തിരുത്താത്ത 'തിരക്കഥ', വീട്ടുകാരുടെ ശശി സിനിമയില്‍ കലിംഗ ശശിയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 6, 2020

തിരുത്താത്ത 'തിരക്കഥ', വീട്ടുകാരുടെ ശശി സിനിമയില്‍ കലിംഗ ശശിയായി

കോഴിക്കോട് വെസ്റ്റ്ഹില്ലിൽ ചന്ദ്രശേഖരൻ നായരുടെയും സുകുമാരിയുടെയും മകനായി 1961ൽ ജനിച്ച വി. ചന്ദ്രകുമാർ ശശിയായ കഥയാവാം ആദ്യം. മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരുമെല്ലാം ചന്ദ്രകുമാറിനെ ചുരുക്കി ശശിയെന്നു വിളിച്ചു. ആവർത്തനങ്ങളുടെ ധാരാളിത്തംകൊണ്ട് ക്രമേണ ഏവരും ചന്ദ്രകുമാറിനെ മറന്നു, ശശിയെ നെഞ്ചോടുചേർത്തു. വീട്ടിലെ ശശി അരങ്ങിലെത്തിയപ്പോൾ സ്ഥലപ്പേരുകൂടി ചേർത്ത് കോഴിക്കോട് ശശിയായി. അരങ്ങിലെ അഭിനയമികവിൽ ശശി നാടകസ്നേഹികൾക്ക് പ്രിയങ്കരനായി. അതിലും കൗതുകകരമാണ് കോഴിക്കോട് ശശി വെള്ളിത്തിരയിലെത്തിയപ്പോൾ കലിംഗ ശശിയായതിനു പിന്നിലെ കഥ. അതിനെ ഇങ്ങനെ ചുരുക്കാം.1998ലാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. തകരച്ചെണ്ടയെന്ന, അധികമാരും കാണാത്ത സിനിമയിൽ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടർന്ന്, അവസരങ്ങൾ ലഭിക്കാതെവന്നപ്പോൾ നാടകത്തിലേക്ക് തിരിച്ചുപോയി. എന്നാൽ, മഹാഭാഗ്യമെന്നു വിശേഷിപ്പിക്കാവുന്ന ഒരു രണ്ടാംവരവ് അദ്ദേഹത്തിനുണ്ടായി. അതുമായി ബന്ധപ്പെട്ടുകിടക്കുന്നു അദ്ദേഹത്തിന്റെ പേരുമാറ്റം.ടി.പി. രാജീവന്റെ പാലേരിമാണിക്യംഒരു പാതിരാകൊലപാതകത്തിന്റെ കഥയെന്ന നോവൽ രഞ്ജിത്ത് അതേപേരിൽ സിനിമയാക്കാൻ തീരുമാനിക്കുന്നു. ഒരു വ്യത്യസ്തതയെന്നനിലയിൽ കോഴിക്കോട്ട് ഇരുപതു ദിവസത്തെ ക്യാമ്പുനടത്തി അതിൽനിന്ന് മികച്ച നടന്മാരെ തിരഞ്ഞെടുക്കാൻ രഞ്ജിത്ത് നിശ്ചയിച്ചു. കോഴിക്കോടിനകത്തും പുറത്തുമുള്ള ഒട്ടേറെ നാടകകലാകാരന്മാർ അതിൽ പങ്കെടുത്തു. പേരെടുത്ത നടനും സംവിധായകനുമായ വിജയൻ വി. നായരും അതിലുണ്ടായിരുന്നു. പരിചയക്കാരനായ, അദ്ദേഹത്തെ കാണാൻ ശശി ഒരുനാൾ ക്യാമ്പിലെത്തി. വിജയൻ വി. നായർ ശശിയെ സംവിധായകന് പരിചയപ്പെടുത്തുകയും ചെയ്തു. അപ്പോഴേക്കും ക്യാമ്പ് പതിനേഴുനാൾ പിന്നിട്ടിരുന്നു. രഞ്ജിത്തിന്റെ നിർദേശപ്രകാരം ശേഷിക്കുന്ന മൂന്നുദിവസം ശശിയും ക്യാമ്പിൽ പങ്കെടുത്തു. ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു...... പാലേരിമാണിക്യത്തിന്റെ ക്യാമ്പിൽ പങ്കെടുക്കാനെത്തിയവരിൽ പലരുടെയും പേര് ശശിയെന്നായിരുന്നു. പല കാലങ്ങളിലായി പല പ്രൊഫഷണൽ സമിതികളിൽ പ്രവർത്തിച്ചവർ. അവരെ വേർതിരിച്ചറിയാനായി പേരിനൊപ്പം ബ്രാക്കറ്റിൽ സമിതിയുടെ പേരുകൂടി എഴുതിച്ചേർക്കാൻ രഞ്ജിത്ത് നിർദേശിച്ചു. ശശിയുടെ നാടകചരിത്രം ശരിക്കറിയാത്ത ആരോ ആ േപരിന്റെകൂടെ കലിംഗ എന്നെഴുതിക്കൊടുത്തു. പിന്നീട് തെറ്റ് മനസ്സിലാക്കി അതു തിരുത്താൻ ശ്രമിച്ചപ്പോൾ, വർക്കത്തുള്ള ആ പേര് മാറ്റേണ്ടെന്നായി രഞ്ജിത്ത്. കെ.ടി. മുഹമ്മദ് നേതൃത്വം നൽകിയ കലിംഗ തിയറ്റേഴ്സിന്റെ ഒറ്റനാടകത്തിലും ശശി അഭിനയിച്ചിരുന്നില്ല. എപ്പോേഴാ ഒരിക്കൽ കലിംഗയുടെ ദീപസ്തംഭം മഹാശ്ചര്യത്തിന്റെ റിഹേഴ്സൽ ക്യാമ്പിൽ പോയതൊഴിച്ചാൽ ആ സമിതിയുടെ നാടകം കണ്ടിട്ടുപോലുമില്ല, ശശി. എന്നാലും ആ പേര് അക്ഷാരർഥത്തിൽ ഭാഗ്യനക്ഷത്രമായി. നടനാവണമെന്ന മോഹം തരിമ്പുമില്ലായിരുന്നു ശശിക്ക്. കോഴിക്കോട് സെന്റ് ജോസഫ്സ് സ്കൂൾ, മംഗലാപുരം മിലാഗ്രസ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കോഴിക്കോട്ടെ സി.ടി.സി.യിൽ ചേർന്ന് ഓട്ടോ മൊബൈൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി. നാടകം കാണൽപോലും ശീലമായിരുന്നില്ല അക്കാലത്ത്. പഠനാനന്തരം തൊഴിലന്വേഷിച്ചു നടക്കുമ്പോഴാണ് ശശിയെത്തേടി ഒരു ക്ഷണമെത്തുന്നത്. കോഴിക്കോട്ടെ ഒന്നാംകിട പ്രൊഫഷണൽ നാടകസമിതിയായിരുന്ന സ്റ്റേജ് ഇന്ത്യയിൽനിന്നായിരുന്നു അത്. അതിന്റെ സാരഥിയായ വിക്രമൻ നായർ ശശിയുടെ അമ്മാവനായിരുന്നു. എന്തെങ്കിലും ജോലികിട്ടുംവരെ സമിതിയുടെ സെറ്റ് ചെയ്യാനും മറ്റും അമ്മാവൻ ശശിയെ ഉപദേശിച്ചു. 1982ലാണ് സ്റ്റേജ് ഇന്ത്യ തുടങ്ങുന്നത്. അമ്മാവന്റെ ക്ഷണം സ്വീകരിക്കുമ്പോഴും നാടകാഭിനയം സങ്കല്പത്തിൽപ്പോലുമുണ്ടായിരുന്നില്ലെന്ന് ശശി പറയുന്നു. സ്റ്റേജ് ഇന്ത്യയുടെ ആദ്യനാടകം എഴുതി, സംവിധാനം ചെയ്തത് വിക്രമൻ നായർ തന്നെയാണ്. സൂത്രം എന്ന ആ നാടകത്തിന്റെ സെറ്റ് തയ്യാറാക്കുന്നതിൽ ശശി സഹകരിച്ചു. ശശിയുടെ അഭിനയശേഷി കണ്ടറിഞ്ഞ വിക്രമൻ നായർ, കെ.ടി.യുടെ സാക്ഷാത്കാരത്തിൽ പോലീസുകാരന്റെ വേഷം നൽകി. തുടർന്ന് സാക്ഷാത്കാരത്തിലും സ്ഥിതിയിലും മതമെന്ന കഥാപാത്രമായി. എന്നാൽ, പി.എം. താജിന്റെ അഗ്രഹാരമാണ് ഒരു നടനെന്നനിലയിൽ ശശിക്ക് ആദ്യ അംഗീകാരം നേടിക്കൊടുത്തത്. അതിലെ ശേഷാമണി ജനസമ്മതിനേടി. തൊള്ളായിരത്തിലേറെ വേദികളിൽ കളിച്ച് ചരിത്രം സൃഷ്ടിച്ച നാടകമായിരുന്നു അത്. തിരക്കേറിയപ്പോൾ സ്റ്റേജ് ഇന്ത്യക്ക് ബി ടീമുമുണ്ടായി. തുടർന്ന്, താജിന്റെ അമ്പലക്കാളയിൽ വിരമിച്ച വനപാലകനായി ശശി വേഷമിട്ടു. അഡ്വ. വെൺകുളം ജയകുമാറിന്റെ നാടകങ്ങളിലെല്ലാം അദ്ദേഹത്തിന് മികച്ച റോളുകൾ ലഭിച്ചു. ജപമാല (രമണൻ), ഗുരു (ഉണ്ണുണ്ണി), ക്ഷത്രിയൻ (അഗ്നിവർണൻ), എഴുത്തച്ഛൻ (എടമന നമ്പൂതിരി), ചിലപ്പതികാരം (വാരണവർ), കൃഷ്ണഗാഥ (ശങ്കിടി നമ്പിടി) എന്നിവയാണവ. സ്റ്റേജ് ഇന്ത്യ പിന്നീട് അവതരിപ്പിച്ച ജയപ്രകാശ് കുളൂരിന്റെ ബൊമ്മക്കൊലുവിൽ ബാലൻ നായരായും ഭാഗ്യദേവതയിൽ മാധവനെന്ന അച്ചാറുകച്ചവടക്കാരനായും സ്വർഗവാതിലിൽ മന്ത്രവാദിയായും അപൂർവ്വനക്ഷത്രത്തിൽ ്രൈഡവിങ് സ്കൂൾ ഉടമ ലൂക്കോസായും ശശി വേഷമിട്ടു. കുളൂരിന്റെതന്നെ സ്യമന്തകത്തിൽ ശശിയുടെ ഭ്രാന്തൻ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ജമാൽ കൊച്ചങ്ങാടിയുടെ ക്ഷുഭിതരുടെ ആശകളിൽ ലഭിച്ച നാണു എന്ന രാഷ്ട്രീയക്കാരനും മികച്ചവേഷമായി. ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം സ്റ്റേജ് ഇന്ത്യയിൽതന്നെ തുടർന്നു, അദ്ദേഹം. രണ്ടായിരത്തിൽ സ്റ്റേജ് ഇന്ത്യ വിട്ട് ശശി മറ്റു പ്രൊഫഷണൽ നാടകസമിതികളിൽ കുറച്ചുകാലം സഹകരിച്ചു. ആറ്റിങ്ങൽ രചനയ്ക്കുവേണ്ടി രാജൻ കിഴക്കനേല രചിച്ച അഭിവന്ദ്യനിൽ ഊരുമൂപ്പനായി. രാജൻ കിഴക്കനേല രചിച്ച് ഗുരുവായൂർ ബന്ധുര അവതരിപ്പിച്ച പാഴൂർ പടിപ്പുരയിൽ വ്യത്യസ്തമായ മൂന്നു വേഷങ്ങൾ കൈകാര്യംചെയ്ത് മികവുകാട്ടി. തിരുവനന്തപുരം അക്ഷരകലയുടെ കുഞ്ചൻ നമ്പ്യാരിലെ (രചനരാജൻ കിഴക്കനേല) മാർത്താണ്ഡവർമയും ശ്രദ്ധിക്കപ്പെട്ടു. വടകര സങ്കീർത്തനയ്ക്കുവേണ്ടി ജയൻ തിരുമനയെഴുതിയ വൈദ്യഗ്രാമത്തിൽ മിത്രൻ തിരുമുല്പാട് എന്ന വൈദ്യനെ ശശി ഭംഗിയാക്കി. വടകര വേദവ്യാസയുടെ അദ്ദേഹത്തിന്റെ മകനിൽ ശശിക്കായി ജയൻ തിരുമന സൃഷ്ടിച്ചത് ഒരു വിഷഹാരിയെയാണ്. ജയൻ തിരുമന ആദ്യഭാഗമെഴുതിയ നാടകം മുഴുമിപ്പിച്ചത് അഭയൻ കലവൂരാണ്. സങ്കീർത്തനയുടെ ചരിത്രത്തിൽ ഇല്ലാത്തവർ എന്ന നാടകത്തിൽ പട്ടാളക്കാരനെ അവതരിപ്പിച്ചുകൊണ്ടാണ് ശശി അരങ്ങിനോട് വിടപറയുന്നത്. ഇതിനിടെ, ശശിക്ക് സിനിമയിൽ ഒരവസരം ലഭിച്ചു. 1998ലാണത്. മുരുകൻ എന്ന പരിചയക്കാരൻ വഴി തകരച്ചെണ്ട എന്ന സിനിമയിൽ ആക്രിസാധനങ്ങൾ വിൽക്കുന്ന പളനിച്ചാമിയായി ശശി വേഷമിട്ടു. സിനിമ ശ്രദ്ധിക്കപ്പെടാതെവന്നപ്പോൾ ശശിക്കും അവസരത്തുടർച്ചയുണ്ടായില്ല. വീണ്ടും നാടകത്തിലേക്ക് തിരിഞ്ഞു. അതിനിടയിൽ ഒരു വർഷക്കാലം ഏഷ്യാനെറ്റിലെ മുൻഷിയിൽ പണ്ഡിറ്റായി വേഷമിട്ടു. തിരക്കേറിയ ഷെഡ്യൂളും കുറഞ്ഞ വരുമാനവുംമൂലം അദ്ദേഹം അത് തുടർന്നില്ല. ഇടയ്ക്ക്, സംവിധായകന്റെ വേഷവുമണിഞ്ഞു. തൃശ്ശൂർ അഭിനയയ്ക്കുവേണ്ടി സ്വപ്നസമുദ്രമെന്ന നാടകമാണ് അദ്ദേഹം സംവിധാനം ചെയ്തത്. നാടകം മോശമില്ലാതെ കളിച്ചെങ്കിലും സംവിധാനം തനിക്കുപറ്റിയ പണിയല്ലെന്നു തിരിച്ചറിഞ്ഞ് അദ്ദേഹം ആ രംഗം വിട്ടു. താജിന്റെ അഗ്രഹാരം നാടകം പ്രേംനസീറിനെ നായകനാക്കി പി. ചന്ദ്രകുമാർ സിനിമയാക്കാൻ തീരുമാനിച്ച കാലം. എറണാകുളത്ത് നാടകം കളിച്ചപ്പോൾ അതു കാണാൻ ചന്ദ്രകുമാറും നസീറുമെത്തി. ഞാൻ പ്രേംനസീറിന്റെ ആരാധകനാണന്ന്. നാടകം കഴിഞ്ഞ് വേഷം മാറുമ്പോൾ നസീർ അണിയറയിലെത്തി എനിക്ക് കൈതന്ന് അഭിനയത്തെ പുകഴ്ത്തി. ശരിക്കും ശരീരത്തിലൂടെ വൈദ്യുതി പ്രവഹിച്ചതുപോലെതോന്നി അപ്പോൾ അരങ്ങിലെ അവിസ്മരണീയ സംഭവം ശശി വിവരിക്കുന്നത് ഇങ്ങനെയാണ്. പാലേരിമാണിക്യത്തിലെ മോഹൻദാസെന്ന പോലീസുദ്യോഗസ്ഥനിലൂടെയുള്ള ശശിയുടെ രണ്ടാം ചലച്ചിത്രവരവ് ശ്രദ്ധിക്കപ്പെട്ടു. പ്രാഞ്ചിയേട്ടനിലെ ഇയ്യപ്പനും കൂടി വന്നപ്പോൾ സിനിമാലോകത്ത് അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടു. പിന്നീടദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഏതു റോളും സ്വീകരിക്കാൻ സന്നദ്ധനായ ഇദ്ദേഹം ഇടുക്കി ഗോൾഡിൽ ശവമായിപ്പോലും അഭിനയിച്ചു. നാളിതുവരെ ഇരുന്നൂറ്റിയമ്പതിൽപ്പരം സിനിമകളിൽ വേഷമിട്ടു. സഹദേവൻ ഇയ്യക്കാട് സംവിധാനംചെയ്ത ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ് സിനിമയിൽ നായകനുമായി. 1979ൽ ആദ്യനാടകത്തിന് ഇരുപതു രൂപ പ്രതിഫലം. 1998ൽ ആദ്യസിനിമയ്ക്ക് അയ്യായിരം രൂപ. ഇപ്പോൾ കണക്കുപറഞ്ഞ് പ്രതിഫലം ചോദിക്കാനുള്ള ശേഷി... പതിനെട്ടാം വയസ്സിൽ അരങ്ങിലെത്തിയ ശശിക്ക് നാടകക്കാരന്റെ വേദന നന്നായറിയാം. ചില ടെലിവിഷൻ പരമ്പരകളിലും വേഷമിട്ട ശശി ഇപ്പോൾ കുന്ദമംഗലം വാഴപ്പറമ്പിലെ വിഷ്ണുമായയിലാണ് താമസം. പ്രഭാവതിയാണ് ഭാര്യ. (2016 ജനുവരി 18ന് മാതൃഭൂമി കോഴിക്കോട് നഗരം പേജിൽ പ്രസിദ്ധീകരിച്ചത്) Content Highlight: Actor Kalinga Sasi biography


from mathrubhumi.latestnews.rssfeed https://ift.tt/34gKNkN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages