കറ്റാനം : യൂത്ത് കോൺഗ്രസ് കറ്റാനം മണ്ഡലം സെക്രട്ടറി സുഹൈലിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ. കറ്റാനം കുഴിക്കാല തറയിൽ സതീഷ് (43), ഇലിപ്പക്കുളം അരീപ്പുറത്ത് എ.എം.ഹാഷിം (44) എന്നിവരാണ് വള്ളികുന്നം പോലീസിന്റെ പിടിയിലായത്. ഹാഷിം സി.പി.എം. മാവേലിക്കര ഏരിയ കമ്മിറ്റിയംഗവും ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന എ.എം.ഹാഷിറിന്റെ സഹോദരനാണ്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള തടിമില്ലിലെ ജോലിക്കാരനാണ് സതീഷ്. അടൂർ പന്നിവിഴയിലെ ബന്ധുവീട്ടിൽനിന്ന് വ്യാഴാഴ്ച പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. വെട്ടിയത് താനാണെന്ന് സതീഷ് മൊഴി നൽകിയതായി പോലീസ് പറഞ്ഞു. വെട്ടാനുപയോഗിച്ച ആയുധവും സംഭവസ്ഥലത്തിന് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു. ഇയാളെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പും നടത്തി. ഹാഷിമിന്റെ പേരിൽ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇയാളാണ് കേസിൽ ഗൂഢാലോചന നടത്തിയവരിൽ പ്രധാനിയെന്ന് കേസന്വേഷണ ചുമതലയുള്ള വള്ളികുന്നം സി.ഐ. കെ.എസ്.ഗോപകുമാർ പറഞ്ഞു. ഫോൺ രേഖകൾ ഉൾപ്പെടെ ശാസ്ത്രീയമായി തെളിവുകളെല്ലാ ശേഖരിച്ചു കഴിഞ്ഞു. ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്കെടുത്ത മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയെല്ലാം ഉടൻ അറസ്റ്റുചെയ്യുമെന്ന് സി.ഐ. പറഞ്ഞു. പിടിയിലായ പ്രതികളെ ഡിവൈ.എസ്.പി. അനീഷ് വി.കോരയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജില്ലാ പോലീസ് പോലീസ് മേധാവി ജെയിംസ് ജോസഫ് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ വള്ളികുന്നം സ്റ്റേഷനിലെത്തി കേസന്വേഷണ പുരോഗതി വിലയിരുത്തി. ചൊവ്വാഴ്ച രാത്രി 9.45 ഓടെ മങ്ങാരം ജങ്ഷന് വടക്കുഭാഗത്ത് വെച്ചാണ് സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം വടിവാൾകൊണ്ട് സുഹൈലിനെ വെട്ടി പരിക്കേല്പിച്ചത്. കഴുത്തിന് ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്. കോവിഡ് ദുരിതബാധിതർക്കുള്ള ഭക്ഷണവിതരണം നടത്തുന്നത് സംബന്ധിച്ച് ഡി.വൈ.എഫ്.ഐ.-യൂത്ത്കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള ഫെയ്സ് ബുക്കിലെ പോർവിളിയാണ് വധശ്രമത്തിൽ കലാശിച്ചത്. യൂത്ത് കോൺഗ്രസ് കറ്റാനം മണ്ഡലം പ്രസിഡന്റ് ഇക്ബാലിന്റെ സ്കൂട്ടറിന്റെ പിന്നിലിരുന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സുഹൈലിന് വെട്ടേറ്റത്. എതിരേ സ്കൂട്ടറിൽ വന്ന സംഘം ഇക്ബാലിനെയാണ് വെട്ടിയത്. ഇയാൾ ഒഴിഞ്ഞുമാറിയപ്പോൾ സുഹൈലിന് വെട്ടേല്ക്കുകയായിരുന്നുവെന്ന് പറയുന്നു. കർഷക തോഴിലാളി ക്ഷേമനിധി ബോർഡിൽ അടയ്ക്കാൻ അംഗങ്ങൾ നൽകിയ പണം സി.പി.എം. ഗ്രാമപ്പഞ്ചായത്തംഗം ബോർഡിൽ അടയ്ക്കാത്തതും ഭരണിക്കാവിലെ സമൂഹ അടക്കളയിൽനിന്നുള്ള ഭക്ഷണവിതരണത്തിലെ ആരോപണങ്ങളും സംബന്ധിച്ച് ഫെയ്സ് ബുക്കിലെ ചർച്ചയാണ് വധശ്രമത്തിന് കാരണമെന്ന് പറയുന്നു. സി.പി.എമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി കായംകുളം : കറ്റാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുഹൈൽ ഹസനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ സി.പി.എമ്മിന് യാതൊരു പങ്കുമില്ലെന്ന് ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. കറ്റാനത്തുണ്ടായ സംഭവം വ്യക്തിവിരോധമാണ്. സമൂഹമാധ്യമത്തിലൂടെ നടന്ന ആരോപണ പ്രത്യാരോപണങ്ങളാണ് കാരണം. കാരണം എന്തുതന്നെയായാലും സംഭവം ദൗർഭാഗ്യകരമാണ്. പ്രതികളാരാണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യണം.വ്യക്തിവിരോധത്തിന്റെ പേരിലായാലും സംഭവത്തിൽ ഏതെങ്കിലും സി.പി.എം. പ്രവർത്തകൻ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് മടികാണിക്കേണ്ടതില്ല- ആർ.നാസർ പറഞ്ഞു. Content Highlight: Attack on Youth Congress leader: 2 CPM workers arrested
from mathrubhumi.latestnews.rssfeed https://ift.tt/3aznBA3
via
IFTTT
No comments:
Post a Comment