മുംബൈ: അടച്ചിടലിനു ശേഷം തീവണ്ടികൾ ഓടിത്തുടങ്ങിയാലും യാത്രക്കാർക്ക് ഏറെ നിയന്ത്രണങ്ങൾ ഉണ്ടാകും. അടച്ചിടൽ കഴിയുന്നതോടെ തീവണ്ടികൾ ഘട്ടംഘട്ടമായി ഓട്ടം പുനരാരംഭിക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യം റെയിൽവേ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യാത്രക്കാരെ തെർമൽ സ്ക്രീനിങ് നടത്തുക, മുഖാവരണം ധരിക്കുന്നത് നിർബന്ധമാക്കുക, സാമൂഹിക അകലം പാലിച്ച് യാത്ര നടത്താനുള്ള സൗകര്യമൊരുക്കുക, ആരോഗ്യസേതു ആപ്പ് ഉപയോഗിച്ച് യാത്രക്കാരന്റെ ആരോഗ്യനിരീക്ഷണം നടത്തുക തുടങ്ങിയവയൊക്കെ ജാഗ്രത ഉറപ്പാക്കാനായി റെയിൽവേ പരിഗണിക്കുന്നുണ്ട്. ''വരുമാനമല്ല റെയിൽവേയുടെ ഇപ്പോഴത്തെ ലക്ഷ്യം. യാത്രക്കാരന്റെ ആരോഗ്യസുരക്ഷയും കൊറോണ വൈറസ് പടരാതെ നോക്കുക എന്നതുമാണ്.'' -ഒരു റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. തീവണ്ടി കടന്നു പോകുന്ന മേഖലകൾ, യാത്രക്കാരുടെ തിരക്ക് എന്നിവയെല്ലാം പരിഗണിച്ചായിരിക്കും സർവീസുകൾ ആരംഭിക്കുക എന്നും റെയിൽവേ സൂചിപ്പിക്കുന്നു. കേന്ദ്ര സർക്കാരിൽ നിന്നും പച്ചക്കൊടി ലഭിച്ചുകഴിഞ്ഞാൽ ഏതൊക്കെ മാനദണ്ഡങ്ങളായിരിക്കും പ്രധാനമായി പരിഗണിക്കുക എന്ന് റെയിൽവേ തീരുമാനിക്കും. ഇക്കാര്യത്തിൽ ചർച്ചകൾ നടന്നുവരികയാണ്. കൊറോണ വൈറസ് പടരാതിരിക്കാൻ വേണ്ട എല്ലാ നടപടികളും കൈക്കൊണ്ട് മാത്രമേ ഓരോ സർവീസും തുടങ്ങാൻ കഴിയുകയുള്ളൂ. റെയിൽവേ സോണുകളിൽ നിന്നുള്ള ശുപാർശ അനുസരിച്ച് റെയിൽവേ ബോർഡ് ആയിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. വൈറസ് ബാധ കൂടുതലുള്ള മേഖലകളിലൂടെ കടന്നുപോകുന്ന തീവണ്ടികൾ പെട്ടെന്ന് പരിഗണിക്കാനിടയില്ല. അതിഥിത്തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കുക എന്നതിന് കൂടുതൽ പരിഗണനയുണ്ടെങ്കിലും വൈറസ് വ്യാപനത്തെ ആശ്രയിച്ചായിരിക്കും ഈ സർവീസുകളുടേയും മുൻഗണന തീരുമാനിക്കുക. ചുരുക്കത്തിൽ അടച്ചിടൽ പിൻവലിക്കാത്ത മേഖലയിലേക്ക് തീവണ്ടി ഓട്ടമുണ്ടാകില്ല. അടച്ചിടൽ പ്രഖ്യാപിച്ചതോടെ പല വണ്ടികളും പലയിടത്തായി കിടക്കുകയാണ്. ഓടിക്കേണ്ട വണ്ടികൾ അതത് റെയിൽവേ മേഖലകളിൽ എത്തിക്കുക, അതിന്റെ ബാറ്ററികളുടെ പ്രവർത്തനം ഉറപ്പാക്കുക, ശുചീകരണവും അണുനശീകരണവും നടത്തുക എന്നിവയൊക്കെ ചെയ്തുതീർക്കേണ്ടതുണ്ട്. ഇതൊക്കെ കഴിഞ്ഞ് മാത്രമേ ഒരു വണ്ടി ഓടിക്കാൻ കഴിയുകയുള്ളൂ. എല്ലാറ്റിനും പുറമെ ഓരോയിടത്തും യാത്രക്കാരുടെ തിരക്കും ഒഴിവാക്കേണ്ടതുണ്ട്. ചുരുക്കത്തിൽ അടച്ചിടൽ കഴിയുന്നതോടെ റെയിൽവേയുടെ ജോലിഭാരം വർധിക്കും. വിമാനസർവീസുകൾ ഭാഗികമായി ആരംഭിക്കും ന്യൂഡൽഹി: അടച്ചിടലിന് ശേഷം ആഭ്യന്തര, അന്താരാഷ്ട്ര വിമാനസർവീസുകൾ ഭാഗികമായി അനുവദിക്കുമെന്ന് സൂചന. ഏപ്രിൽ 14-നുശേഷമുള്ള സർവീസുകൾക്കായി വിമാനക്കമ്പനികൾക്ക് ബുക്കിങ് സ്വീകരിക്കാമെന്നും എന്നാൽ അടച്ചിടൽ നീട്ടിയാൽ ആ ടിക്കറ്റുകൾ റദ്ദാക്കേണ്ടിവരുമെന്നും വ്യോമയാന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഭൂരിഭാഗം സ്വകാര്യ വിമാനക്കമ്പനികളും ഏപ്രിൽ 15 മുതലുള്ള ടിക്കറ്റുകൾ നൽകുന്നുണ്ട്. എയർഇന്ത്യ മാത്രം ഏപ്രിൽ 30 വരെയുള്ള ബുക്കിങ് നിർത്തിവെച്ചിരിക്കുകയാണ്. 21 ദിവസത്തെ അടച്ചിടലിനെത്തുടർന്ന് രാജ്യത്തെ എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര വിമാനസർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. ചരക്ക് സേവനങ്ങളും ഹെലികോപ്റ്റർ സേവനങ്ങളും വൈദ്യസഹായ വിമാനസർവീസുകളും മാത്രമാണ് അനുവദിച്ചിരിക്കുന്നത്. Content Highlights:Even when trains start running, there will be severe restrictions
from mathrubhumi.latestnews.rssfeed https://ift.tt/2V62FKZ
via
IFTTT
No comments:
Post a Comment