ന്യൂഡൽഹി: പത്തുദിവസത്തിനിടെ അയ്യായിരത്തോളംപേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ചമാത്രം 2003 മരണം റിപ്പോർട്ടുചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ മഹാരാഷ്ട്രയിലും ഡൽഹിയിലുമുണ്ടായ 1672 മരണങ്ങൾകൂടി കോവിഡുമൂലമാണെന്ന് സംസ്ഥാനസർക്കാരുകൾ സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ കുത്തനെ ഉയർന്നത്. കോവിഡിന് ചികിത്സയിലിരിക്കെ മറ്റുകാരണങ്ങളാൽ മരിക്കുന്നവരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഐ.സി.എം.ആർ. നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ചൊവ്വാഴ്ച മഹാരാഷ്ട്രയിൽ 1328 മരണങ്ങളും ഡൽഹിയിൽ 344 മരണങ്ങളും കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തിയത്. മാർച്ച് 12-നാണ് രാജ്യത്ത് ആദ്യ കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. ഏപ്രിൽ ഒന്നിന് മരണം അമ്പതും അഞ്ചിന് നൂറും കടന്നു. 28-ന് ആയിരവും മേയ് 30-ന് അയ്യായിരവും കടന്നു. ജൂൺ 16-നാണ് മരണം പതിനായിരം കവിഞ്ഞത്. ആദ്യത്തെ ആയിരം മരണം ഒന്നരമാസത്തിനുള്ളിലും 5000 മരണം രണ്ടരമാസത്തിനുള്ളിലും റിപ്പോർട്ടുചെയ്തു. തുടർന്ന് 16 ദിവസത്തിനുള്ളിൽ മരണം 12,000-ന് അടുത്തെത്തി. നിലവിൽ ഓരോ മൂന്നുദിവസംകൂടുമ്പോഴും ആയിരത്തോളം മരണമാണ് റിപ്പോർട്ടു ചെയ്യുന്നത്. രാജ്യത്തെ മരണത്തിന്റെ 75 ശതമാനവും റിപ്പോർട്ടുചെയ്തത് മൂന്നു സംസ്ഥാനങ്ങളിൽനിന്നാണ്; മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ. ഗുജറാത്തിൽ 6.2 ശതമാനവും മഹാരാഷ്ട്രയിൽ 4.48 ശതമാനവും ഡൽഹിയിൽ 4.11 ശതമാനവുമാണ് മരണനിരക്ക്. ദേശീയനിരക്ക് 3.36 ശതമാനമാണ്. അതേസമയം, രോഗമുക്തിനിരക്ക് 52.80 ശതമാനമായി ഉയർന്നു. content highlights:Covid 19 deaths in India increases
from mathrubhumi.latestnews.rssfeed https://ift.tt/2Y9LZVK
via
IFTTT
No comments:
Post a Comment