കായംകുളം: നേതൃത്വം കണ്ണുരുട്ടിയതോടെ ഡി.വൈ.എഫ്.ഐ. കായംകുളം ബ്ലോക്ക് കമ്മിറ്റി കൂട്ടരാജിയിൽനിന്ന് പിൻമാറി. കമ്മിറ്റിയിൽനിന്ന് ആരും രാജിവെച്ചിട്ടില്ലെന്ന പ്രസ്താവനയുമായി രംഗത്തുവരികയും ചെയ്തു. സംഘടനാപ്രവർത്തനം തടസ്സപ്പെടുത്തുന്ന കായംകുളം സി.ഐ.ക്കെതിരേ നിരവധി പരാതികൾ നൽകിയിട്ടും പരിഹാരമില്ലാത്തതിനാൽ പ്രവർത്തകരുടെ വികാരം നേതൃത്വത്തെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രസ്താവന. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദിന്റെ വീട്ടിൽ തോക്കുമായി പരിശോധനയ്ക്കെത്തുകയും ഭാര്യയെയും കുഞ്ഞിനെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സി.ഐ.ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂട്ടരാജി. സി.ഐ.ക്കെതിരേ നടപടിയെടുക്കാൻ പാർട്ടിക്ക് കഴിയാത്തത് ഖേദകരമാണെന്നും അതിനാൽ ഡി.വൈ.എഫ്.ഐ. പ്രവർത്തനങ്ങളിൽനിന്ന് പിന്മാറുകയാണെന്നുമറിയിച്ച് 19 അംഗങ്ങൾ ഒപ്പിട്ട കത്ത് മേയ് ഒന്നിനാണ് സി.പി.എം. ഏരിയ സെക്രട്ടറിക്ക് ഇവർ നൽകിയത്.കോവിഡ് പ്രതിരോധകാലത്ത് എം.എൽ.എ. ഓഫീസിനെ ഉൾപ്പെടെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നടപടി സി.പി.എം.നേതൃത്വത്തെ വിഷമവൃത്തത്തിലാക്കിയിരുന്നു. ഇതേത്തുടർന്ന് സി.പി.എം. ജില്ലാ നേതൃത്വം ഡി.വൈ.എഫ്.ഐ. ബ്ലോക്ക് ഭാരവാഹികൾക്ക് കർശന നിർദേശം നൽകി. അതോടെയാണ് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് നേതൃത്വത്തിന്റെ പിന്മാറ്റം. ഡി.വൈ.എഫ്.ഐ. നടത്തുന്ന കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ തടയുന്ന സി.ഐ. ഗോപകുമാറിന്റെ നടപടിയെപ്പറ്റിയാണ് നേതൃത്വത്തെ അറിയിച്ചതെന്നും ആരും രാജിവെച്ചിട്ടില്ലെന്നും പ്രസിഡൻറ് അനീഷും സെക്രട്ടറി ഐ.റഫീഖും പ്രസ്താവനയിൽ പറഞ്ഞു.സി.ഐ.ക്കെതിരേ ആക്ഷേപം ശക്തമെന്ന് സി.പി.എം. ഏരിയ കമ്മിറ്റികായംകുളം സി.ഐ.യുടെ പക്ഷപാതപരമായ നടപടികളിൽ ആക്ഷേപം ശക്തമാണെന്ന് സി.പി.എം. ഏരിയ കമ്മിറ്റി. ഡി.വൈ.എഫ്.ഐ. നേതാവ് സാജിദ് താമസിക്കുന്ന വാടകവീട്ടിൽ ഭാര്യയും കുഞ്ഞും മാത്രമുള്ളപ്പോൾ സി.ഐ. കടന്നുചെല്ലുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. രാഷ്ട്രീയപ്രതികാരം തീർക്കാൻ എതിരാളികൾ കൊടുത്ത കേസിൽ സാജിദിനെ നിരന്തരം പീഡിപ്പിക്കുകയാണ്. നഗരസഭാ ചെയർമാൻ ഹെൽമെറ്റില്ലാതെ യാത്രചെയ്തതിന് പിഴ ഈടാക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും സി.ഐ. നൽകിയത് ബോധപൂർവം അധിക്ഷേപിക്കാനാണ്. കായംകുളത്ത് സി.പി.എമ്മിൽ വിഭാഗീയത ഉണ്ടെന്നത് അടിസ്ഥാനരഹിതമാണ്. എം.എൽ.എ.യും പാർട്ടിയും തമ്മിലോ ഡി.വൈ.എഫ്.ഐ.യുമായോ യാതൊരു തർക്കവും ഇല്ലെന്നും സെക്രട്ടറി പി.അരവിന്ദാക്ഷൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2YurvHY
via
IFTTT
No comments:
Post a Comment