തിരുവനന്തപുരം: തന്റെ മകളുടെ പേരിലുള്ള ആരോപണം ശുദ്ധ അസംബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മകളുടെ പേരിലുള്ള ഐ.ടി. കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് എ.കെ.ജി. സെന്ററിന്റെ വിലാസത്തിലാണെന്ന ആരോപണത്തെപ്പറ്റി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അസംബന്ധ കാര്യങ്ങൾ പറഞ്ഞാൽ എന്തിനു മറുപടിപറയണമെന്ന് മുഖ്യമന്ത്രി ചോദിച്ചു. അവരവരുടെ ശീലംവെച്ച് മറ്റുള്ളവരെ അളക്കാൻ പുറപ്പെടരുത്. തെളിവുകൾ കൊണ്ടുവരാൻ മടിക്കുന്നതെന്തിനാണ്. ഒരുപാടു മാർഗമുണ്ടല്ലോ. എ.കെ.ജി. സെന്റർ വെച്ചിട്ടാണോ ആരെങ്കിലും കമ്പനി രജിസ്റ്റർ ചെയ്യുന്നത്?- മുഖ്യമന്ത്രി ചോദിച്ചു. നിങ്ങൾ സംസ്ഥാനത്തെ പ്രധാന മാധ്യമ പ്രവർത്തകരാണ്. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളായ നിങ്ങളുടെ അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടോ? കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയാണു നടന്നിട്ടുള്ളത്. ഇതിലും വലിയ വേട്ടനടന്ന കാലത്ത് എന്താണുണ്ടായത്. ചില ശക്തികൾ ഗൂഢാലോചന നടത്തി പുറപ്പെടുമ്പോൾത്തന്നെ അതേപ്പറ്റി അറിയാറുണ്ട്. പിന്നിലുള്ളവരെയും അറിയാം. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അസഹിഷ്ണുത കാട്ടിയിട്ടില്ല. മൈക്കുമായി സമീപിക്കുമ്പോൾ മറുപടി പറയണമോയെന്നത് താൻകൂടി തീരുമാനിക്കേണ്ടതാണ്. അല്ലാതെപ്പോഴെങ്കിലും ചോദ്യങ്ങളിൽനിന്നു മാറിപ്പോയിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.സ്‌പ്രിംക്ലറുമായി ബന്ധപ്പെട്ട് കോടതി വിവരങ്ങൾ തേടുന്നതിൽ അസ്വാഭാവികതയില്ല. അതേപ്പറ്റി ആശങ്കയില്ല. മടിയിൽ കനമുള്ളവനേ പേടിക്കേണ്ടതുള്ളൂ. തന്റെ ജീവിതത്തിലുടനീളം അതാണു ശീലിച്ചത്. ഗൗരവമുള്ള പ്രശ്നമെന്നു തോന്നിയതിനാലാണ് സ്‍പ്രിംക്ലർ വിഷയത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ചത്. സമിതിയിലുള്ള രണ്ടുപേരും പ്രഗല്ഭരും കഴിവ് തെളിയിച്ചവരുമാണ്. അവർ കൃത്യമായി പഠനംനടത്തി റിപ്പോർട്ട് നൽകും. പക്ഷേ, അവരെ ആക്ഷേപിക്കുന്നതും രാഷ്ട്രീയമായി ആക്രമിക്കുന്നതും എന്തിനാണ്? രാഷ്ട്രീയക്കാർ തമ്മിലാകാം. പ്രശ്നമില്ല. പക്ഷേ, ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതു ശരിയല്ല. എങ്ങനെയെങ്കിലും വിവാദങ്ങളുണ്ടാക്കാൻ ഒരുകൂട്ടർ ശ്രമിക്കുന്നു, അതല്ലേ വസ്തുതയെന്നും മുഖ്യമന്ത്രി ചോദിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3eMbaE3
via
IFTTT
No comments:
Post a Comment