ഒരു ഓഫീസറടക്കം ഇരുപതോളം ജവാന്മാര്‍ ജീവന്‍ ബലിയര്‍പ്പിച്ച ഗല്‍വാന്‍ താഴ്‌വര ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ തന്ത്രപ്രാധാന്യമുള്ളതാണ്. ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തിയിലെ യഥാര്‍ഥ നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള ദൗലത്ത് ബേഗ് ഓള്‍ഡി(ഡി.ബി.ഒ)യില്‍ ഇന്ത്യ, ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം സജ്ജീകരിച്ചിട്ടുണ്ട്.
ചൈനയുമായുള്ള ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തെ അതിര്‍ത്തി പോസ്റ്റ് ഇവിടെയാണ്. ഈ മേഖലയിലെ സൈനിക വിന്യാസത്തിനും സാധനസാമഗ്രികള്‍ എത്തിക്കുന്നതിനും ഈ ലാന്‍ഡിങ്ഗ്രൗണ്ടിനുള്ള പ്രാധാന്യം ഏറെയാണ്. ഇവിടേക്കുള്ള റോഡ് സംഘര്‍ഷമുണ്ടായ ഗല്‍വാന്‍ താഴ്‌വരയോട് ചേര്‍ന്നാണ് കടന്നു പോകുന്നത്. ഇവിടെ നിയന്ത്രണം സ്ഥാപിച്ചാല്‍ ഇന്ത്യക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കാനാവുമെന്ന് ചൈനയ്ക്ക് നന്നായറിയാം.
ചൈന കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉയര്‍ത്തിക്കാണിക്കുന്ന ഒരു പദ്ധതിയുണ്ട്- ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷിയേറ്റീവ്. വിവിധ ഏഷ്യന്‍ രാജ്യങ്ങളിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള വാണിജ്യം സുഗമമാക്കാനുള്ള പദ്ധതിയായാണ് ചൈന ഇതിനെ മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍, ഇന്ത്യയുടെ ഒരു റോഡ് പദ്ധതിയെ ചൈന അങ്കലാപ്പോടെയാണ് കാണുന്നത്. ലഡാക്കിന്റെ തലസ്ഥാനമായ ലേയില്‍ നിന്ന് ദാര്‍ബുക്, ഷൈയോക്ക് വഴി ദൗലത് ബേഗ് ഓള്‍ഡിയിലേക്കുള്ള റോഡാണിത്.
ഈ മേഖലയിലെ മിക്ക റോഡുകളും മഞ്ഞുകാലത്ത് ഉപയോഗിക്കാനാവില്ല. എന്നാല്‍, 255 കിലോമീറ്ററുള്ള ദാര്‍ബുക്-ഡി.ബി.ഒ. റോഡ് അങ്ങനെയല്ല, ഏതു കാലാവസ്ഥയിലും ഉപയോഗപ്രദമാണ്. ആവശ്യമെങ്കില്‍ ഏതു കാലാവസ്ഥയിലും ഇതുവഴി സൈനിക നീക്കം നടക്കും. ദാര്‍ബുക്കില്‍ നിന്ന് പാങ്ങോങ് തടാകത്തിലേക്കും മികച്ച റോഡ് ഉണ്ട്. ഇതും തങ്ങളുടെ താത്പര്യത്തിനു വിരുദ്ധമായി ചൈന കാണുന്നു. ഇത്തവണ പാങ്ങോങ് തടാകത്തിനരികിലും ചൈനീസ് കടന്നുകയറ്റമുണ്ടായി.
അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന റോഡ് പൂര്‍ത്തിയാകുന്നതോടെ ലേയില്‍ നിന്ന് ഡി.ബി.ഒയിലേക്ക് ആറു മണിക്കൂര്‍ കൊണ്ട് എത്താം. ഇപ്പോള്‍ യാത്രാ സമയം രണ്ടു ദിവസമാണ് എന്നുപറയുമ്പോള്‍ ഈ റോഡിന്റെ പ്രാധാന്യം മനസ്സിലാകും. മാത്രമല്ല, ഇത് കാരക്കോറം ഹൈവേയോട് വളരെ അടുത്തുവരെയെത്തുന്നു. അറബിക്കടലിലേക്ക് ഒരു വഴി തുറക്കുക എന്ന ഉദ്ദേശ്യത്തോടെ പാകിസ്താനിലേക്കു നിര്‍മിക്കുന്ന കാരക്കോരം ഹൈവേ ഇന്ത്യന്‍ സൈന്യത്തിന്റെ ചൂണ്ടുവിരലിന്റെ അറ്റത്തിരിക്കുന്നത് ചൈന ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഈ മേഖലയിലുടനീളം സാന്നിധ്യവും സ്വാധീനവും വര്‍ധിപ്പിക്കാനും അതുവഴി ഈ റോഡ് മുഴുവന്‍ സമയവും നിരീക്ഷണത്തിലാക്കാനുമാണ് അവരുടെ നീക്കം. ഗല്‍വാന്‍ താഴ്‌വരയില്‍ നിയന്ത്രണം സ്ഥാപിച്ചാല്‍ ചൈന കൈവശം വച്ചിരിക്കുന്ന അക്‌സായിചിന്‍ പീഠഭൂമി അപ്പാടെ സംരക്ഷിക്കാന്‍ അവര്‍ക്ക് സാധിക്കും.
യുദ്ധവേദിയായ ഗല്‍വാന്‍
കാരക്കോറം റേഞ്ചില്‍ പെടുന്ന സാംസങ്‌ലിങ് പ്രദേശത്തു നിന്ന് ഉത്ഭവിച്ച് അക്‌സായി ചിനിലൂടെ പടിഞ്ഞാറോട്ട് ഒഴുകി ലഡാക്കിലെത്തി ഷൈയോക്ക് നദിയില്‍ ചേരുന്ന ഗല്‍വാന്‍ നദി മൂലമാണ് ഈ താഴ്‌വരയ്ക്ക് ഗല്‍വാന്‍ എന്നു പേരുവന്നത്. സിന്ധുനദിയുടെ ഈ പോഷകനദിയെക്കുറിച്ച് 1899-ല്‍ ഗവേഷണം നടത്തിയ് ഗുലാം റസൂല്‍ ഗല്‍വാന്റെ സ്മരണാര്‍ഥമാണ് ഈ പേര്. ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനും ഗവേഷകനുമായ ലഫ്റ്റനന്റ് കേണല്‍ സര്‍ ഫ്രാന്‍സിസ് എഡ്വാര്‍ഡ് യങ്ഹസ്ബന്‍ഡിന്റെ ഗവേഷണ സംഘത്തില്‍ അംഗമായിരുന്നു ഗല്‍വാന്‍. അക്കാലത്ത് ഒരു ഇന്ത്യക്കാരന്റെ സ്മരണാര്‍ഥം നദിക്ക് പേരിട്ടത് അത്യപൂര്‍വമായിരുന്നു.
1956-ല്‍ ചൈന ഈ മേഖലയില്‍ അവകാശമുന്നയിച്ച പ്രദേശങ്ങളുടെ പടിഞ്ഞാറാണ് ഗല്‍വാന്‍ നദി. 1960-ല്‍ ചൈന ഈ നദിയും പിന്നിട്ട് പടിഞ്ഞാറോട്ട് കയറി ഷൈയോക്ക് നദീ താഴ്‌വാരത്തിനടുത്തു വരെ ഇന്ത്യന്‍ ഭൂവിഭാഗത്തിന് അവകാശവാദമുന്നയിച്ചു. അക്‌സായി ചിന്‍ പീഠഭൂമി ഒന്നാകെ ഇന്ത്യക്ക് അവകാശപ്പെട്ടിരിക്കെയായിരുന്നു ചൈനയുടെ കടന്നുകയറ്റം.
ഇവിടെ ഇന്ത്യയുടെ അതിര്‍ത്തിയായി ചൈന പ്രഖ്യാപിച്ചിരിക്കുന്ന കൊങ്ഗ്ക ചുരത്തില്‍ 1961 സെപ്റ്റംബറില്‍ പട്രോളിങ് നടത്തുകയായിരുന്ന സി.ആര്‍.പി.എഫ്. സംഘത്തെ ചൈനീസ് പട്ടാളം ആക്രമിച്ചതോടെയാണ് ഇന്ത്യ ഗല്‍വാന്‍ മേഖലയില്‍ സൈനിക ശക്തി കൂട്ടാന്‍ തീരുമാനിച്ചത്. സ്പാങ്ഗുര്‍- പാങ്ങോങ് തടാകങ്ങള്‍ക്ക് ഇടയിലുള്ള സൈനിക സാന്നിധ്യമില്ലാത്തയിടങ്ങളിലെല്ലാം കാവല്‍ ശക്തമാക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോ അന്ന് നിര്‍ദേശിക്കുകയായിരുന്നു.
അടുത്ത മഞ്ഞുകാലം കഴിഞ്ഞതോടെ 1962 ജൂലൈ അഞ്ചിന് ഹോട്ട് സ്പ്രിങ്ങ്‌സ് മേഖലയില്‍ നിന്ന് ഗൂര്‍ഖാ റൈഫിള്‍സിനെ അയച്ച് ഇന്ത്യ ഗല്‍വാന്‍ പിടിച്ചെടുത്തു. ഇതോടെ ഗല്‍വാന്‍ നദിക്കരയും താഴ്‌വാരവും മുഴുവന്‍ ഇന്ത്യയുടെ നിരീക്ഷണത്തിലായി. മാത്രമല്ല, സാംസങ്‌ലിങ്ങിലെ ചൈനീസ് താവളത്തിലേക്കു സാധന സാമഗ്രികള്‍ എത്തിക്കുന്നതു തടയുകയും ചെയ്തു. ഇത് തങ്ങള്‍ക്കു നേരേയുള്ള ആക്രമണമാണെന്നു വിലയിരുത്തിയ ചൈന ഗല്‍വാന്‍ പോസ്റ്റിനു നേരേ നീങ്ങി. പോസ്റ്റിന്റെ നൂറു വാര അകലെ വരെയെത്തി അവര്‍ ഉപരോധം തീര്‍ത്തത് നാലുമാസമാണ്. ഇത്രയും നാള്‍ ഹെലികോപ്ടര്‍ വഴിയാണ് ഇവിടെ സാധന സാമഗ്രികള്‍ എത്തിച്ചുകൊണ്ടിരുന്നത്.
1962 ഒക്‌ടോബര്‍ 20-ന് ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ ചൈന ആദ്യം തകര്‍ത്തത് ഗല്‍വാനിലെ ഇന്ത്യന്‍ പോസ്റ്റ് ആയിരുന്നു. പോസ്റ്റിനു നേരേ നിരവധി പീരങ്കി വെടികളുതിര്‍ത്ത ചൈന അതു പിടിച്ചെടുക്കാന്‍ ഒരു ബറ്റാലിയനെ തന്നെ നിയോഗിച്ചു. 33 ഇന്ത്യന്‍ ഭടന്മാരാണ് അന്നു വീരചരമമടഞ്ഞത്. യുദ്ധം കഴിഞ്ഞ ശേഷം ചൈന ഗല്‍വാനും കടന്ന് പടിഞ്ഞാറോട്ട് അവകാശവാദമുന്നയിച്ചെങ്കിലും പിന്നീട് ഗല്‍വാന്‍ ഇന്ത്യയുടെ ഭാഗമായി തന്നെ നിലനിന്നു. കഴിഞ്ഞ മേയ് അഞ്ചിന് ചൈന ഇവിടേക്ക് കടന്നു കയറിയതു വരെ ഇവിടം വലിയ സംഘര്‍ഷങ്ങള്‍ക്കു വേദിയായിരുന്നില്ല.
പര്‍വതമുകളിലെ വിമാനത്താവളം
എന്നാല്‍, അതിര്‍ത്തിയിലെ റോഡ് നിര്‍മാണം ചൈനയെ എന്നും അലോസരപ്പെടുത്തിയിരുന്നു. അതു തടസപ്പെടുത്താനുള്ള പല ശ്രമങ്ങളും അവര്‍ നടത്തി. അതേസമയം ഈ മേഖലയിലെ സൈനിക സൗകര്യങ്ങള്‍ ഇന്ത്യ വര്‍ധിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. ദൗലത്ത് ബേഗ് ഓള്‍ഡിയിലെ ലാന്‍ഡിങ് സൗകര്യമാണ് ഇതില്‍ പ്രധാനം. കൂറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് വരെ ഇന്ത്യ അവിടെ ഇറക്കിയത് ചൈനയെ കുറച്ചൊന്നുമല്ല അങ്കലാപ്പിലാക്കിയത്. ഇത്രയും പ്രതികൂല സാഹചര്യങ്ങളിലും ഉയരത്തിലും ഈ വിമാനമിറക്കിയതു വ്യോമ ചരിത്രത്തിലാദ്യമായിരുന്നു.
അടിയന്തിര സാഹചര്യമുണ്ടായാല്‍ ഞൊടിയിടയ്ക്കുള്ളില്‍ ഇവിടെ വിമാനമിറക്കാനും സൈനിക സന്നാഹമെത്തിക്കാനും ഇന്ത്യക്ക് കഴിയും. ഈ സംവിധാനങ്ങള്‍ ഒരുക്കിയതിനൊപ്പം ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കാനുള്ള ഇന്ത്യയുടെ തീരുമാനവും ചൈനയ്ക്ക് സംശയമുണ്ടാക്കിയെന്നു പറയാം. അക്‌സായി ചിന്‍ ലഡാക്കിന്റെ ഭാഗമാണെന്നും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ കൂടുതല്‍ ശക്തി സംഭരിക്കുന്നതു തടയാന്‍ ഗല്‍വാന്‍ മേഖലയെ കൈപ്പിടിയിലാക്കണമെന്ന് ചൈന വിലയിരുത്തുന്നത് ഇതുകൊണ്ടൊക്കെയാണ്. ചൈന ഇപ്പോള്‍ രണ്ടും കല്‍പിച്ചുള്ള ഒരുക്കത്തിലാണെന്ന് കരുതുന്നവരുണ്ട്. കാരണം, ഗല്‍വാന്‍ താഴ്‌വര മുഴുവന്‍ തങ്ങളുടേതാണെന്നാണ് ഇപ്പോള്‍ അവരുടെ അവകാശവാദം. അത് അടുത്തകാലത്ത് അവരുടെ ഭാഗത്തുനിന്നുണ്ടായ മാറ്റമാണ്.
നിലവില്‍ നിയന്ത്രണ രേഖയില്‍ 5000 സൈനികരെയെങ്കിലും അവര്‍ വിന്യസിച്ചിട്ടുണ്ട്. മേയ് അഞ്ചിനു ശേഷം നൂറിലധികം കൂടാരങ്ങള്‍ കെട്ടി സൈനികരെ നിയോഗിച്ചു. പാങ്ങോങ് തടാകത്തില്‍ നിന്ന് 200 കിലോമീറ്റര്‍ മാത്രം അകലെ ടിബറ്റിലെ എന്‍ഗായി ഗുണ്‍സ വിമാനത്താവളവും ഇപ്പോള്‍ സൈനികമായി സജീവമാണ്. ഇത് സിവില്‍-സൈനിക വിമാനത്താവളമാണ്. പക്ഷേ, ഇവിടെ റണ്‍വേയില്‍ യുദ്ധവിമാനങ്ങള്‍ തയാറായി കിടക്കുന്നതായി അടുത്തിടെ ഉപഗ്രഹ ചിത്രങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അവിടെ എച്ച്.ക്യു9 മിസൈലുകളും അവര്‍ വിന്യസിച്ചിരിക്കുന്നതും കണ്ടെത്തി. വിമാനത്താവളത്തില്‍ വലിയതോതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയുമാണ്.
from mangalam.com https://ift.tt/3fx8BoW
via IFTTT
No comments:
Post a Comment