തിരുവനന്തപുരം: വെന്റിലേറ്റർ, ബാഗേജ് ഡിസ്ഇൻഫെക്‌ഷൻ സ്‌കാനർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വിപുലമായ തോതിൽ നിർമിക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നു. ആരോഗ്യമേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങളെല്ലാം പൊതുമേഖലയിൽ നിർമിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിച്ചു. കോവിഡ് പ്രതിരോധത്തിനായി ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളുടെ അഭാവം പരിഹരിക്കുകയും ഒപ്പം ഈ മേഖലയിൽ ഭാവിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്താനുമാണ് വ്യവസായ വകുപ്പിന്റെ ശ്രമം.ആരോഗ്യമേഖലയ്ക്ക് ഉപകരണങ്ങൾ നിർമിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധരുമായി മന്ത്രി ഇ.പി. ജയരാജൻ ചർച്ച നടത്തി. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിക്കാൻ തയ്യാറാണെന്ന് എൻ.ഒ.പി.എൽ., വി.എസ്.എസ്.സി., എച്ച്.എൽ.എൽ. എന്നിവർ അറിയിച്ചു. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് മരുന്ന് നിർമാണം കൂടുതൽ വിപുലമാക്കാൻ ധാരണയായി. ജനറിക് മരുന്നുകളുടെ വലിയ സാധ്യത ഉപയോഗപ്പെടുത്താൻ സ്ഥാപനം സജ്ജമാകണമെന്ന് നിർദേശവും വിദഗ്ധരുയർത്തി. ഡി.ആർ.ഡി.ഒ.ക്കു കീഴിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി (എൻ.പി.ഒ.എൽ.), രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, കൗൺസിൽ ഓഫ് സയിന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, വിക്രം സാരാഭായ് സ്‌പേസ് സെന്റർ, എച്ച്.എൽ.എൽ., ലൈഫ് കെയർ എന്നീ സ്ഥാപനങ്ങളിലെ ഉന്നതരാണ് മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, കെൽട്രോൺ, കേരള ഇലക്‌ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് ലിമിറ്റഡ്, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് എന്നീ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ എം.ഡി.മാരും പങ്കെടുത്തു. എൻ.പി.ഒ.എൽ., വി.എസ്.എസ്.സി. എന്നിവർ മെഡിക്കൽ മേഖലയ്ക്കായി അവർ നിർമിക്കുന്നതും പരീക്ഷണ ഘട്ടത്തിലുള്ളതുമായ വിവിധ ഉപകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3fu9OhJ
via
IFTTT
No comments:
Post a Comment