നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനയാത്ര, കൊറോണക്കാലം ജനങ്ങളിലേൽപ്പിച്ച ആകുലതകൾ വെളിപ്പെടുത്തി ഒരു യാത്രക്കാരന്റെ കുറിപ്പ് ഭീതി, എല്ലാ കണ്ണുകളിലും. ആകുലത ഓരോ മുഖത്തും. കഴിയുന്നത്ര അകന്നുമാറി നിൽപ്പ്. തികഞ്ഞ അവിശ്വാസം ഇടപെടലുകളിൽ. എയർപോർട്ട് ലോഞ്ച് മിക്കവാറും ഒഴിഞ്ഞുകിടക്കുന്നു. ചിതറിയിരിക്കുന്ന യാത്രക്കാരിൽ മിക്കവാറും എല്ലാവരും മുഖാവരണത്തിൽ. ഊഴംകാത്തുനിന്നുമാത്രം കയറാൻ സാധിച്ചിരുന്ന ലിഫ്റ്റ് ആളെ കാത്തുകിടക്കുന്നു. കൊറോണ ശൂന്യത കനത്തമേഘംപോലെ മൂടിയിരിക്കുന്നു മിക്ക വിമാനത്താവളങ്ങളെയും. ആരെയും നേരിടാൻ നെഞ്ചുവിരിച്ചുനിൽക്കുന്ന കാക്കിക്കാരനും മുഖംമൂടി. പക്ഷേ, യാത്രക്കാരെ പരിശോധിക്കുന്നതിന് ഒരു കുറവുമില്ല. സൂക്ഷ്മതയോടെ ഓരോരുത്തരെയും പരിശോധിച്ചുമാത്രം കടത്തിവിടുന്നു. സുരക്ഷാഗേറ്റിനപ്പുറം ഒരു കുടുംബം സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നു. നേർത്ത തണുപ്പോടെ സാനിറ്റൈസർ കൈകളിൽ പരന്നുമറയുന്നതിന്റെ രസം കൂടെയുള്ള കുഞ്ഞികണ്ണുകളിൽ. ഒരു യാത്രക്കാരനും ഭയത്തിന് അതീതനല്ല എന്നു തോന്നുന്നു. വിമാനത്താവളത്തിനുള്ളിലെ കടകളിലും മാസ്കിന് നല്ല കച്ചവടം. വിദേശദമ്പതിമാർ 10 പാക്കറ്റ് ഒന്നിച്ചു വാങ്ങി. കൂടെ സാനിറ്റൈസർ കുപ്പികളും. '4200 റുപീസ്.'' 'ഓക്കെ' കാർഡുപയോഗിച്ച് പണം നൽകിയ ഉടൻ ഭാര്യയുടെ കർശനനിർദേശം. ഭാഷ ഇംഗ്ലീഷ് അല്ല. പക്ഷേ, പറഞ്ഞത് ''വേഗം കൈകൾ ശുദ്ധമാക്ക്'' എന്നായിരുന്നു. യാത്രയ്ക്ക് ധൈര്യംകാട്ടിയവർ എത്രയോ കുറവാണ് എന്നുറക്കെ പറയുന്നു ലോഞ്ചിലെ നിശ്ശബ്ദത. എപ്പോഴും കലപില നിറഞ്ഞുമാത്രം കണ്ടതിൽനിന്ന് വ്യത്യസ്തം. കഫേകളും ശൂന്യം. സീറ്റ് നമ്പർ ഉണ്ടെങ്കിൽപ്പോലും കൌണ്ടറിനുമുന്നിൽ നേരത്തേ ഇടംപിടിക്കാൻ തിരിക്കിട്ട് നിന്നത് പഴംകഥ പോലെ. ''എല്ലാ സർവീസുകളും പാതിയിൽതാഴെ ആളുമായാണ് പോവുന്നത്. പ്രത്യേകിച്ച് ഗൾഫ് സെക്ടർ''-ഒരു എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറഞ്ഞു. ബഹ്റൈൻ വിമാനത്തിലെ ശൂന്യത അതുവ്യക്തമാക്കി. മൂന്നൂറോളം പേർക്ക് യാത്രചെയ്യാവുന്ന വിമാനത്തിൽ ആകെ 43 പേർ. ഒരു പ്രേതഭൂമിപോലെ തോന്നിപ്പോവും. യാത്രക്കാർപോലും ഒന്നും സംസാരിക്കുന്നില്ല. അനശ്ചിതാവസ്ഥ നിറഞ്ഞ യാത്രയിൽ പ്രതീക്ഷപോലെ ഒരമ്മ തന്റെ കുഞ്ഞിന് കഥ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു, തൊട്ടുപിന്നിലെ സീറ്റിൽ. അവൾ മൂളി കേട്ടിരുന്നു; ദുഷ്ടനിഗ്രഹം നടത്തിയ ഏതോ ദൈവദൂതന്റെ കഥ. വർഷങ്ങൾക്കുശേഷം കോവിഡ് ഭീകരനെ നിഗ്രഹംചെയ്ത കഥപറയാൻ അവരും കേൾക്കാൻ ആ കുഞ്ഞും ഉണ്ടാവണേ എന്നായിരുന്നു എന്റെ പ്രാർഥന. content highlights: flight journey in the time of corona
from mathrubhumi.latestnews.rssfeed https://ift.tt/336CnMc
via
IFTTT
No comments:
Post a Comment