അച്ഛനെ കുറിച്ച് മകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറല്‍ ആകുന്നത്. കോവിഡ് കാലത്ത് നാടാകെ കൈക്കൊണ്ട കരുതലുകളില്‍ പലതിനെയും ജീവിതത്തില്‍ മുഴുവന്‍ പിന്തുടര്‍ന്ന അച്ഛനെ കുറിച്ചാണ് ഇന്ദു എന്ന യുവതി കുറിച്ചിരിക്കുന്നത്. ആദ്യം വൃത്തിഭ്രാന്തെന്ന് മുദ്രകുത്തി ചിരിച്ചുതള്ളി. പലതിനും ഈ കാലത്ത് എത്ര പ്രാധാന്യമുണ്ടെന്ന് കുറിപ്പിലൂടെ ഇന്ദു വ്യക്തമാക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം;
OCD നല്ലതിന് പാര്‍ട്ട് 1
എന്താണീ OCD എന്നു ചിന്തിയ്ക്കുന്നവര്‍ക്കു വേണ്ടി Obsessive Compulsive Disorder അഥവാ OCD എന്നു വെച്ചാല്‍ അമിതമായുള്ള വൃത്തിഭ്രാന്ത് എന്നു മാത്രം തല്‍ക്കാലം ലളിതമായി പറയാം(മൂപ്പര്‍ ഇതില്‍ മാത്രം ഒതുങ്ങുന്നവനല്ല).
എന്റെ വീട്ടിലും ഒരു OCDക്കാരനുണ്ട് അച്ഛന്‍!
അതിനാല്‍ത്തന്നെ ഈ കൊറോണക്കാലത്ത് നമ്മളോട് ചെയ്യാന്‍ പറയുന്ന പല കാര്യങ്ങളും അമ്മയും ഞാനും അനിയത്തിയും വര്‍ഷങ്ങളായി വീട്ടില്‍ കണ്ടുവരുന്നവ തന്നെയാണ്. അതില്‍ ചില OCD കാഴ്ചകള്‍ താഴെ.
1. പണം തൊട്ടാല്‍ ഉടന്‍ കൈകള്‍ കഴുകുക എന്നത് വീട്ടിലെ അലിഖിത നിയമമായിരുന്നു. പലരാലും കൈമാറ്റപ്പെടുന്നതിനാല്‍ ഏറ്റവും വലിയ അണുവാഹകരാണ് പണം എന്ന വിശ്വാസമാണ് കാരണം. കൈകാര്യം ചെയ്യാന്‍ അധികം ഇല്ലാതിരുന്നതിനാല്‍ ഈ നിയമം പാലിയ്ക്കല്‍ ഞങ്ങള്‍ക്ക് എളുപ്പമായിരുന്നു.
2. രണ്ടുനേരം നിര്‍ബന്ധമായും കുളിയ്ക്കുന്ന അച്ഛന്, ഞങ്ങളും അങ്ങനെയൊക്കെ ചെയ്യണമെന്നാഗ്രഹമുണ്ടായിരുന്നു. കിടക്കുന്നതിനു മുന്‍പ് കാല്‍ കഴുകിയെന്നു പറയുന്നത് ശരിയാണോ എന്നറിയാന്‍ ഞങ്ങള്‍ കിടന്നതിനു ശേഷം കാലിന്റെ അടി പരിശോധിച്ചിരുന്നു. ഇതു മണത്തറിഞ്ഞ ഞങ്ങള്‍ കാലുകള്‍ പുതപ്പിനുള്ളിലൊളിപ്പിയ്ക്കാന്‍ പിന്നീട് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
3. തണ്ണിമത്തന്‍ വാങ്ങിയാല്‍ ആദ്യം അതിന്റെ പുറംഭാഗം മുഴുവന്‍ സോപ്പിട്ടു കഴുകിയതിനു ശേഷം മാത്രമേ മുറിച്ച് ഉപയോഗിക്കൂ.
വാഴപ്പഴം കഴുകിത്തുടച്ച്, കഴിയ്ക്കുന്നതിനനുസരിച്ച് മാത്രം ഉരിയ്ക്കുക. അല്ലാതെ മുഴുവനായി തൊലിച്ച് കയ്യില്‍ പിടിച്ച് കഴിയ്ക്കരുത്.
4. ചൂടുവെള്ളം,ഉപ്പ്,മഞ്ഞള്‍പ്പൊടി,വിനാഗിരി, സോപ്പുലായനി തുടങ്ങിയ വൈവിധ്യമാര്‍ന്ന ഒരു ആയുധ ശേഖരം അച്ഛന്റെ പക്കലുണ്ട്. കൊണ്ടുവരുന്ന പഴം/പച്ചക്കറിയുടെ ശരീരപ്രകൃതിയനുസരിച്ച് ഇതില്‍ ഒന്നോ രണ്ടോ എടുത്ത് പ്രയോഗിയ്ക്കും. ശേഷം മാത്രം ഉപയോഗം.
5. കടുക്, ജീരകം, ഉലുവ തുടങ്ങിയവയുടെയും അവസ്ഥ ഇതു തന്നെ. എല്ലാവന്‍മാരെയും കഴുകി, അരിച്ച് ഉണക്കിയെടുത്ത് കുപ്പിയിലാക്കും.
6. പേരക്കുട്ടി വീട്ടിലുള്ളപ്പോള്‍ മരുന്നെന്തെങ്കിലും കൊടുക്കാനുണ്ടെങ്കില്‍ ആ പണി മുത്തശ്ശന്‍ ഏറ്റെടുക്കും. കൈകളും സ്പൂണുമൊന്നും അണുവിമുക്തമാക്കുന്ന കാര്യത്തില്‍ ഞങ്ങളെ അത്രയ്ക്കങ്ങട് വിശ്വാസം ല്ല്യ. കുട്ടിയുടെ ടെക്‌നിക്കല്‍ മദര്‍ ആയ എന്നെപ്പോലും.
7. ലെയ്‌സ്, ബിംഗോ പോലുള്ള സാധനങ്ങള്‍ കുട്ടിയ്ക്ക് കൊടുക്കരുതെന്ന് എനിയ്ക്ക് കര്‍ശന താക്കീത് തരുമെങ്കിലും പേരയ്ക്കയോടുള്ള വാത്സല്യത്തിന് വഴിപ്പെട്ട് ഇടയ്ക്ക് ഇവയേതെങ്കിലും വാങ്ങിക്കൊണ്ടുവരും.
ആദ്യമൊക്കെ ഇതുകണ്ട് തുള്ളിച്ചാടി പോയിരുന്ന അവള്‍ പതിയെ പഠിച്ചത് കാത്തിരിപ്പിന്റെ ബാലപാഠങ്ങളായിരുന്നു.
പാക്കറ്റിന്റെ പുറംഭാഗം ആദ്യം സോപ്പിട്ടു കഴുകിത്തുടയ്ക്കും. പിന്നീട് അമ്മ കഴുകി വെച്ചിരിയ്ക്കുന്ന ഒരു പാത്രമെടുത്ത് വീണ്ടും കഴുകിത്തുടയ്ക്കും. ശേഷം കവര്‍ തുറന്ന് ഉള്ളിലുള്ള സാധനം പാത്രത്തിലേയ്ക്ക് പകരും. ഇതിനിടയില്‍ അവളുടെ കൈയും കഴുകിപ്പിയ്ക്കും.
മീന്‍തലയ്ക്കു വേണ്ടി അക്ഷമയോടെ കാത്തിരിയ്ക്കുന്ന ഒരു പൂച്ചക്കുട്ടിയുടെ ഭാവമായിരിയ്ക്കും ഈ പരിപാടികളിലുടനീളം അവളുടെ മുഖത്ത്.
ലോക്ക് ഡൗണായി വീട്ടിലിരിപ്പായതിനാല്‍ അടിച്ചുവാരല്‍, കുട്ടി ഇരിക്കാനും പിടിക്കാനും സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും ഡെറ്റോളിട്ടു തുടയ്ക്കല്‍, എല്ലാ ദിവസവും അവളുടെ ബെഡ്ഷീറ്റ് മാറ്റല്‍ തുടങ്ങിയ പണികളും മുത്തശ്ശ ഏറ്റെടുത്തിട്ടുണ്ട്.
കുറച്ചു മാസങ്ങള്‍ മുന്‍പു വരെ OCD ഉള്ളവരെ അല്പം പരിഹാസത്തോടും സഹതാപത്തോടും കൂടിയാണ് സ്വന്തം വീട്ടുകാര്‍ പോലും നോക്കിക്കണ്ടിരുന്നത്. എന്നാല്‍ കാലം മാറി, കഥ മാറി. ഇതിപ്പോള്‍ അവരുടെ സമയമാണ്. അവരെപ്പോലെയാവാനാണ് എല്ലാവരും ശ്രമിയ്ക്കുന്നത്.
ഇതിനിടയില്‍ സംഭവിക്കാറുള്ള ചില ചില്ലറ അബദ്ധങ്ങള്‍ പറഞ്ഞില്ലെങ്കില്‍ ഇതെങ്ങനെ പൂര്‍ണമാവും.
വിഷുവിന് വാങ്ങിയ സാധനങ്ങള്‍ കഴുകുന്ന കൂട്ടത്തില്‍, കിട്ടിയ പപ്പട പാക്കറ്റിനെയും വെറുതെ വിട്ടില്ല. വെള്ളം കിനിഞ്ഞിറങ്ങി നനഞ്ഞു പോയ പപ്പടം വെയിലത്തിട്ട് ഉണക്കിയെടുത്താണ് കാച്ചിയത്.
എനിയ്ക്കും പറ്റി ട്ടോ ഇതു പോലൊരബദ്ധം.
ഏകാദശി നോറ്റ കാക്കയെ കോപ്പിയടിച്ച കാക്കയെ മനസ്സില്‍ ധ്യാനിച്ച് അച്ഛനെപ്പോലെ ഒരു വൃത്തിക്കാരിയാവാന്‍ തീരുമാനിച്ചുറച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും കൊണ്ടുവന്ന സാധനങ്ങള്‍ എല്ലാം കഴുകാനിട്ടു. കൂട്ടത്തിലുണ്ടായിരുന്ന പഞ്ചസാര പാക്കറ്റിനെയും നിര്‍ദാക്ഷിണ്യം കുളിപ്പിച്ചെടുത്തു. വെള്ളമിറങ്ങി കട്ട പിടിച്ചു പോയ ആ പഞ്ചസാര എന്നു തീരുമോ ആവോ!
NB: OCD എന്നത് അമിത വൃത്തിയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് അറിയാമായിരുന്നെങ്കിലും, മുകളിലെഴുതിയിട്ടുള്ള കാര്യങ്ങള്‍ക്ക് Obsessive Compulsive Personaltiy എന്നാണ് അനുയോജ്യമായ വാക്ക് എന്നത് പുതിയ അറിവാണ്.
from mangalam.com https://ift.tt/3da9bYE
via IFTTT
No comments:
Post a Comment