കല്‍പ്പറ്റ: കൂട്ടിമുട്ടാതെ നടക്കാന്‍ വയ്യ. കിടപ്പ് പായ വിരിച്ച് തറയില്‍. ഒരുപാടു പേര്‍ക്കു കോവിഡ് പകരും. അത്രയ്ക്കു മോശമായിരുന്നു കപ്പലിലെ സാഹചര്യങ്ങള്‍... കൊച്ചിയില്‍ കരയണഞ്ഞിട്ടോ! ബസില്‍ കൊണ്ടുപോകുന്നത് എവിടേക്കെന്നുപോലും അറിയാത്ത അനിശ്ചിതത്വം... റെഡ് സോണായ മാലദ്വീപിലെ കോവിഡ് ഭീതിയില്‍നിന്നു നാടിന്റെ സുരക്ഷിതത്വം തേടി നടത്തിയ യാത്ര ഒരു പേടിസ്വപ്‌നം പോലെ മറക്കാനാഗ്രഹിക്കുകയാണു വയനാട് സ്വദേശിനിയായ ലീഷ്മ.
മാലദ്വീപില്‍നിന്ന് ആദ്യ രക്ഷാദൗത്യം നടത്തിയത് നാവികസേനാ കപ്പലായ ജലാശ്വയായിരുന്നു. അതിനു പിന്നാലെ നാവികസേനയുടെ മഗര്‍ എന്ന കപ്പലിലാണു ലീഷ്മയ്ക്കു ഭര്‍ത്താവിനൊപ്പം യാത്രയ്ക്ക് അവസരം കിട്ടിയത്. മറ്റ് 200 പേര്‍ കൂടിയുണ്ടായിരുന്നു. കപ്പലിലെ 48 മണിക്കൂര്‍ ദുരിതയാത്ര ചൊവ്വാഴ്ച െവെകിട്ട് ആറോടെ കൊച്ചിയില്‍ അവസാനിച്ചപ്പോള്‍ ആശ്വസിച്ചു. എന്നാല്‍, ദുരിതത്തിന്റെ അടുത്ത അധ്യായം അവിടെ തുടങ്ങുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസിലെ ദുരിതയാത്ര കല്‍പ്പറ്റയിലെ ക്വാറെന്റെന്‍ കേന്ദ്രത്തില്‍ അവസാനിച്ചത് ഇന്നലെ രാവിലെ. ഇനിയെല്ലാം ലീഷ്മ നേരിട്ടു പറയും...
നിന്നുതിരിയാന്‍ ഇടമില്ലാതെ കപ്പലില്‍
പത്തിനു രാവിലെ പരിശോധനകള്‍ കഴിഞ്ഞു. െവെകിട്ട് അഞ്ചോടെ കപ്പലില്‍ കയറി. പുരുഷന്മാര്‍ക്കു മേല്‍ത്തട്ടിലെ ഡെക്കിലാണു താമസമൊരുക്കിയത്. ഗോവണിപ്പടി വലിഞ്ഞുകയറി ഡെക്കിലെത്താന്‍ കഴിയാത്തതിനാല്‍ ഗര്‍ഭിണികളെയും മറ്റു സ്ത്രീകളെയും കുട്ടികളെയും താഴത്തെ നിലയില്‍ത്തന്നെ താമസിപ്പിച്ചു. സുരക്ഷാ അകലം പാലിക്കാന്‍ കഴിയാത്തത്ര തിരക്ക്! കോവിഡ് റെഡ്‌സോണില്‍നിന്നുള്ളവരാണ് എല്ലാവരുമെന്നോര്‍ത്തപ്പോള്‍ പേടിയാണു തോന്നിയത്. എന്തുചെയ്യാന്‍!
ഒരു മുറിയോളം വലുപ്പത്തില്‍ സജ്ജീകരിച്ച സ്ഥലങ്ങളില്‍ ഡബിള്‍ഡെക്കര്‍ സംവിധാനത്തില്‍ 20 മുതല്‍ 22 വരെ ആളുകളെയാണു പാര്‍പ്പിച്ചത്. എത്ര ശ്രദ്ധിച്ചാലും കൂട്ടിമുട്ടും. പലര്‍ക്കും തറയില്‍ പായ വിരിച്ച് കിടക്കേണ്ടി വന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്കായി എണീറ്റുപോയാല്‍ കിടക്കുന്നവരെ ചവിട്ടാതെ നടക്കാന്‍ കഴിയാത്ത നിലയില്‍ ആളുകളെ കുത്തിനിറച്ചിരിക്കുന്നു. നാലഞ്ച് ടോയ്‌ലറ്റുകള്‍ ഉണ്ടെന്ന് പറഞ്ഞുകേട്ടു. രണ്ടെണ്ണം മാത്രമാണ് ഒരുവിധം ഉപയോഗിക്കാവുന്ന അവസ്ഥയിലുണ്ടായിരുന്നത്. ഒരെണ്ണം സ്ത്രീകള്‍ക്കും അടുത്തത് പുരുഷന്മാര്‍ക്കും.
ഒരു സമാധാനത്തിന് അണുനാശിനി കലക്കി ടോയ്‌ലറ്റില്‍ ഒഴിച്ചശേഷമാണ് ഉപയോഗിച്ചത്. ഇരുനൂറോളം പേര്‍ക്കായി കുളിമുറികള്‍ നാലെണ്ണമുണ്ടായിരുന്നു! ഒരു കുപ്പി സാനിെറ്റെസര്‍. ഹാന്‍ഡ്‌വാഷിന്റെ കാലിക്കുപ്പി മാത്രം. സോപ്പിനു പകരം പാത്രം കഴുകുന്ന ഡിറ്റര്‍ജന്റ്. യാത്രയിലുടനീളം ഒരു മാസ്‌ക് തന്നെ ഉപയോഗിക്കേണ്ടിവന്നു. നിരവധി പേര്‍ക്ക് ഈ കപ്പല്‍യാത്ര മൂലം രോഗം ബാധിക്കുമെന്നതില്‍ തര്‍ക്കം വേണ്ട. ഒരു കാര്യത്തില്‍ ആശ്വാസമുണ്ട്. കപ്പല്‍ ജീവനക്കാര്‍ വളരെ മാന്യമായാണു പെരുമാറിയത്. 12-നു െവെകിട്ട് നാലോടെ കപ്പല്‍ കൊച്ചിയിലെത്തി. ആറുമണിയോടെ പുറത്തിറങ്ങി.
ബസില്‍ ഒരു കാളരാത്രി
കപ്പലിറങ്ങി കൊച്ചിയില്‍നിന്നു െവെകിട്ട് ആറരയ്ക്ക് ഭക്ഷണം കഴിച്ചു. അധികം െവെകാതെ ഒരു കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറ്റി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികളായിരുന്നു ബസില്‍. ആകെ 16 പേര്‍. ഡ്രൈവറും ഒരു സഹായിയും ബസിലുണ്ടായിരുന്നു. എസ്‌കോര്‍ട്ടായി ഒരു ജീപ്പില്‍ പോലീസുകാരും. കപ്പല്‍ യാത്രയുടെ ക്ഷീണം കാരണം യാത്രക്കാരെല്ലാം പെട്ടെന്ന് ഉറക്കത്തിലായി. കോഴിക്കോട് രാമനാട്ടുകര എത്തിയപ്പോള്‍ ചിലര്‍ ഉണര്‍ന്നു. മലപ്പുറത്തേക്കുള്ളവരെ എന്തിന് കോഴിക്കോട് വഴി കൊണ്ടുപോകുന്നു എന്നു തര്‍ക്കമായി. തങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശമൊന്നും കിട്ടിയിട്ടില്ലെന്നും പോലീസുകാര്‍ പറയുന്നതു പോലെയേ ചെയ്യാന്‍ പറ്റൂ എന്നും ഡ്രൈവറുടെ മറുപടി.
അങ്ങനെ യാത്ര തുടര്‍ന്നു. കോഴിക്കോട് -കണ്ണൂര്‍ റൂട്ടില്‍ കൊയിലാണ്ടിക്കു സമീപം വെങ്ങളത്ത് ബസ് എത്തിയപ്പോള്‍ മലപ്പുറം, വയനാട് സ്വദേശികള്‍ ബഹളമുണ്ടാക്കി. മലപ്പുറം സ്വദേശികള്‍ക്ക് നിലമ്പൂരിലാണ് ക്വാറെന്റെന്‍ സൗകര്യം ഒരുക്കിയിരുന്നത്. വയനാട്ടുകാര്‍ക്ക് കല്‍പ്പറ്റയിലും. ഒച്ചപ്പാട് കാരണം ബസ് നിര്‍ത്തി. പോലീസുകാര്‍ വന്നു. അപ്പോള്‍ സമയം രാത്രി 12.30. തങ്ങള്‍ക്കും പ്രത്യേക നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും കോഴിക്കോട്ടുനിന്ന് എസ്‌കോര്‍ട്ട് ഡ്യൂട്ടി മാറിക്കിട്ടിയതാണെന്നുമായിരുന്നു പോലീസിന്റെ മറുപടി. പോലീസുകാരും യാത്രക്കാരും തമ്മിലും ഒച്ചപ്പാടുണ്ടായി. യാത്രക്കാരെ എവിടെ എത്തിക്കണമെന്നു കൃത്യമായി അറിയാത്തതിനാല്‍ ബസ് അവിടെ നിര്‍ത്തിയിട്ടു.
പിന്നെ അന്വേഷണമായി. കോഴിക്കോടുകാര്‍ക്ക് ക്വാറെന്റെന്‍ ഒരുക്കിയത് മുക്കം എന്‍.ഐ.ടിയിലാണെന്നറിഞ്ഞതോടെ ബസ് അവിടേക്ക്. യാത്രയില്‍ പലതവണ പോലീസിനും ബസിനും വഴിതെറ്റി. പുലര്‍ച്ചെ നാലുമണിയോടെ മുക്കം എന്‍.ഐ.ടിയിലെത്തി. കോഴിക്കോടുകാരായ നാലുപേര്‍ ഇറങ്ങി.മലപ്പുറം സ്വദേശികള്‍ക്ക് ക്വാറെന്റെന്‍ സൗകര്യം രാമനാട്ടുകരയിലാണെന്ന് അറിഞ്ഞതിനാല്‍ ബസ് വന്ന വഴി തിരിച്ചുവിട്ടു. അവിടെ എത്തിയപ്പോള്‍, തേഞ്ഞിപ്പലത്ത് ഒരു ഉള്‍പ്രദേശത്താണ് താമസസൗകര്യം എന്നറിഞ്ഞ് അവിടേക്കു പോയി.
അവിടെ താമസിക്കാന്‍ പറ്റില്ലെന്നു മലപ്പുറം സ്വദേശികള്‍ പറഞ്ഞതോടെ വീണ്ടും ഒച്ചപ്പാടായി. ഒടുവില്‍ മലപ്പുറത്തു കോവിഡ് പ്രതിരോധച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വിളിച്ചു. ഒരു ദിവസം തേഞ്ഞിപ്പലത്തു കഴിയാനഭ്യര്‍ഥിച്ചു. രാവിലെതന്നെ നിലമ്പൂരിലേക്കു കൊണ്ടുപോകാമെന്നും പറഞ്ഞ് അവരെ അനുനയിപ്പിച്ചു. അപ്പോള്‍ സമയം പുലര്‍ച്ചെ അഞ്ച്.കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് സ്വദേശികളുമായി ബസ് വയനാട്ടിലേക്ക് പുറപ്പെട്ടു. ആറുമണിയോടെ കൊടുവള്ളിക്കടുത്ത് പടനിലത്തെത്തി. മറ്റൊരു ബസ് കൂടി വരുന്നുണ്ടെന്നും അഞ്ചു മിനിറ്റിനുള്ളില്‍ ഒരുമിച്ച് പോകാമെന്നും പോലീസുകാര്‍ പറഞ്ഞു.
അതുവരെയും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യം കിട്ടിയില്ല. പടനിലത്തു വച്ച് യാത്രക്കാര്‍ ബഹളമുണ്ടാക്കിയപ്പോള്‍ പോലീസ് കുപ്പിവെള്ളം നല്‍കി. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് അടുത്ത ബസ് വന്നത്. രാവിലെ എട്ടരയോടെ ബസ് കല്‍പ്പറ്റയിലെ ക്വാറെന്റെന്‍ സ്ഥലത്തെത്തി. ഒരു ഹോട്ടലില്‍ വിശ്രമിച്ച ശേഷം അഞ്ച് കണ്ണൂര്‍ സ്വദേശികളും രണ്ട് കാസര്‍ഗോഡ് സ്വദേശികളും ബസില്‍ മാനന്തവാടി വഴി സ്വദേശത്തേക്കു തിരിച്ചു.
from mangalam.com https://ift.tt/2WsCOyX
via IFTTT
No comments:
Post a Comment