കോഴിക്കോട്: ചൊവ്വാഴ്ച് കോഴിക്കോട് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച മൂന്നു പേരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത് വിദേശത്തുനിന്ന് വന്നത് 26 ദിവസത്തിന് ശേഷം. എടച്ചേരി സ്വദേശിയായ ഇയാൾ വിദേശത്തുനിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞ് 26 ദിവസങ്ങൾക്ക് ശേഷമാണ് കോവിഡ് 19 പോസിറ്റീവ് ആയതെന്ന് കോഴിക്കോട് കളക്ടറുടെ ഫേയ്സ്ബുക്ക് പോസ്റ്റിൽനിന്ന് വ്യക്തമാക്കുന്നു. ദുബായിൽനിന്നെത്തിയപ്പോൾ മുതൽ പനി ആരംഭിച്ച രോഗിയിൽനിന്ന് 26-ാമത്തെ ദിവസം എടുത്ത സാമ്പിളിൽ ആണ് രോഗബാധ സ്ഥിരീകരിച്ചത്. 14 ദിവസം എന്ന ക്വാറന്റൈൻ കാലയളവിനു ശേഷമാണ് വൈറസ് സ്ഥിരീകരിക്കപ്പെട്ടത്. ക്വാറന്റൈൻ കാലയളവിന് ശേഷവും വൈറസിന്റെ സാന്നിധ്യം പ്രകടമാകാം എന്ന സൂചനയാണിതെന്നാണ് ആശങ്കയുയരുന്നത്. ലക്ഷണങ്ങളില്ലാത്തവരിലും കൊവിഡ് സ്ഥിരീകരിച്ചതോടെ വിദേശത്ത് നിന്ന് എത്തുന്നവരുടെ ക്വാറന്റൈൻ 14 ദിവസത്തിൽ നിന്ന് 28 ദിവസമാക്കിയിരുന്നു ആരോഗ്യവകുപ്പ്. ആ കാലയളവ് അവസാനിക്കാൻ രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. മാർച്ച് 18ന് എയർ ഇന്ത്യ വിമാനത്തിലാണ് (IX 346) ഇയാളും സഹോദരനും ദുബായിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. തുടർന്ന് ടാക്സിയിൽ കോഴിക്കോടുള്ള വീട്ടിലെത്തി. അടുത്ത ദിവസം മുതൽ ഇദ്ദേഹത്തിന് പനി ആരംഭിച്ചു. തുടർന്ന് എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി പരിശോധിക്കുകയും വീട്ടിൽ ഹോം ഐസൊലേഷനിൽ കഴിയാൻ നിർദേശിക്കുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തിനും കുടുംബത്തിലെ മറ്റു ചിലർക്കും രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് മാർച്ച് 24ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി പരിശോധിക്കുകയും വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ നിർദേശിക്കുകയും ചെയ്തു. ഐസൊലേഷനിൽ കഴിയുന്നതിനിടെ ഏപ്രിൽ 11ന് ഇദ്ദേഹത്തിന്റെ പിതാവിന് കോവിഡ് 19 സ്ഥിരീകരിച്ചു. തുടർന്നാണ് കുടുംബാംഗങ്ങളെ മുഴുവൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും ഏപ്രിൽ 12ന് എല്ലാവരുടെയും സാമ്പിളുകളെടുത്ത് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തത്. 14ന് ലഭിച്ച പരിശോധനാ ഫലത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബത്തിലെ 19 വയസ്സുള്ള പെൺകുട്ടിയാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം 14 ദിവസമാണ് ക്വാറന്റൈൻ കാലയളവ്. എന്നാൽസുരക്ഷാ മുൻകരുതൽ എന്ന നിലയിൽ കേരളത്തിൽ 28 ദിവസമാണ് ക്വാറന്റൈൻ നിർദേശിക്കാറുള്ളത്. അതിന്റെ ഭാഗമായാണ് ദുബായിൽനിന്നെത്തി 26 ദിവസത്തിനു ശേഷവും ഇദ്ദേഹവും കുടുംബാംഗങ്ങളും ക്വാറന്റൈനിൽ തുടർന്നത്. Content Highlights:covid 19 was diagnosed in Kozhikode native after the Quarantine period
from mathrubhumi.latestnews.rssfeed https://ift.tt/3aaBCnB
via
IFTTT
No comments:
Post a Comment