ഈ സ്നേഹത്തിനു മതമില്ല, മനസ്സുനിറഞ്ഞു നൽകുന്ന ഭൂമിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 7, 2020

ഈ സ്നേഹത്തിനു മതമില്ല, മനസ്സുനിറഞ്ഞു നൽകുന്ന ഭൂമിക്കും

തൊടുപുഴ: അപ്പമുണ്ടാക്കിയും ആടുവളർത്തിയും സ്വരുക്കൂട്ടിയുണ്ടാക്കിയ പണംകൊണ്ട് വാങ്ങിയ അഞ്ചുസെന്റ് ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകുകയാണ് സെബാസ്റ്റ്യനും സൽമയും. ഒരു തുണ്ടുഭൂമിയും തലയ്ക്കുമുകളിൽ ഒരു മേൽക്കൂരയുമില്ലാത്തതിന്റെ വേദന മറ്റാരെക്കാളും നന്നായി അറിയാം ഇവർക്ക്. ‘വിധവയുടെ വെള്ളിക്കാശ്’ പോലെയുള്ള ഈ ഭൂമിദാനത്തിനുപിന്നിൽ വലിയൊരു കഥയുണ്ട്. സ്നേഹിച്ചതിന്റെ പേരിൽ ടി.സി. സെബാസ്റ്റ്യൻ എന്ന ക്രിസ്തീയയുവാവും സൽമയെന്ന മുസ്‌ലിം പെൺകുട്ടിയും ആട്ടിപ്പായിക്കപ്പെട്ട കഥ. മതംമാറാൻ തയ്യാറായാൽ വിവാഹം അംഗീകരിക്കാമെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും ഇരുവരും തയ്യാറായില്ല. ബസ് കണ്ടക്ടറായിരുന്ന സെബാസ്റ്റ്യൻ സഹപ്രവർത്തകരുടെയും തൊഴിലാളിയൂണിയൻ നേതാക്കളുടെയും സാന്നിധ്യത്തിലാണ് 1989-ൽ സൽമയെ വിവാഹംകഴിച്ചത്. പണിയെടുത്തും കഷ്ടപ്പെട്ടും ജീവിച്ചു. ഏകമകനെ മതമില്ലാതെ വളർത്തി. സെബാസ്റ്റ്യന്റെ ചെറിയവരുമാനത്തിൽ ഒരു വാടകവീട്ടിൽ ആ കുടുംബം ഞെരുങ്ങിജീവിച്ചു. സൽമ ആടുവളർത്തിയും അപ്പമുണ്ടാക്കി വിറ്റും സെബാസ്റ്റ്യന് കൈത്താങ്ങായി. കിട്ടാവുന്നയിടത്തുനിന്നൊക്കെ വായ്പയെടുത്ത് തൊടുപുഴ അച്ചൻകവലയിൽ അഞ്ചുസെന്റ് സ്ഥലംവാങ്ങി ഒരുകൊച്ചുവീട് പണിതു. എന്നാൽ, മകൻ ബിറ്റാസിന് ഹൃദയസംബന്ധമായ രോഗമുണ്ടെന്നു കണ്ടെത്തിയതോടെ ചികിത്സയ്ക്കു നെട്ടോട്ടമായി. വേദനയോടെ വീടുംസ്ഥലവും വിറ്റു. കടംവീട്ടി ബാക്കിയുണ്ടായിരുന്ന പണംകൊണ്ട് ഏനാനല്ലൂരിൽ അഞ്ചുസെന്റ് വാങ്ങി. പിന്നീട് ബസിലെ ജോലിക്കും വരുമാനമാർഗത്തിനുമായി തൊടുപുഴ മണക്കാടുള്ള വാടകവീട്ടിലേക്കു മാറി.ഇതിനിടെ സെബാസ്റ്റ്യൻ ഓട്ടോറിക്ഷാതൊഴിലാളിയായി. ബിറ്റാസിന്റെ രോഗംമാറി. അവൻ നന്നായിപഠിച്ചു. ഖത്തറിൽ നല്ലൊരു ജോലിയുംകിട്ടി. അപ്പനും ഉമ്മയ്ക്കും പൂർത്തീകരിക്കാനാവാത്ത വീടെന്നസ്വപ്നം അവൻ ഏറ്റെടുത്തു. തൊടുപുഴ നെടിയശാലയിൽ 12 സെന്റ് സ്ഥലത്ത് അവന്റ വീടുപണി പൂർത്തിയാകാറായി. വാടകവീട്ടിൽനിന്ന് മകന്റെ കൈപിടിച്ച് സ്വന്തംവീട്ടിലേക്കുപോകുമ്പോൾ കോവിഡിനെതിരേ പോരാടുന്ന കേരളത്തിന് എന്തെങ്കിലുമൊരു സമ്മാനം നൽകണമെന്ന് സൽമയ്ക്കുതോന്നി. അങ്ങനെയാണ് ഏനാനെല്ലൂരിൽ വാങ്ങിയ ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൊടുക്കാൻ ആ കുടുംബം തീരുമാനിച്ചത്. വ്യാഴാഴ്ച തൊടുപുഴ കൃഷ്ണപിള്ള സ്മാരകത്തിൽ നടന്ന ചടങ്ങിൽ മന്ത്രി എം.എം. മണിക്ക് സെബാസ്റ്റ്യനും സൽമയും സ്ഥലംകൈമാറാനുള്ള സമ്മതപത്രം കൈമാറി. അഡ്വ. രാജഗോപാൽ വാകത്താനമെഴുതിയ ‘ചാവേർ നിലങ്ങൾ’ എന്ന നോവലിലെ കഥാപാത്രങ്ങളാണ് സൽമയും സെബാസ്റ്റ്യനും. സിനിമയെ വെല്ലുന്ന ജീവിതമാണ് ഇരുവരുടെയുമെന്ന് നോവലിസ്റ്റ് പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3fyGoPI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages