വാഷിങ്ടൺ: അമേരിക്കയിൽ വർഷാവസാനത്തോടെ കോവിഡ് 19-ന്റെ രണ്ടാംഘട്ട വ്യാപനം ഉണ്ടാവുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പ്രത്യാഘാതം കൂടുതൽ ഗുരുതരമായേക്കാമെന്നും ആരോഗ്യവിഭാഗം പറഞ്ഞു.ശൈത്യകാലത്ത് പകർച്ചവ്യാധി പടരുന്ന സമയത്ത് കോവിഡിന്റെ വ്യാപനംകൂടിയുണ്ടായാൽ സ്ഥിതിഗതികൾ പിടിച്ചാൽ കിട്ടാതാവുമെന്ന് യു.എസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി.) ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് പറഞ്ഞു. രാജ്യത്തെ ആരോഗ്യസംവിധാനത്തെ ആകെ അതു ബാധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യു.എസിൽ ഇപ്പോൾ എട്ടുലക്ഷത്തിലധികം രോഗികളുണ്ട്. ലോകത്തെ നാലിലൊന്ന് രോഗികളും യു.എസിലാണ്. 45,000-ത്തിലധികംപേർ മരിക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ 2751 പേരാണ് മരിച്ചത്. കാലിഫോർണിയ സംസ്ഥാനത്താണ് കഴിഞ്ഞദിവസം ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ന്യൂയോർക്കിനുപുറമേ വൈറസ് ഏറ്റവുമധികം ബാധിച്ച ന്യൂജഴ്സിയിലാണ് മരണം കൂടുതൽ. വൈറസ് വ്യാപനത്തെത്തുടർന്ന് ഗ്രീൻ കാർഡിനുള്ള അപേക്ഷാനടപടികൾ 60 ദിവസത്തേക്കാണ് നിർത്തിവെക്കുകയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വൈറസ് പ്രതിരോധത്തിനും ചെറുകിട വ്യവസായങ്ങളെ സഹായിക്കാനുമായി യു.എസ്. സെനറ്റ് 48,400 കോടി ഡോളറിന്റെ സഹായം അനുവദിച്ചിട്ടുണ്ട്. ഇത് വ്യാഴാഴ്ച പ്രതിനിധിസഭയുടെ പരിഗണനയ്ക്കുവരും. അതേസമയം, പ്രസിഡന്റിൽനിന്ന് സമ്മർദമുണ്ടെങ്കിലും 86 ലക്ഷം ഡോളറിന്റെ കൊറോണ വൈറസ് ഗ്രാന്റ് തത്‌കാലം തിരിച്ചുനൽകില്ലെന്ന് ഹാർവാഡ് യൂണിവേഴ്സിറ്റി പറഞ്ഞു.അതിനിടെ കരുതിയതിലും നേരത്തേതന്നെ വൈറസ് രാജ്യത്ത് എത്തിയിരുന്നതായി ആരോഗ്യവിഭാഗം പറഞ്ഞു. ഫെബ്രുവരി ആറിന് സാന്റ ക്ലാര കൗണ്ടിയിൽ വീട്ടിൽ മരിച്ചയാളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഇത്. വാഷിങ്ടണിൽ ഫെബ്രുവരി 26-ന് സ്ഥിരീകരിച്ചതാണ് രാജ്യത്തെ ആദ്യ വൈറസ് കേസായി ഇതുവരെ പരിഗണിച്ചിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3eIH6cq
via
IFTTT
No comments:
Post a Comment