കൊച്ചി : ചരിത്രത്തിലാദ്യമായി ജനപങ്കാളിത്തമില്ലാതെ ക്രൈസ്തവർ ഓശാന ആചരിച്ചു. ചടങ്ങുകളിൽ വൈദികരടക്കം അഞ്ചുപേരേ പാടുള്ളൂവെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഇത് കർശനമായി പാലിച്ചാണ് ഓശാന ആചരണം നടന്നത്. പതിവ് തിരുകർമങ്ങളും കുരുത്തോല വെഞ്ചരിപ്പ് കർമങ്ങളും പള്ളിയിൽ നടന്നു. കുരുത്തോലപ്രദക്ഷിണം ഒഴിവാക്കി. പള്ളികളിലെ ശുശ്രൂഷകൾ ടെലിവിഷനിലും സാമൂഹിക മാധ്യമങ്ങളിലും തത്സമയം സംപ്രേഷണം ചെയ്തിരുന്നു. മധ്യകേരളത്തിലെ ചില പള്ളികളിൽ ആശീർവദിച്ച കുരത്തോലകൾ വിശ്വാസികൾക്ക് വീടുകളിലെത്തിച്ചുനൽകി. മറ്റൊരുദിവസം കുരുത്തോല വെഞ്ചരിച്ചു നൽകാനാണ് പൊതു തീരുമാനം. എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കാർമികത്വത്തിലായിരുന്നു ശുശ്രൂഷകൾ. എറണാകുളം സെയ്ന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. കോതമംഗലം സെയ്ന്റ് ജോർജ് കത്തീഡ്രലിൽ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും ഫോർട്ട്കൊച്ചി ബിഷപ്സ് ഹൗസ് ചാപ്പലിൽ കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിലും മുഖ്യകാർമികത്വം വഹിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/39ER3UI
via
IFTTT
No comments:
Post a Comment