ന്യൂഡല്‍ഹി: കൊറോണ സമൂഹവ്യാപനത്തിലേക്ക് കടന്നില്ലെന്ന ഐ.സി.എം.ആര്‍. നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ആരോഗ്യരംഗത്തെ വിദഗ്ധര്‍. രാജ്യത്ത് പലയിടത്തും സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഐ.സി.എം.ആര്‍. നടത്തിയ സിറം സര്‍വേയുടെ അടിസ്ഥാനത്തില്‍, രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞിരുന്നു. എന്നാല്‍, ഇതിനെതിരേ വൈറോളജി, പൊതുജനാരോഗ്യം, മെഡിസിന്‍ രംഗങ്ങളിലെ വിദഗ്ധര്‍ നിലപാടെടുത്തിരിക്കുകയാണ്.
സമൂഹവ്യാപനം സംഭവിച്ചുവെന്ന് എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. എം.സി. മിശ്രയും ശക്തമായി വാദിക്കുന്നുണ്ട്. പ്രശസ്ത വൈറോളജിസ്റ്റ് ഷാഹിദ് ജമീലിനും ഇതേ നിലപാടാണുള്ളത്. സിറം സര്‍വേയില്‍ 65 ജില്ലകളിലെ 26,400 പേരുടെ രക്തം പരിശോധിച്ചപ്പോള്‍ 0.73 പേര്‍ക്കുമാത്രം വൈറസ് ബാധയുള്ളതായി തെളിഞ്ഞതെന്നാണ് ഐസിഎംആര്‍ പറയുന്നത്. കേവലം 26,400 പേരെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള സര്‍വേ രാജ്യത്തെ ജനസംഖ്യയുടെയും അവയിലെ വൈവിധ്യത്തിന്റെയും അടിസ്ഥാനത്തില്‍ തീര്‍ത്തും അപര്യാപ്തമാണെന്നും മിശ്ര പറഞ്ഞു.
ആദ്യഘട്ടങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായില്ല. എന്നാല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ രോഗമില്ലാതിരുന്ന ഇടങ്ങളിലും രോഗമെത്തി. ആളുകളുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകളാണ് ഇത്തരത്തില്‍ രോഗവ്യാപനത്തിന് കാരണമായതെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. സമൂഹവ്യാപനം സംഭവിച്ചുവെന്നുള്ള വിവരം മറച്ചുവയ്ക്കുന്നത് ജനങ്ങള്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നതിന് കാരണമായേക്കാമെന്നും ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു.
from mangalam.com https://ift.tt/2MZiwHy
via IFTTT
No comments:
Post a Comment