തിരുവനന്തപുരം: ബഹിരാകാശദൗത്യവാഹനങ്ങളുടെ പരീക്ഷണത്തിലെ മുഖ്യഘടകമായ വിൻഡ് ടണലിന്റെ മറ്റൊരു പതിപ്പുകൂടി ഐ.എസ്.ആർ.ഒ. സജ്ജമാക്കുന്നു. സബ്സോണിക്, ട്രാൻസ് സോണിക്, സൂപ്പർസോണിക് വേഗത്തിലുള്ള വിക്ഷേപണവാഹന പരീക്ഷണത്തിന് ഉപയോഗിക്കാനാകുന്ന ട്രൈസോണിക് വിൻഡ് ടണലാണ് തിരുവനന്തപുരം വി.എസ്.എസ്.സിയിൽ സജ്ജമാക്കാകുന്നത്. ശബ്ദത്തെക്കാൾ ആറിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന വിക്ഷേപണ വാഹനങ്ങളുടെ രൂപകല്പനയ്ക്ക് അനുയോജ്യമായ ഹൈപ്പർ സോണിക് വിൻഡ് ടണലിന് അനുബന്ധമായാണ് പുതുതായി ട്രൈസോണിക് വിൻഡ് ടണലും സജ്ജീകരിക്കുന്നത്. ഇതിനാവശ്യമായ ആറു പ്രഷർ വെസലുകളിൽ രണ്ടെണ്ണം നാസിക്കിൽനിന്ന് കൊല്ലം തുറമുഖത്തെത്തിച്ചു. ദിവസങ്ങൾക്കകം അവ തുമ്പ വി.എസ്.എസ്.സി.യിൽ എത്തിക്കും. വിക്ഷേപണവാഹനങ്ങളുടെയോ ബഹിരാകാശപേടകങ്ങളുടെയോ സ്കെയിൽ ചെയ്ത മാതൃകകളിലൂടെ അവയുടെ ഏറോഡൈനാമിക് ഘടന പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരീക്ഷിക്കുന്നത് വിൻഡ്ടണൽ ഉപയോഗിച്ചാണ്. ബഹിരാകാശ വാഹനങ്ങൾ ഭ്രമണപഥത്തിലേക്ക് ഉയരുമ്പോഴും തിരികെ ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോഴുമുള്ള സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ച് പഠനം നടത്തുന്നതും ഇതുവഴിയാണ്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം, പുനരുപയോഗ വിക്ഷേപണ വാഹനം, എയർ ബ്രീത്തിങ് പ്രൊപൽഷൻ തുടങ്ങിയ വൻകിട ദൗത്യങ്ങളാണ് ഐ.എസ്.ആർ.ഒ. ലക്ഷ്യമിടുന്നത്. ഇവയ്ക്കാവശ്യമായ ദൗത്യവാഹനങ്ങളുടെ രൂപകല്പനയ്ക്കും വികസനത്തിനും എയ്റോഡൈനാമിക്സിന് വലിയ പങ്കുണ്ട്. വിക്ഷേപണ വാഹനങ്ങളുടെ രൂപകല്പനയിൽ ഏയ്റോഡൈനാമിക്സ് സ്വാഭാവം നൽകുന്നതിലും ഒട്ടേറെ വിൻഡ് ടണൽ പരീക്ഷണങ്ങൾ ആവശ്യമായും വരും. നിലവിൽ സബ്സോണിക്, ട്രാൻസോണിക്, സൂപ്പർസോണിക് വിൻഡ് ടണൽ പരീക്ഷണങ്ങൾക്ക് ബെംഗളൂരുവിലെ നാഷണൽ ഏറോസ്പേസ് ലബോറട്ടറിയെയാണ് ഐ.എസ്.ആർ.ഒ. ആശ്രയിക്കുന്നത്. ട്രൈസോണിക് വിൻഡ് ടണൽ വി.എസ്.എസ്.സി.യിൽ സജ്ജമാകുന്നതോടെ ഐ.എസ്.ആർ.ഒ.യ്ക്ക് ഇത് നേരിട്ട് ചെയ്യാനാകും. കൂടാതെ ഹൈപ്പർസോണിക് വിൻഡ് ടണൽ വി.എസ്.എസ്.സിയിൽ ഇപ്പോൾത്തന്നെയുണ്ട്. ശബ്ദത്തെക്കാൾ നാലിരട്ടിവരെ വേഗത്തിലുള്ളവ പരീക്ഷിക്കാവുന്നതാണ് ട്രൈസോണിക് ടണൽ. ടാറ്റ പ്രോജക്ട്സ് ആണ് പദ്ധതി തയ്യാറാക്കുന്നത്. നാസിക്കിലെ ആർക്സൺ എൻജിനിയറിങ്ങിൽ തയ്യാറാക്കിയ പ്രഷർ വെസലുകളാണ് ഇപ്പോൾ കൊല്ലത്ത് എത്തിച്ചിട്ടുള്ളത്. Content Highlights:Trisonic wind tunnel for ISROs future projects
from mathrubhumi.latestnews.rssfeed https://ift.tt/2xNyjpc
via
IFTTT
No comments:
Post a Comment