'കുഞ്ഞാലിയെ കൊന്നത് ഞാനല്ല, അത് ചെയ്തത് ഗോപാലന്‍': ആര്യാടന്‍ വെളിപ്പെടുത്തുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 13, 2020

'കുഞ്ഞാലിയെ കൊന്നത് ഞാനല്ല, അത് ചെയ്തത് ഗോപാലന്‍': ആര്യാടന്‍ വെളിപ്പെടുത്തുന്നു

ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ആവേശംകൊള്ളിക്കുന്ന സ്മരണകൾ കേട്ടറിഞ്ഞാണ് ചെറുപ്രായത്തിൽ ഞാൻ കോൺഗ്രസ് പ്രവർത്തകനായത് അന്നത്തെ പത്താംക്ലാസ് (സിക്സ്ത് ഫോം) കഴിഞ്ഞ് നിൽക്കുമ്പോൾ 1952-ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പി. ചാത്തുക്കുട്ടിനായരായിരുന്നു കോൺഗ്രസിന്റെ സ്ഥാനാർഥി. അന്ന് ഹൗസ് കാമ്പെയിന് പാർട്ടിപ്രവർത്തകരോടൊപ്പം പോയി. 1954-ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പാലാട്ട് കുഞ്ഞിക്കോയയ്ക്കുവേണ്ടി ചെറിയ പൊതുയോഗങ്ങളിലെല്ലാം പ്രസംഗിച്ചു തുടങ്ങി. 1956-ൽ വണ്ടൂർ ഫർക്ക (ഇന്നത്തെ നിയോജകമണ്ഡലം കമ്മിറ്റി) സെക്രട്ടറിയായി. 1957-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ പൂർണസമയ കോൺഗ്രസ് പ്രവർത്തകനായി മാറിക്കഴിഞ്ഞു. പി.പി. ഉമ്മർക്കോയയായിരുന്നു അന്ന് സ്ഥാനാർഥി. അദ്ദേഹം ജയിച്ചു. കെ.പി.സി.സി. അംഗമായി 1958-ൽ എന്നെ തിരഞ്ഞെടുത്തു. അന്ന് കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്നു മലപ്പുറം. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.സി.സി. അംഗമായിരുന്നു ഞാൻ. എ.വി. കുട്ടിമാളു അമ്മയായിരുന്നു അന്ന് ഡി.സി.സി. പ്രസിഡന്റ്. കോൺഗ്രസ്പ്രവർത്തനത്തിന്റെ ഭാഗമായിത്തന്നെയാണ് ഞാൻ ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ ഇടപെടുന്നത്. ?ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണോ സഖാവ് കുഞ്ഞാലിയുമായി അടുക്കുന്നത് ആ കാലത്ത് കെ. കുമാരൻ, സി.ഇ. ഭരതൻ തുടങ്ങിയവരാണ് മലബാറിലെ തോട്ടംമേഖലയിലെ ഐ.എൻ.ടി.യു.സി.യെ നയിച്ചത്. നിലമ്പൂരിൽ പുല്ലങ്ങോട് എസ്റ്റേറ്റിലെ യൂണിയൻ പ്രവർത്തനങ്ങളിലൂടെയാണ് ഞാൻ ട്രേഡ് യൂണിയൻ രംഗത്തേക്ക് ചുവടുവെക്കുന്നത്. ഐ.എൻ.ടി.യു.സി., എ.ഐ.ടി.യു.സി. പ്രവർത്തകർ തമ്മിൽ അക്കാലത്ത് ചില തർക്കങ്ങൾ ഉണ്ടായി. കുമാരേട്ടന്റെ നേതൃത്വത്തിൽ പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ നടന്നു. ഇതിനിടെ കുമാരേട്ടൻ മരിച്ചു. ആ ഒഴിവിലാണ് ഞാൻ പുല്ലങ്ങോട്ട് എസ്റ്റേറ്റിലെ ഐ.എൻ.ടി.യു.സി. യൂണിയന്റെ ഭാരവാഹിയായത്. ആസ്പിൻവാൾ കമ്പനിയുടെ കൈവശമുള്ള ആ എസ്റ്റേറ്റിലെ ഐ.എൻ.ടി.യു.സി. യൂണിയന്റെ പ്രസിഡന്റ് ഇപ്പോഴും ഞാനാണ്. പുല്ലങ്ങോട്ട് എസ്റ്റേറ്റ് യൂണിയൻ ഭാരവാഹി ആയതിനുപിന്നാലെ ഞാൻ ഈ മേഖലയിലെ മറ്റ് തോട്ടങ്ങളുടെയും യൂണിയൻ ഭാരവാഹിയായി. ഇതേ കാലയളവിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ യൂണിയനായ എ.ഐ.ടി.യു.സി. യൂണിയന്റെ നേതാവായിരുന്നു കുഞ്ഞാലി. പലപ്പോഴും യൂണിയൻ വിഷയങ്ങളിൽ പരസ്പരം ഇടപെടേണ്ടിവന്നിട്ടുണ്ട്. അക്കാലത്ത് ഐ.എൻ.ടി.യു.സി. പ്രവർത്തകരും എ.ഐ.ടി.യു.സി. പ്രവർത്തകരും തമ്മിൽ ചെറിയതോതിൽ വഴക്കും സംഘർഷവും പതിവായിരുന്നു. തൊഴിലാളികളുടെ കൂലിത്തർക്കം പരിഹരിക്കാൻ എ.ഐ.ടി.യു.സി. നേതാക്കളായ ഇ.സി. ഭരതൻ, കല്ലാട്ട് കൃഷ്ണൻ എന്നിവരോടൊപ്പം കുഞ്ഞാലിയും ചർച്ചകൾക്ക് എത്താറുണ്ട്. ?എന്താണ് അന്ന് യഥാർഥത്തിൽ സംഭവിച്ചത് ഇതേ കാലത്ത് ഞാൻ ചുള്ളിയോട് എസ്റ്റേറ്റിലെ യൂണിയന്റെ പ്രസിഡന്റായി. എബ്രഹാമെന്ന റാന്നിക്കാരന്റേതായിരുന്നു എസ്റ്റേറ്റ്. പുല്ലങ്ങോട്ട് എസ്റ്റേറ്റിലെ യൂണിയൻ യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ എനിക്കൊരു ഇൻഫർമേഷൻ കിട്ടി. ചുള്ളിയോട് എസ്റ്റേറ്റിൽ ചിലർ ഞങ്ങളുടെ ആളുകളെ ആക്രമിച്ചുവെന്നായിരുന്നു വിവരം. കുഞ്ഞാലി വെടിയേറ്റ് മരിച്ച ദിവസം ഞാൻ ചുള്ളിയോട്ട് പോവാൻ കാരണം ഈ സന്ദേശമായിരുന്നു. ചുള്ളിയോട് എസ്റ്റേറ്റിൽ അന്ന് ഐ.എൻ.ടി.യു.സി.ക്കുമാത്രമേ യൂണിയൻ ഉണ്ടായിരുന്നുള്ളൂ. 250 റബ്ബർ മരം ടാപ്പ് ചെയ്യുന്നത് ഒരു ബ്ലോക്ക് എന്ന നിലയ്ക്കാണ് വേതനം നിശ്ചയിച്ചിരുന്നത്. എന്നാൽ, ഒരു ബ്ലോക്കിൽ 250-മരം എന്നത് 300 ആക്കിയാണ് വേതനം നിശ്ചയിക്കുകയെന്ന് മുതലാളി പറഞ്ഞു. ഇത് അംഗീകരിക്കാൻ തയ്യാറാവാതെ ഞങ്ങളുടെ യൂണിയൻ സമരം പ്രഖ്യാപിച്ചു. കോഴിക്കോട് ലേബർ കോടതിയിൽ പരാതിയും നൽകി. അന്ന് കുഞ്ഞാലിക്ക് എബ്രഹാമിന്റെ എസ്റ്റേറ്റിൽ യൂണിയൻ ഉണ്ടായിരുന്നില്ല. എസ്റ്റേറ്റിൽ യൂണിയൻ ഇല്ലാതിരുന്നിട്ടും അവരുടെ നേതൃത്വത്തിൽ ഒരുസംഘം എസ്റ്റേറ്റിലെ ഐ.എൻ.ടി.യു.സി. പ്രവർത്തകരെ തടഞ്ഞു. എസ്റ്റേറ്റിലെ ഐ.എൻ.ടി.യു.സി. യൂണിയനിലെ 19 തൊഴിലാളികളെ മുതലാളി പിരിച്ചുവിട്ടുവെന്നും പകരം പുതിയ 19 തൊഴിലാളികൾ ജോലി ചെയ്യുമെന്നും കുഞ്ഞാലി പറഞ്ഞു. കുഞ്ഞാലി അന്ന് എം.എൽ.എ. ആയിരുന്നു. ''ഞങ്ങളെ പുറത്താക്കിയെങ്കിൽ അത് മുതലാളി പറയട്ടെ, നിങ്ങൾ മുതലാളിക്കുവേണ്ടി സംസാരിക്കേണ്ട'' -എന്ന് ഐ.എൻ.ടി.യു.സി. ക്കാർ കുഞ്ഞാലിയോട് പറഞ്ഞു. അന്ന് ഇടത് ഭരണമായിരുന്നു. എസ്റ്റേറ്റിലെ തൊഴിലാളികളുടെ വാദം കേൾക്കാതെ എസ്.ഐ. ഞങ്ങളുടെ തൊഴിലാളികളെ അറസ്റ്റുചെയ്ത് നീക്കി. പകരം കുഞ്ഞാലിയുടെ 19 തൊഴിലാളികൾ ജോലിയിൽ കയറി. അങ്ങനെയാണ് എബ്രഹാമിന്റെ എസ്റ്റേറ്റിൽ കുഞ്ഞാലിയുടെ നേതൃത്വത്തിൽ യൂണിയൻ ഉണ്ടാവുന്നത്. ഇതിനിടെ കുഞ്ഞാലി നിയോഗിച്ച തൊഴിലാളികളും ആഴ്ചകൾ കഴിഞ്ഞപ്പോൾ വേതനം ഒരു ബ്ലോക്കിൽ 250 മരം എന്ന നിരക്കിൽ നിശ്ചയിക്കണമെന്നാവശ്യപ്പെട്ടു. വീണ്ടും തർക്കമായി. ഇത് അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞാലിയുടെ യൂണിയൻ തന്നെ നിലപാടെടുത്തു. ഒടുവിൽ ഈ 19 തൊഴിലാളികൾ കുഞ്ഞാലിയുടെ യൂണിയനിൽനിന്ന് രാജിവെച്ച് ഐ.എൻ.ടി.യു.സി.യിൽ ചേർന്നു. ഇത് കുഞ്ഞാലിക്കും അവരുടെ യൂണിയനും വലിയ നാണക്കേടായി. കുഞ്ഞാലി നിയോഗിച്ച തൊഴിലാളികൾ ആര്യാടന്റെ യൂണിയനിൽ ചേർന്നു എന്ന വാർത്ത നാട്ടിലാകെ പാട്ടായി. കരിങ്കാലികളായി വന്നവർ ഞങ്ങളോടൊപ്പം ചേർന്നത് വലിയ തലവേദനയായി. നേരത്തേ അവിടെ ജോലിചെയ്ത ഐ.എൻ.ടി.യു.സി. തൊഴിലാളികളുടെ കേസ് ലേബർ കോടതിയിൽ കിടക്കുകയാണ്. ഞങ്ങൾക്ക് ഇത് വലിയ ബാധ്യതയായി. എങ്കിലും ഇവരെ ഞങ്ങളുടെ യൂണിയനിൽ ചേർത്തു. ഇവർ ഐ.എൻ.ടി.യു.സി.യിൽ അംഗത്വമെടുത്തതിനുപിന്നാലെ ചെലവ് കാശ് കൊടുക്കാൻ സമയമായി. മാസത്തിൽ ഏഴാംദിവസം ശമ്പളവും ആഴ്ചയിൽ ഒരിക്കൽ ചെലവ് കാശും എന്നതായിരുന്നു അന്നത്തെ രീതി. പുല്ലങ്ങോട്ട് എസ്റ്റേറ്റിലെ യൂണിയൻ യോഗത്തിനിടെ ചുള്ളിയോട്ട് അക്രമം നടക്കുന്നതായി സന്ദേശം ലഭിച്ചതിനെത്തുടർന്ന്, അന്ന് 1969 ജൂലായ് 26-ന് വൈകുന്നേരം ഞാൻ അങ്ങോട്ടേക്കുപോവാൻ തീരുമാനിച്ചു. തൊഴിലാളികൾ ചെലവ് കാശ് വാങ്ങാൻ മുതലാളിയുടെ വീട്ടിലേക്കുപോയി. ചെലവ് കാശ് വാങ്ങാൻ പോയാൽ മർദിക്കുമെന്ന് എതിരാളികളുടെ ഭീഷണി. ചുള്ളിയോട് ഭാഗത്ത് കുഞ്ഞാലിയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ സംഘടിക്കുന്നതായും അക്രമത്തിന് സാധ്യതയുണ്ടെന്നുമുള്ള വിവരം എനിക്ക് ലഭിച്ചു. ഉടനെ വിവരം പോലീസിനെ അറിയിക്കാൻ ഞാൻ നിലമ്പൂരിലെ പോലീസ് സ്റ്റേഷനിലെത്തി. അപ്പോൾ എസ്.ഐ. അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ വീട്ടിൽച്ചെന്ന് കണ്ട് കാര്യം ധരിപ്പിച്ചു. ചെലവുകാശ് വാങ്ങാൻ തൊഴിലാളികളെ അനുവദിക്കണമെന്നും ഇവരെ ആരെങ്കിലും തടഞ്ഞാൽ സംരക്ഷണം നൽകാൻ റിസർവ് പോലീസിനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. തത്കാലം രണ്ട് പോലീസുകാരെ കൂടെ അയക്കാം. അവർ അവിടത്തെ സ്ഥിതി പഠിച്ച് ബാക്കികാര്യം വേണ്ടതുപോലെ ചെയ്യാമെന്നായി എസ്.ഐ. അദ്ദേഹം പറഞ്ഞയച്ച രണ്ട് പോലീസുകാരോടൊപ്പം ഞാൻ ചുള്ളിയോട്ടേക്ക് പുറപ്പെട്ടു. ചുള്ളിയോട് എത്തിയപ്പോൾ സ്ഥിതി പ്രതീക്ഷിച്ചതിലും ഗുരുതരമാണെന്ന് മനസ്സിലായി. ചെറിയൊരു ഹോട്ടലിന് മുകളിലാണ് ഞങ്ങളുടെ യൂണിയൻ ഓഫീസ്. എന്നോട് ഓഫീസിൽ ഇരിക്കാൻ നിർദേശിച്ച് പോലീസുകാർ സ്ഥിതി മനസ്സിലാക്കി മടങ്ങിവരാമെന്ന് പറഞ്ഞ് മുതലാളിയുടെ വീടുവരെ പോയി. ഒരു മണിക്കൂറിനുശേഷം മടങ്ങിവന്ന പോലീസുകാർ സ്ഥിതി വളരെ മോശമാണെന്ന് പറഞ്ഞു. സ്റ്റേഷനിൽപ്പോയി കൂടുതൽ ഫോഴ്സിനെ കൂട്ടി വരാമെന്നുപറഞ്ഞാണ് അവർ പോയത്. അപ്പോഴേക്കും രാത്രിയായിരുന്നു. ഇതിനിടെ ഞാനും കൂട്ടരും യൂണിയൻ ഓഫീസിലുണ്ടെന്നറിഞ്ഞ് എതിരാളികൾ പുറത്ത് സംഘടിച്ചുതുടങ്ങി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്നു ചുള്ളിയോട് പ്രദേശം. ഓഫീസിനുതാഴെ സംഘടിച്ചവർ എനിക്കുനേരേ തെറിവിളി തുടങ്ങി. ബഹളം നിയന്ത്രണംവിടുമെന്ന് അറിയാമെങ്കിലും പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാൻ കഴിയില്ലെന്ന് ഉറപ്പായതിനാൽ ഞാൻ ഓഫീസിൽത്തന്നെ ഇരുന്നു. ഞങ്ങൾ 25-ഓളം പേരുണ്ടായിരുന്നു. സമയം രാത്രി പന്ത്രണ്ടുമണി കഴിഞ്ഞിട്ടുണ്ടാവും. ഇതിനിടെ ഞങ്ങളുടെ ഓഫീസിലേക്ക് ചിലർ ഇരച്ചുകയറാൻ ശ്രമിച്ചു. താഴത്തെ ഹോട്ടലിനുള്ളിലെ കോണിപ്പടി കയറിയിട്ടുവേണം മുകളിലത്തെ ഓഫീസിലെത്താൻ. കോണിപ്പടിക്കടുത്തുവെച്ച് ഒരു വെടിയൊച്ച കേട്ടു. ഞങ്ങളിൽ ഒരാളുടെ കഥ കഴിഞ്ഞുവെന്ന് ഞാൻ ഉറപ്പിച്ചു. കാരണം ഓഫീസിലിരിക്കുന്ന ഞങ്ങളുടെ കൈവശം തോക്കോ ആയുധമോ ഇല്ല. ഇനി രക്ഷയില്ല. പോലീസ് സംഘം എത്തും മുമ്പേ അവർ ഞങ്ങളെ വകവരുത്തുമെന്ന് ഉറപ്പിച്ചു. അപ്പോഴാണ് താഴെനിന്ന് ആരോ ഇങ്ങനെ അലറിവിളിക്കുന്നത് കേട്ടത്: ''എവിടേക്കാടാ ഓടുന്നത്. എം.എൽ.എ.ക്കാണ് വെടികൊണ്ടത്''. ഞങ്ങളുടെ ഭാഗത്തുനിന്നാണ് വെടിവെച്ചതെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. റിസർവ് പോലീസിനെയും കൂട്ടി നേരത്തേപോയ പോലീസുകാർ തിരിച്ചെത്തുന്നതുവരെ തീതിന്നുകൊണ്ടാണ് അവിടെ കഴിച്ചുകൂട്ടിയത്. അപ്പോഴേക്കും ഓഫീസിനുനേരെ ആക്രമണം തുടങ്ങിയിരുന്നു. ഇനി ആര്യാടനെ കൊന്നേ ഇവിടുന്ന് മടങ്ങൂ എന്നവർ അലറിവിളിച്ചു. മണ്ണെണ്ണയൊഴിച്ച് ഓഫീസ് കത്തിക്കാൻ ശ്രമിച്ചു. കനത്തമഴ കാരണം അത് നടന്നില്ല. ഇതിനിടെ പോലീസ് സംഘം എത്തി. ?വധക്കേസിൽ ഒന്നാംപ്രതി താങ്കളാണല്ലോ. വെടിയേറ്റ കുഞ്ഞാലി എം.എൽ.എ. നൽകിയ മരണമൊഴിയിൽ താങ്കളാണ് വെടിവെച്ചതെന്ന് പറഞ്ഞിട്ടുമുണ്ട്... അന്ന് എന്നോടൊപ്പം ഓഫീസിലുണ്ടായിരുന്ന ആരുടെ കൈയിലും തോക്കോ ആയുധങ്ങളോ ഉണ്ടായിരുന്നില്ല. കമ്യൂണിസ്റ്റുകാരുമായി പൊരുതിനിന്ന ആളെന്ന നിലയിൽ ഞാനായിരുന്നു അവരുടെ നോട്ടപ്പുള്ളി. അതുകൊണ്ട് എന്നെ കേസിലെ ഒന്നാംപ്രതിയാക്കി. സംഭവസ്ഥലത്തുവെച്ചുതന്നെ ഞങ്ങൾ 25 പേരെ പോലീസ് അറസ്റ്റു ചെയ്തുകൊണ്ടുപോയി കോഴിക്കോട് ജയിലിലടച്ചു. പ്രശ്നം പറഞ്ഞുതീർക്കാൻ ഞങ്ങളുടെ ഓഫീസിൽ എത്തിയ കെട്ടിട ഉടമയും ഒരു അധ്യാപകനും അങ്ങനെ ഞങ്ങളോടൊപ്പം കേസിൽ പ്രതികളായി. ?ഒന്നാം പ്രതിയായ താങ്കളെ കോടതി എങ്ങനെയാണ് വെറുതേവിട്ടത് അക്കാലത്തെ ഏറ്റവും വിവാദമായ കൊലക്കേസായിരുന്നു ഇത്. കോടതിമുറിയിൽ വിചാരണകേൾക്കാൻ പ്രമുഖരായ പലരും എത്തിയിരുന്നു. കുഞ്ഞാലി ഹെഡ്കോൺസ്റ്റബിൾ കുഞ്ഞമ്പുനായർക്ക് നൽകിയ മൊഴിയാണ് എനിക്കെതിരായി ഹാജരാക്കിയ ശക്തമായ തെളിവ്. ഞാനാണ് വെടിവെച്ചതെന്നായിരുന്നു മൊഴി. വെടിയേറ്റ ഉടനെ മഞ്ചേരി ആശുപത്രിയിലേക്കാണ് കുഞ്ഞാലിയെ കൊണ്ടുപോയത്. അവിടെയുള്ള ഡോക്ടറോടും കുഞ്ഞാലി ഇത് ആവർത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് മാറ്റിയപ്പോൾ അവിടെവെച്ച് കുഞ്ഞാലിയുടെ മൊഴിയെടുക്കാൻ രണ്ടുതവണ കുന്ദമംഗലം മജിസ്ട്രേറ്റ് വന്നെങ്കിലും അബോധാവസ്ഥയിലായതിനാൽ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല. കേസിൽ വഴിത്തിരിവായത് മെഡിക്കൽകോളേജിലെ ഒരു പ്രമുഖഡോക്ടർ നൽകിയ ഉപദേശമാണ്. എന്റെ അഭിഭാഷകൻ പി.വി. അയ്യപ്പൻ കേസിന് ഹാജരാവാൻ വരുമ്പോൾ അന്ന് കോഴിക്കോട് അളകാപുരി ഹോട്ടലിലാണ് താമസിച്ചത്. ഒരു ദിവസം വക്കീലിനെ കാണാൻ രാവിലെ ഡോക്ടർ എത്തി. വെടിയേറ്റ കുഞ്ഞാലിക്ക് ശക്തമായ തോതിൽ മയങ്ങാനുള്ള മരുന്ന് നൽകിയിരുന്നതായി ആശുപത്രിയിലെ കേസ് ഷീറ്റിൽ പറഞ്ഞിട്ടുണ്ട്. ഇത്രയും മരുന്ന് കുത്തിവെച്ചയാൾക്ക് പോലീസിനോ, ഡോക്ടർക്കോ മൊഴിനൽകാൻ കഴിയില്ലെന്നായിരുന്നു മെഡിക്കൽകോളേജിലെ ഡോക്ടറുടെ വിദഗ്ധോപദേശം. എന്റെ വക്കീലിന്റെ ഈ വാദം കോടതി ശരിവെച്ചു. രാഷ്ട്രീയ എതിരാളിയെന്ന നിലയിൽ എന്നെ തകർക്കാനാണ് ഇതുപോലൊരു മൊഴി ഉണ്ടാക്കിയതെന്നായിരുന്നു എന്റെ വക്കീലിന്റെ വാദം. പിന്നെ അറസ്റ്റുചെയ്ത് പോലീസ് കൊണ്ടുപോവുമ്പോൾ ഞങ്ങളുടെ ദേഹത്തുനിന്നോ, ഓഫീസിൽനിന്നോ തോക്ക് കണ്ടെടുക്കാനായിട്ടില്ല. പോലീസിൽ മുൻകൂട്ടി വിവരം അറിയിച്ച് സഹായം തേടിയ ഞങ്ങൾ തോക്കുമായി സ്ഥലത്തെത്തിയെന്ന വാദം കോടതി അംഗീകരിച്ചില്ല. അങ്ങനെ 1970 ഏപ്രിൽ 16-ന് കോടതി മുഴുവൻ പ്രതികളെയും വെറുതേവിട്ടു. ?കേസിൽ വെറുതേവിട്ടെങ്കിലും സി.പി.എമ്മിന്റെ കരുത്തനായ നേതാവിനെ കൊലചെയ്ത കേസിലെ പ്രതിയെന്ന നിലയ്ക്ക് പിന്നീട് ഭീഷണി നേരിടേണ്ടിവന്നിട്ടുണ്ടോ... ഞാനല്ല കുഞ്ഞാലിയെ വെടിവെച്ചതെന്ന് അവർക്ക് (സി.പി.എമ്മിന്) നന്നായി അറിയാമായിരുന്നു. അന്നത്തെ സാഹചര്യത്തിൽ ഞാനായിരുന്നു അവരുടെ മുഖ്യ എതിരാളി. അതുകൊണ്ട് എന്നെ ഒന്നാംപ്രതിയാക്കി. ജയിൽമോചിതനായശേഷം ഭീഷണിയോ വധഭീഷണിയോ ഒന്നും ഉണ്ടായിട്ടില്ല. ?ജയിൽമോചിതനായശേഷം ഗോപാലനെ എപ്പോഴെങ്കിലും നേരിട്ട് കണ്ടിരുന്നോ ജയിൽ മോചിതനായി ഞാൻ വരുമ്പോഴേക്കും ഗോപാലൻ കോൺഗ്രസിന്റെ സജീവപ്രവർത്തകനായിക്കഴിഞ്ഞു. ഗോപാലനാണ് അന്ന് വെടിവെച്ചതെന്ന് അപ്പോഴേക്കും പരക്കെ സംസാരമായിട്ടുണ്ട്. പല പരിപാടികളിലും വെച്ച് ഗോപാലനെ കണ്ടിരുന്നു. ഇക്കാര്യങ്ങളൊന്നും വിശദമായി സംസാരിക്കാൻ സാധിച്ചില്ല. ഇതിനിടെ ഗോപാലൻ ഒരുദിവസം രാത്രി സിനിമ കണ്ട് മടങ്ങി നിലമ്പൂരിലെ കോൺഗ്രസ് ഓഫീസിൽ കിടന്നുറങ്ങി. രാത്രി വൈകി മൂത്രമൊഴിക്കാൻ റോഡിലേക്ക് ഇറങ്ങിയപ്പോൾ അക്രമികൾ കത്തികൊണ്ട് കുത്തിപരിക്കേൽപ്പിച്ചു. മഞ്ചേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോപാലനെ കാണാൻ ചെന്നപ്പോൾ സംസാരിക്കാവുന്ന നിലയിലായിരുന്നെങ്കിലും ഗോപാലന്റെ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്ന് മനസ്സിലായി. മജിസ്ട്രേറ്റിനെ വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞു. ഞാൻ ഗോപാലനെ കണ്ട് സംസാരിച്ചു. ആരാണ് ഇത് ചെയ്തതെന്ന് വല്ല സൂചനയും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, അന്നത്തെ സി.പി.എം. ജില്ലാസെക്രട്ടറി ഇ.കെ. ഇമ്പിച്ചിബാവയും ഏരിയാസെക്രട്ടറി മാധവൻനായരുമാണ് കുത്തിയതെന്ന് മൊഴിനൽകാമെന്ന് ഗോപാലൻ പറഞ്ഞു. ''ഇവരെ നീ കണ്ടോ ഗോപാലാ'' എന്ന് ഞാൻ ചോദിച്ചു. ''കുഞ്ഞാലിയെ ഞാൻ വെടിവെച്ചതിന് നിങ്ങളല്ലേ ജയിലിൽ കിടന്നത്. ഇനി കുറച്ചുകാലം അവരും ജയിലിൽ കിടക്കട്ടെ'' -എന്ന് ഗോപാലൻ പറഞ്ഞു. ''അങ്ങനെ വാശി തീർക്കരുത്, സത്യം മാത്രമേ പറയാവൂ, ഇമ്പിച്ചിബാവയ്ക്കും മാധവൻനായർക്കും ഇതിൽ പങ്കില്ലെങ്കിൽ അവരുടെ പേര് പറയരുത്. സംഭവിച്ച കാര്യം മാത്രമേ പറയാവൂ'' -എന്ന് ഞാൻ പറഞ്ഞു. ''താനല്ലെടാ കുഞ്ഞാലിയെ കൊന്നത്'' -എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അവർ കുത്തിയതെന്ന് ഗോപാലൻ ഓർത്തെടുത്തു. ഓർമയുള്ള കാര്യം മാത്രം പറഞ്ഞാൽ മതിയെന്ന് ഞാനും പറഞ്ഞു. പിന്നാലെ മജിസ്ട്രേറ്റ് എത്തി മൊഴിയെടുത്തു. ''കുഞ്ഞാലിയെ കൊന്നത് താനല്ലെടാ'' എന്ന് ആക്രോശിച്ചുള്ള ആക്രമണം മജിസ്ട്രേറ്റിനോട് പറഞ്ഞു. കുഞ്ഞാലിവധക്കേസിന്റെ അപ്പീൽ ഹൈക്കോടതിയിൽ എത്തിയപ്പോൾ ഗോപാലന്റെ ഈ മരണമൊഴി കോടതി ഗൗരവമായി പരിഗണിച്ചു. ഹൈക്കോടതിയിൽ കേസ് തള്ളുന്നതിന് പ്രധാനകാരണമായത് ഗോപാലന്റെ മരണമൊഴിയാണ്. കുത്തേറ്റ് ചികിത്സയിലായിരുന്ന ഗോപാലൻ 1971 ഫെബ്രവരി 13-ന് മരിച്ചു. ?താങ്കൾ എഴുതുന്ന ആത്മകഥയിൽ ഇക്കാര്യങ്ങളൊക്കെ പരാമർശിക്കുന്നുണ്ടോ തീർച്ചയായും ഇതൊക്കെ അതിൽ വിശദമായി പരാമർശിക്കുന്നുണ്ട്. കുഞ്ഞാലിവധം ഉൾപ്പെടുന്ന ഭാഗമാണ് ഇപ്പോൾ ഞാൻ എഴുതിക്കൊണ്ടിരിക്കുന്നത്. ഒരർഥത്തിൽ രാഷ്ട്രീയത്തിൽ എനിക്ക് എന്തും നേരിടാനുള്ള കരുത്തുപകർന്നത് ഈ കേസാണ്. ? കുഞ്ഞാലിയുടെ കുടുംബവുമായി പിന്നെ കണ്ടിട്ടുണ്ടോ... നാടകകൃത്ത് കെ.ടി. മുഹമ്മദിന്റെ സഹോദരിയാണ് കുഞ്ഞാലിയുടെ ഭാര്യ. മുഹമ്മദുമായി നല്ല ബന്ധമായിരുന്നു. പലപ്പോഴും എന്നെ കാണാൻ വരാറുണ്ട്. 1980-ൽ ഞാൻ നിലമ്പൂരിൽ മത്സരിച്ചപ്പോൾ എന്റെ പ്രചാരണത്തിന് വന്നിട്ടുണ്ട്. ഒരു രാഷ്ട്രീയക്കേസ് എന്നതിനപ്പുറം എനിക്ക് ആ കൊലപാതകവുമായി എന്തെങ്കിലും ബന്ധമുള്ളതായി അവരാരും വിശ്വസിച്ചിരുന്നില്ല. ആറുപതിറ്റാണ്ടിലേറേ ദൈർഘ്യമുള്ള പൊതുപ്രവർത്തനത്തിനിടയിൽ താങ്കൾ നേരിട്ട ഏറ്റവും വലിയ പരീക്ഷണം ഏതാണ്... തീർച്ചയായും കുഞ്ഞാലിവധക്കേസ് തന്നെയാണ് രാഷ്ട്രീയജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ പരീക്ഷണം. കുഞ്ഞാലി: തൊഴിലാളികളുടെ പ്രിയങ്കരൻ ഭൂപ്രമാണിമാർക്കും ചൂഷകർക്കുമെതിരേ ഏറനാടുമേഖലയിൽ പട്ടിണിപ്പാവങ്ങൾ നടത്തിയ പോരാട്ടങ്ങളിലെല്ലാം സഖാവ് കുഞ്ഞാലിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. അവകാശസമരങ്ങളിൽ നെഞ്ചുവിരിച്ച് മുന്നേറിയ കുഞ്ഞാലിയുടെ നേതൃത്വത്തിലാണ് ഏറനാടിന്റെ മണ്ണിലും മനസ്സിലും കമ്യൂണിസത്തിന്റെ വിത്ത് വിതച്ചത്. ഇത്തിൾവിൽപ്പനക്കാരിയായ അമ്പലൻ ആയിഷുമ്മയുടെ മകനായി ജനിച്ച കുഞ്ഞാലി ചെറുപ്പം മുതൽ പൊതുകാര്യങ്ങളിൽ ഇടപെട്ടുതുടങ്ങി. ഹൈസ്കൂൾപഠനത്തിനുശേഷം സൈന്യത്തിൽ ചേർന്നു. വ്യോമസേനയിലെ മൂന്നുവർഷത്തെ സേവനത്തിനുശേഷം കുഞ്ഞാലിയെ പുറത്താക്കി. നാട്ടിൽ തിരിച്ചെത്തിയ കുഞ്ഞാലി സൈനികജീവിതത്തിൽനിന്ന് വിരമിച്ചവരുടെ കൂട്ടായ്മയ്ക്ക് തുടക്കമിട്ട് പൊതുപ്രവർത്തനം ആരംഭിച്ചു. മഞ്ചേരിയിൽ നടന്ന വിരമിച്ച സൈനികരുടെ സമ്മേളനം വൻവിജയമായി. കൊണ്ടോട്ടി വില്ലേജ് കമ്മിറ്റി അംഗമായി കുഞ്ഞാലി കമ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായി. തോട്ടം തൊഴിലാളികൾക്കുവേണ്ടി ഭൂവുടമകൾക്കെതിരേ ഒട്ടേറെ സമരങ്ങൾക്ക് നേതൃത്വം നൽകി. പ്രക്ഷോഭങ്ങളും സമരങ്ങളും കുഞ്ഞാലിയെ ജനപ്രിയനാക്കി. ഇതിനിടെ ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി കുറച്ചുകാലം മൈസൂരുവിൽ പ്രവർത്തിച്ചു. 1964-ൽ കാളികാവ് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി കുഞ്ഞാലിയെ തിരഞ്ഞെടുത്തു. ഇതിനിടെ പല കേസുകളിലായി കുഞ്ഞാലി ജയിൽവാസമനുഷ്ഠിച്ചു. 1965-ലും '67-ലും നിലമ്പൂരിൽനിന്ന് മത്സരിച്ച് നിയമസഭാംഗമായി. ആര്യാടൻമുഹമ്മദായിരുന്നു എതിർസ്ഥാനാർഥി. 1969 ജൂലായ് 26-ന് അർധരാത്രി ചുള്ളിയോട്ടുവെച്ച് വെടിയേറ്റ ആ ധീരനേതാവ് രക്തസാക്ഷിയായി. കൊന്നത് ഗോപാലൻ ?താങ്കൾ അല്ലെങ്കിൽപ്പിന്നെ ആരാണ് കുഞ്ഞാലിയെ വെടിവെച്ചത് ചുള്ളിയോട് അന്ന് രാവിലെമുതൽ സംഘർഷം ആരംഭിച്ചിരുന്നു. ഞാൻ വൈകുന്നേരത്തോടെ ഓഫീസിലെത്തി പ്രവർത്തകരുമായി സംസാരിക്കുമ്പോൾ പുറത്ത് ഞങ്ങളുടെയും പ്രവർത്തകർ സംഘടിച്ചുതുടങ്ങി. ഇതിൽ ഒരുസംഘം ഓഫീസിനുതാഴെ ഹോട്ടലിലെ കോണിപ്പടിക്കരികിലായി നിൽപ്പുണ്ടായിരുന്നു. കുഞ്ഞാലിയുടെ നേതൃത്വത്തിൽ ഒരു സംഘം ഞങ്ങളുടെ ഓഫീസിലേക്ക് ഇരച്ചുകയറാൻ കോണിപ്പടിയിൽ എത്തിയപ്പോൾ അവിടെയുണ്ടായ സംഘത്തിലെ ഒരാളാണ് വെടിവെച്ചത്. തോക്കുമായി ഇങ്ങനെയൊരു സംഘം അവിടെയുള്ളതായി അപ്പോൾ ഞാൻ അറിയുന്നില്ല. ചുള്ളിയോട്ടെ പത്തായത്തിങ്കൽ ഗോപാലൻ എന്നയാളാണ് വെടിവെച്ചതെന്ന് ഏറെ കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത്. ?ഗോപാലന് കുഞ്ഞാലിയോട് എന്തെങ്കിലും പ്രത്യേകവിരോധം ഉണ്ടായിരുന്നോ ഗോപാലൻ അന്ന് ഞങ്ങളുടെ പ്രവർത്തകനായിരുന്നില്ല. അനുഭാവി മാത്രമായിരുന്നു. എസ്റ്റേറ്റിലെ ട്രാക്ടർ ഡ്രൈവറായ ഗോപാലനും കുഞ്ഞാലിയും തമ്മിൽ ഒരിക്കൽ റോഡിൽവെച്ച് തർക്കമുണ്ടായിരുന്നു. ട്രാക്ടർ ഓടിച്ചുപോവുമ്പോൾ കുഞ്ഞാലിയുടെ ജീപ്പിൽ തട്ടിയെന്നതിന്റെ പേരിൽ ജീപ്പിൽനിന്നിറങ്ങിയ കുഞ്ഞാലി ഗോപാലനെ അടിച്ചുവീഴ്ത്തി. ഇത് നാട്ടുകാരെല്ലാം കണ്ട സംഭവമാണ്. ഈ വിരോധം ഗോപാലന്റെ മനസ്സിലുണ്ട്. വെടിവെച്ച ഉടനെ ഗോപാലനും സംഘവും കെട്ടിടത്തിനുപിറകിലെ വയലിലൂടെ ഓടിരക്ഷപ്പെട്ടു. ഇതാണ് സത്യത്തിൽ സംഭവിച്ചത്. ജയിലിലടച്ച പ്രതികളായ ഞങ്ങൾ 25 പേരിൽ ഞാനൊഴികെ എല്ലാവർക്കും ജാമ്യം കിട്ടി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലായിരുന്നു കേസിന്റെ വിചാരണ. വിചാരണവേളയിൽ എല്ലാദിവസവും കോടതിയിൽ വാദംകേൾക്കാൻ ഗോപാലൻ മുന്നിൽവന്നിരിക്കുമായിരുന്നു. ഗോപാലനാണ് വെടിവെച്ചതെന്ന് അന്ന് എനിക്കറിയുമായിരുന്നില്ല. ഒരു കോൺഗ്രസ് അനുഭാവി എന്നനിലയിൽ വിചാരണ കേൾക്കാൻ വരുന്നു എന്നേ ഞാൻ കരുതിയുള്ളൂ. അന്നൊക്കെ ഗോപാലൻ വളരെ അനുകമ്പയോടെയാണ് എന്നെ നോക്കിയിരുന്നത്. നേതാവായ എന്നോടുള്ള സഹാനുഭൂതി കാരണമാവാം ഈ അനുകമ്പയെന്നേ അന്ന് ധരിച്ചിരുന്നുള്ളൂ. ?ജയിലിൽവെച്ച് താങ്കൾ ഡി.സി.സി. പ്രസിഡന്റായി. കുഞ്ഞാലിവധക്കേസ് വിചാരണ നടക്കുന്നവേളയിലാണ് മലപ്പുറം ജില്ല രൂപംകൊള്ളുന്നത്. അതുവരെ കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്നു മലപ്പുറം. അന്ന് കെ. ഗോപാലൻ പ്രസിഡന്റായ കോഴിക്കോട് ജില്ലാകോൺഗ്രസ് കമ്മിറ്റിയിൽ ഞാൻ ജനറൽസെക്രട്ടറിയായിരുന്നു. മലപ്പുറം ജില്ല നിലവിൽവന്നതോടെ ആദ്യത്തെ ഡി.സി.സി.പ്രസിഡന്റായി എന്നെ തിരഞ്ഞെടുത്തു. നിരപരാധിത്വം കോടതിയിൽ തെളിയിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ആ ചുമതല ഏറ്റെടുത്തത്. വിചാരണ കേൾക്കാൻ അന്നത്തെ കെ.പി.സി.സി.പ്രസിഡന്റ് കെ.കെ. വിശ്വനാഥനും കോൺഗ്രസ് നിയമസഭാകക്ഷിനേതാവ് കെ. കരുണാകരനും കോഴിക്കോട് കോടതിയിൽ എത്തി. പ്രോസിക്യൂഷനുവേണ്ടി കെ. കുഞ്ഞിരാമക്കുറുപ്പാണ് കേസ് വാദിക്കുന്നത്. എനിക്കുവേണ്ടി ക്രിമിനൽ അഭിഭാഷകൻ പി.വി. അയ്യപ്പനും മറ്റ് പ്രതികൾക്കുവേണ്ടി എം. രത്നസിങ്ങും ഹാജരായി. ഇതിനിടെ കുഞ്ഞാലിയുടെ മരണത്തെത്തുടർന്ന് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നോട് മത്സരിക്കണമെന്ന് കെ.കെ. വിശ്വനാഥനും കെ. കരുണാകരനും ജയിലിലെത്തി ആവശ്യപ്പെട്ടു. ഒപ്പിട്ടുനൽകാൻ നാമനിർദേശപത്രികയുമായാണ് അവർ വന്നത്. അതുവേണ്ട എന്ന് ഞാൻ അവരോടുപറഞ്ഞു. ഇപ്പോൾ ഞാൻ മത്സരിക്കുന്നത് കേസിന് എതിരായിത്തീരുമെന്ന് ഞാൻ പറഞ്ഞു. കുഞ്ഞാലിയെ വെടിവെച്ച് കൊന്നത് എനിക്ക് അവിടെ മത്സരിച്ച് എം. എൽ.എ. ആവാൻ വേണ്ടിയാണെന്ന് എതിർഭാഗം വാദിക്കും. അത് ഒഴിവാക്കുന്നതാണ് നല്ലതെന്ന എന്റെ അഭിപ്രായം അവർ സ്വീകരിച്ചു. അങ്ങനെയാണ് എം.പി. ഗംഗാധരനെ സ്ഥാനാർഥിയാക്കിയത്. പ്രചാരണത്തിന്റെ അവസാനഘട്ടമായപ്പോൾ എന്നെ കോടതി വെറുതേവിട്ടു. ഒമ്പതുമാസത്തെ ജയിൽവാസത്തിനുശേഷമായിരുന്നു വിട്ടയച്ചത്. അവസാന മൂന്നുദിവസത്തെ പ്രചാരണത്തിന് ഡി.സി.സി. പ്രസിഡന്റ് എന്നനിലയിൽ ഞാനും നിലമ്പൂരിൽ എത്തി. ആ തിരഞ്ഞെടുപ്പിൽ ഗംഗാധരൻ ജയിച്ചു. 25 പ്രതികൾ കെ. കുഞ്ഞാലി എം.എൽ.എ.യെ വെടിവെച്ച സംഭവത്തിൽ അന്നത്തെ മലപ്പുറം ഡി.സി.സി.പ്രസിഡന്റായിരുന്ന ആര്യാടൻമുഹമ്മദ് ആയിരുന്നു ഒന്നാംപ്രതി. കൈനാറിപ്പുറം ചന്ദ്രൻ, മാട്ടുമ്മൽ മുഹമ്മദ്, ചേലേക്കാട്ട് അബ്ദുൽസലാം, പൈക്കാടൻ അബു, പാലയ്ക്കത്തൊടി അവറാൻകുട്ടി, കൊടിയാടൻ ഗോവിന്ദൻ, കല്ലംകുന്നൻ മൊയ്തു, തെയ്യംവീട്ടിൽ വേലായുധൻ ചെട്ട്യാർ, ടി. മുഹമ്മദ്, പെരുമ്പള്ളി ഹംസ, വടക്കെത്തൊടി യൂസഫ്, വടക്കത്ത് തങ്കമണി, എൽ.കെ. അബു, എൻ.കെ. യൂസഫ്, പുലിക്കോട്ട് കുമാരൻ, നീലമ്പ്ര മുഹമ്മദ്, കളത്തിങ്കൽത്തൊടി അബ്ദു, വഴുതിനങ്ങാപറമ്പൻ ഗോപാലൻ, ചുരപ്പിലാൻമുഹമ്മദ്, പാലക്കൽ സെയ്തലവി, കെ. മുഹമ്മദ്, നെടുമ്പള്ളി അയ്യപ്പൻ, പാലേരിക്കണ്ടിയിൽ കമ്മു, പുലിക്കോട്ടിൽ കുമാരൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇതിൽ നാലാം പ്രതി ചേലേക്കാട്ട് അബ്ദുൾസലാം ജാമ്യത്തിലിറങ്ങിയശേഷം ഒളിവിൽ പോയി. മറ്റ് 24 പേരെയും കോടതി വെറുതേവിട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2XWIvWx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages