തൃപ്പൂണിത്തുറ : കൊറോണ കെയർ സെൻററിൽ ഒരാഴ്ചയായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അതിഥിത്തൊഴിലാളി യുവാവ് മുറിയിൽ നിന്നും ചാടി കെട്ടിടത്തിന്റെ മൂന്നാം നിലയുടെ പുറത്ത് നിന്നത് ജീവനക്കാരെയടക്കം അങ്കലാപ്പിലാക്കി. തൃപ്പൂണിത്തുറ പുതിയകാവിലെ ഗവ. ആയുർവേദ കോളേജാശുപത്രിയിൽ വെള്ളിയാഴ്ചയാണ് സംഭവം. അസം സ്വദേശിയാണ് യുവാവ്. തിരുവനന്തപുരത്ത് നിന്നും റെയിൽപ്പാത വഴി നടന്നുവരവേ നെടുമ്പാശ്ശേരിയിൽ പോലീസ് പിടികൂടി പരിശോധനകൾ നടത്തി കഴിഞ്ഞ 22-ന് ഇവിടത്തെ കൊറോണ കെയർ സെൻററിൽ എത്തിച്ച യുവാവാണ് ഇങ്ങനെ ചെയ്തതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മുറിയുടെ ജനൽ വഴി എങ്ങിനെയോ പുറത്തു കടന്ന യുവാവ് ആശുപത്രിയുടെ മൂന്നാം നിലയുടെ സൺസൈഡിൽ എത്തി. ഇതുകണ്ട് അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തൃപ്പൂണിത്തുറയിൽ നിന്ന് പോലീസും തുടർന്ന് സ്റ്റേഷൻ ഓഫീസർ കെ. ഷാജിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റും വലയും മറ്റ് സജ്ജീകരണങ്ങളുമായി സ്ഥലത്തെത്തി. യുവാവിനോട് ഇറങ്ങി വരാൻ പറഞ്ഞെങ്കിലും ആദ്യം കൂട്ടാക്കിയില്ല. യുവാവിന്റെ ഭാഷയറിയാവുന്ന ഒരു ഗാർഡ് ആവശ്യം എന്താണെന്ന് ചോദിച്ചപ്പോൾ വീട്ടിൽ പോകണമെന്നായിരുന്നു പറഞ്ഞത്. ആലുവയിൽ നിന്നും ഇപ്പോൾ തീവണ്ടിയുണ്ടെന്നും താഴെയിറങ്ങി വന്നാൽ നാട്ടിലേക്ക് ആ തീവണ്ടിയിൽ അയയ്ക്കാം എന്നും മയത്തിൽ പറഞ്ഞതോടെ യുവാവ് താഴെയിറങ്ങാൻ തയ്യാറായി. താഴെയെത്തിയ യുവാവിനോട് ബാഗും മറ്റുമുണ്ടെങ്കിൽ എടുത്തോളാനും പറഞ്ഞു. തുടർന്ന് യുവാവിനെ പോലീസ് കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊറോണ കെയർ സെൻററിലേക്ക് കൊണ്ടുപോയി. അതോടെയാണ് ഏറെ നേരം ആശങ്കയോടെ നിന്നിരുന്ന ആശുപത്രി ജീവനക്കാർക്കും പോലീസിനും അഗ്നിരക്ഷാസേനയ്ക്കും ആശ്വാസമായത്. Content Highlight: young man attempts to escape Corona care center
from mathrubhumi.latestnews.rssfeed https://ift.tt/3fd9qUH
via
IFTTT
No comments:
Post a Comment