കോഴിക്കോട്: കോവിഡ് കാലത്ത് പ്രവാസികളായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ ഭാര്യയ്‌ക്കൊപ്പം സുപ്രീം കോടതിയെ സമീപിച്ച യുവാവ് കുഞ്ഞിനെ കാണാനാകാതെ യാത്രയായി. ഗര്‍ഭിണിയായ ഭാര്യ ആതിരയെ വിമാനം കയറ്റിവിട്ട്, പ്രസവശേഷം നാട്ടിലെത്താനിരുന്ന പേരാമ്പ്ര മുയിപ്പോത്ത് പടിഞ്ഞാറെക്കര കുനിയില്‍ നിതിന്‍ ചന്ദ്രനാ(29)ണു ദുബായില്‍ മരിച്ചത്.
ഭാര്യയ്‌ക്കൊപ്പം നാട്ടിലേക്കു മടങ്ങാനിരുന്നതാണെങ്കിലും രോഗികളും ഗര്‍ഭിണികളും ഉള്‍പ്പെടെ, തന്നെക്കാള്‍ അര്‍ഹരായവര്‍ക്കായി അവസരം മാറ്റിവയ്ക്കുകയായിരുന്നു നിതിന്‍. എന്നാല്‍, ആ കാത്തിരിപ്പിനു ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം വിരാമമിട്ടു.
പ്രവാസികളായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് ആതിരയും നിതിനും മുമ്പു വാര്‍ത്തകളില്‍ നിറഞ്ഞത്. തുടര്‍ന്ന്, കഴിഞ്ഞമാസം വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യവിമാനങ്ങളിലൊന്നില്‍ ആതിര നാട്ടിലെത്തി. ജൂെലെ ആദ്യവാരം നടക്കേണ്ട പ്രസവത്തിനായി നാട്ടിലേക്കു മടങ്ങാനിരിക്കേയാണു ലോകമെങ്ങും ലോക്ക്ഡൗണിലായത്.
ഇതോടെ ആതിരയുള്‍പ്പെടെ നിരവധിപ്പേരുടെ യാത്ര അനിശ്ചിതത്വത്തിലായി. തുടര്‍ന്ന്, എല്ലാവര്‍ക്കുമായി ദുബായിലെ ഇന്‍കാസ് യൂത്ത് വിങ്ങിന്റെ സഹായത്തോടെ ദമ്പതികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
സാമൂഹികപ്രവര്‍ത്തകനും മെക്കാനിക്കല്‍ എന്‍ജിനീയറുമായ നിതിന്‍, ''ബ്ലഡ് ഡോണേഴ്‌സ് കേരള'' ദുബായ് കോര്‍ഡിനേറ്ററും ഇന്‍കാസ് യൂത്ത് വിങ്, കേരള എമര്‍ജന്‍സി ടീം എന്നിവയുടെ പ്രവര്‍ത്തകനുമായിരുന്നു. എട്ടുമാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നത്. ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. 2017-ലായിരുന്നു വാല്യക്കോട് സ്വദേശി ആതിരയുമായുള്ള വിവാഹം.
ആതിരയ്ക്കു നാട്ടിലേക്കുള്ള ടിക്കറ്റ് ഇന്‍കാസിന്റെ വകയായി സ്വീകരിച്ചതു വിവാദമായിരുന്നു. സ്ത്രീകള്‍ക്കായി ശബ്ദമുയര്‍ത്തിയതിനുള്ള ഇന്‍കാസിന്റെ സ്‌നേഹസമ്മാനമെന്നു പറഞ്ഞാണ് ഷാഫി പറമ്പില്‍ എം.എല്‍.എ. ഇവര്‍ക്കു ടിക്കറ്റ് നല്‍കിയത്. ഇതു ചിലര്‍ വിവാദമാക്കി. എന്നാല്‍, ഉപഹാരം സ്വീകരിക്കുമ്പോള്‍തന്നെ, പകരം രണ്ടുപേര്‍ക്കുള്ള ടിക്കറ്റ് തുക നിതിനും ആതിരയും ഇന്‍കാസിനു െകെമാറി.
ടിക്കറ്റുണ്ടായിരുന്നെങ്കിലും ആതിരയെ മാത്രം നാട്ടിലേക്കയച്ച് നിതിന്‍ യാത്ര റദ്ദാക്കി. തന്നെക്കാള്‍ പരിഗണന അര്‍ഹിക്കുന്നവരുള്ളപ്പോള്‍ താന്‍ പോകുന്നതു ശരിയല്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ആതിരയുടെ പ്രസവശേഷം നാട്ടിലെത്താമെന്ന തീരുമാനത്തിലായിരുന്നു. നിതിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു. ആതിരയെ ഇന്നലെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിതിന്റെ പിതാവ്: റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുനിയില്‍ രാമചന്ദ്രന്‍. മാതാവ്: ലത. സഹോദരി: ആരതി.
from mangalam.com https://ift.tt/2Yjo05i
via IFTTT
No comments:
Post a Comment