ഗുരുവായൂർ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കാൻ കർശന നിർദ്ദേശമുള്ള വേളയിലാണ് ഗൂരുവായൂർ തീർത്ഥാടനം കൂടി ഇന്ന് തുടങ്ങുന്നത്. അകലം പാലിക്കാൻ കൃത്യമായ അളവുകളിൽ വൃത്തം വരച്ചിട്ടുണ്ട്. ഇതിലൂടെയാണ് ഭക്തർ സഞ്ചരിക്കുകയെന്നതിനാൽ അകലം ഉറപ്പ്. അകന്നകന്ന് നടന്ന് ഒടുവിൽ നാലമ്പലത്തിനു മുന്നിലെത്തിയാൽ അവിടെ നിൽക്കേണ്ടി വരും. പിന്നെ പ്രവേശനാനുമതിയില്ല. ദേവനെ അകലെ നിന്നു മാത്രം ഒരു നോക്കു കാണാം. ഗുരുവായൂരപ്പ ദർശനം ചുറ്റമ്പലത്തിൽവച്ചു മാത്രം. നാലമ്പലത്തിലേക്കുള്ള പ്രവേശനമില്ല. അതിനാൽ അവിടെ അകലം മാനുഷിക അകലത്തേക്കാൾ അല്പം ഏറെയാണെന്നു മാത്രം! മനുഷ്യർ തമ്മിലുള്ള അകലം 2 മീറ്ററിനടുത്താണെങ്കിൽ ദേവനുമായുള്ള അകലം അതിന്റെ പത്തിരട്ടിയുണ്ടാകും. ഇക്കാലത്തെ ദർശനം വാതിൽ മാടത്തിൽ നിന്നു മാത്രമാണെന്നതാണ് പ്രധാന പ്രത്യേകത. അങ്ങിനെയും കാണാൻ ഓൺലൈൻ അപേക്ഷ നൽകി കാത്തിരിക്കുന്നവർ തെല്ലെന്നുമല്ല താനും.
ഇതിനു പുറമെ കോവിഡ് കാലത്തെ ദർശനത്തിന് നിരവധി പ്രത്യേകതകൾ വേറെയുമുണ്ട്. അകലം പാലിക്കാൻ കർശന ജാഗ്രത പുലർത്തണമെന്നതിനാൽ കണക്കു പിഴക്കാതിരിക്കാനുള്ള കർശന നിരീക്ഷണത്തിലാണ് ദേവസ്വം. ഇതിനായി കൗസ്തുഭം മുതൽ ചുറ്റമ്പലം മുഴുവനായും പ്രത്യേകം വൃത്തം വരച്ചിരിക്കുന്നു. ഇതിലൂടെ വേണം ഭക്തരുടെ സഞ്ചാരം. പ്രദക്ഷിണവും ഈ വൃത്തത്തിനുള്ളിലൂടെ മാത്രം. 2 മീറ്റർ അകലത്തിലാണ് വൃത്തങ്ങൾ. മുന്നിലുള്ള ഭകതൻ വൃത്തത്തിൽ നിന്നു പുറത്തു കടന്നാൽ മാത്രമേ പിൻനിരക്കാരന് പാദം മുന്നോട്ടുവയ്ക്കാനാകൂ. കണക്കു പിഴക്കാതിരിക്കാൻ ഭക്തനും ശ്രദ്ധിക്കണം. ശ്രദ്ധ പിഴക്കുന്നുവോ എന്നു നിരീക്ഷിക്കാൻ സംഘം വേറെയുണ്ട്. നിർദ്ദേശങ്ങൾ നൽകാനും അതു പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്താനും 'പ്രത്യേകം സംഘങ്ങളെ നിയോഗിച്ചു കഴിഞ്ഞു.
തെർമൽ സ്ക്കാനർ വഴി പരിശോധിക്കാൻ വൈദ്യസംഘവും മൊബൈൽ ബാഗ് മറ്റു വസ്തുക്കൾ എന്നിവ പ്രവേശിപ്പിക്കാതിരിക്കാൻ പോലിസ് സംഘത്തിന്റെ പരിശോധനയുണ്ടാകും. നീണ്ട ഇടവേളക്ക് ശേഷമാണ് ക്ഷേത്രസന്നിധിയിൽ ഭകതരെത്തുന്നതെന്നതിനാൽ അവരെ വരവേൽക്കാൻ നഗരി സജ്ജമായിക്കഴിഞ്ഞു.
- കെ.മനോജ്
from mangalam.com https://ift.tt/2BHDGYp
via IFTTT
No comments:
Post a Comment