തിരുവനന്തപുരം: കൊറോണക്കാലത്ത് പോലീസുദ്യോഗസ്ഥരുടെ വീട്ടിലെ അവസ്ഥ ഭംഗിയായി ചിത്രീകരിച്ച് മറ്റൊരു വീഡിയോകൂടി. ദക്ഷിണമേഖലാ ഡി.ഐ.ജി. സഞ്ജയ് കുമാർ ഗുരുഡിൻ തന്റെ വീട്ടിൽനിന്നു പകർത്തിയ വീഡിയോയിലൂടെയാണ് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നത്. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ പൊതുജനങ്ങൾ സർക്കാർ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് അഭ്യർഥിക്കുന്നതാണ് വീഡിയോ. വൈറസിനും നമുക്കുമിടയിൽ മതിലായി നിൽക്കുന്ന അടിയന്തരസേവനങ്ങളിൽ ഏർപ്പെട്ടവർക്കുള്ള ആദരവുകൂടിയാണ് വീഡിയോ. ജോലികഴിഞ്ഞ് വീട്ടിലേക്ക് വാതിൽ തുറന്നെത്തുന്ന ഡി.ഐ.ജി.യുടെ അടുത്തേക്ക് ഓടിയെത്തുന്ന രണ്ടു മക്കളെയും മാസ്ക് ധരിച്ചെത്തുന്ന അദ്ദേഹം തടഞ്ഞ ശേഷം നടന്നുനീങ്ങുന്നതാണ് വീഡിയോയിലുള്ളത്. തമിഴ്നാട് അതിർത്തിയിലെ പരിശോധനയും ലേബർ ക്യാമ്പ് സന്ദർശനവും കഴിഞ്ഞെത്തിയ ഗുരുഡ് വീട്ടിലേക്കെത്തിയപ്പോൾ ഭാര്യ സാധന മൊബൈലിൽ പകർത്തിയതാണിത്. അടിയന്തരസേവന രംഗത്തുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും വീടുകളിലെ അവസ്ഥ ഇതുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഡ്യൂട്ടി കഴിഞ്ഞെത്തിയ താൻ കുളിച്ച ശേഷമാണ് വീട്ടിൽ ഇടപഴകിത്തുടങ്ങിയത്. പിന്നീടാണ് ഭാര്യ മൊബൈലിൽ പകർത്തിയ വീഡിയോ കണ്ടത്. ഉദ്യോഗസ്ഥരുടെ കഷ്ടതകളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഈ വീഡിയോയ്ക്കു കഴിയുമെന്നു കണ്ടാണ് പുറത്തുവിട്ടത്. അതിനു മുൻപ് മൊബൈൽ ആപ്പിന്റെ സഹായത്തോടെ വീഡിയോ എഡിറ്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് സർക്കാരിനു കീഴിലെ ഉദ്യോഗസ്ഥയായ ഭാര്യ സാധന ഇപ്പോൾ ദീർഘകാല അവധിയിൽ ഗുരുഡിനോടൊപ്പമുണ്ട്. മക്കൾ കേന്ദ്രീയവിദ്യാലയത്തിൽ ഏഴും ആറും ക്ലാസുകളിലെ വിദ്യാർഥികളും. കുട്ടികളുടെ സുരക്ഷിതത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഗുരുഡിന്റെ ഹ്രസ്വചിത്രങ്ങൾ നേരത്തേയും പ്രശംസ നേടിയിരുന്നു. Content Highlights:Video with the situation in the officers homes
from mathrubhumi.latestnews.rssfeed https://ift.tt/2X7CGpk
via
IFTTT
No comments:
Post a Comment