത്രയ്ക്കായി ശനിയാഴ്ച യു.എ.ഇ.യിലെ വിമാനത്താവളങ്ങളിൽ എത്തിയ നൂറുകണക്കിന് പ്രവാസികൾക്ക്‌ ഏറെ പ്രയാസങ്ങൾ നേരിട്ടു. ഇന്ത്യയുടെ വന്ദേ ഭാരത് മിഷൻ പ്രകാരം മേയ് ഏഴുമുതൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങൾ നിരന്തരം ഗൾഫ് നാടുകളിലേക്ക് പറക്കുന്നുണ്ട്. ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന യു.എ.ഇ. താമസവിസയുള്ളവരെ കാലിയായി പോകുന്ന ഈ വിമാനങ്ങളിൽ യു.എ.ഇ. യിലേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യ ശ്രമിച്ചിരുന്നു. എന്നാൽ, ഇതിന് യു.എ.ഇ. അനുമതി നൽകിയിരുന്നില്ല. ഇതിനുള്ള മറുപടി എന്ന നിലയിലാണ് യു.എ.ഇ.യുടെ ചാർട്ടേഡ് വിമാനങ്ങൾക്കുള്ള പ്രവേശനാനുമതി ഇന്ത്യയും നൽകാത്തത് എന്നാണ് ഡൽഹിയിൽനിന്നുള്ള സൂചന. അതത് സംസ്ഥാനസർക്കാരുകളും യു.എ.ഇ.യിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുമാണ് സന്നദ്ധസംഘടനകൾ ചാർട്ടർ ചെയ്യുന്ന വിമാനങ്ങൾക്ക് ആദ്യമായി അനുമതി നൽകേണ്ടത്. യാത്രക്കാരുടെ പേരുകൾ സഹിതമായിരിക്കണം അപേക്ഷ നൽകുന്നത്. ഇരുവരും അംഗീകരിച്ചു കഴിഞ്ഞാൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അനുമതി വേണം. സാധാരണഗതിയിൽ അപേക്ഷ നൽകിയാൽ ആറു മുതൽ എട്ടുമണിക്കൂറിനകം സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന്റെ അനുമതി എത്താറുണ്ട്. എന്നാൽ, വ്യാഴാഴ്ച മുതലുള്ള അപേക്ഷകളിലൊന്നും ഇതുവരെ അനുമതി ആയിട്ടില്ല. ഇതാണ് വിമാനങ്ങളുടെ യാത്ര മുടങ്ങാൻ കാരണം. യു.എ.ഇ.യിലേക്കുള്ള യാത്രക്കാരെ കൊണ്ടുപോകാനുള്ള അനുമതി നേടിയെടുക്കാനുള്ള സമ്മർദതന്ത്രം കൂടിയായാണ് ഇന്ത്യയുടെ ഈ നടപടി. യു.എ.ഇ.യുടെ മുന്നൂറോളം ചാർട്ടേഡ് വിമാന സർവീസുകൾക്കാണ് ഇന്ത്യ അനുമതി നൽകിയത്. അത്രതന്നെ ചാർട്ടേഡ് സർവീസുകൾക്കുള്ള അനുമതി ലഭിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്തായാലും ഈ ശീതസമരത്തിനിടയിൽ നാടണയാൻ ഒരുങ്ങിനിന്ന ആയിരങ്ങളാണ് ദുരിതത്തിലായത്. യു.എ.ഇ.യിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സന്നദ്ധമാണെന്ന് കോവിഡിന്റെ ആദ്യ നാളുകളിൽത്തന്നെ ദുബായിയുടെ എമിറേറ്റ്‌സ് എയർലൈൻസും ഫ്ളൈദുബായിയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഈ വാഗ്ദാനം ഇന്ത്യ നിരസിച്ചു. പിന്നീടാണ് ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനികൾ വന്ദേ ഭാരത് മിഷനുമായി യു.എ.ഇ.യിൽ എത്തുന്നത്. ഈ വിമാനങ്ങളിൽ സീറ്റ് കിട്ടാനുള്ള പ്രയാസം കണ്ടറിഞ്ഞാണ് സാമൂഹിക സാംസ്കാരിക സംഘടനകൾ ചാർട്ടേഡ് വിമാനങ്ങളുമായി രംഗത്തെത്തിയത്. തുടക്കത്തിൽ ഇന്ത്യയുടെ ഏതാനും സ്വകാര്യ വിമാനങ്ങളാണ് ഇതിനായി എത്തിയതെങ്കിൽ പിന്നീട് യു.എ.ഇ. വിമാനങ്ങളും ചാർട്ടർ ചെയ്യപ്പെട്ടു. ഇതോടെയാണ് ഇന്ത്യൻ വിമാനങ്ങളിലെ തിരക്കുകുറഞ്ഞത്.


from mathrubhumi.latestnews.rssfeed https://ift.tt/3f1f5g9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages