ദുബായ് : ഇന്ത്യയിലേക്കുള്ള യാത്രാമാർഗങ്ങൾ അടഞ്ഞതോടെ പിറന്ന മണ്ണിലെ അന്ത്യനിദ്രയ്ക്കായി സമയം കാത്തുകിടക്കുകയാണ് പ്രവാസികളുടെ ഭൗതിക ശരീരങ്ങൾ. ഉറ്റവരുടെ മൃതദേഹങ്ങൾ ഒരു നോക്ക് കാണാൻ കണ്ണീരുമായി നാട്ടിൽ വീട്ടുകാരും കാത്തിരിപ്പാണ്. കൊറോണ വ്യാപനംകാരണം യു.എ.ഇ.യിലെ വിവിധ ആശുപത്രികളിലെ മോർച്ചറികളിലായി നിരവധി മൃതദേഹങ്ങളാണുള്ളത്. കൊറോണവ്യാപനം തടയുന്നതിനായി എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളുടെ വരവും ഞായറാഴ്ച മുതൽ ഇന്ത്യ വിലക്കിയിരിക്കുകയാണ്. ഇതിനുമുമ്പുതന്നെ ഒട്ടേറെ ഗൾഫ് രാജ്യങ്ങൾ ഇന്ത്യയിലേക്കുള്ള സർവീസുകൾ നിർത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് വിവിധ ഗൾഫ് നാടുകളിലായി നിരവധി മൃതദേഹങ്ങൾ യാത്രാസമയം പ്രതീക്ഷിച്ച് സൂക്ഷിച്ചിരിക്കുന്നത്. യു.എ.ഇ.യിൽ നിന്ന് മാത്രം ഓരോ ദിവസവും ശരാശരി അഞ്ച് മൃതദേഹങ്ങളായിരുന്നു നിത്യവും ഇന്ത്യൻ നഗരങ്ങളിലേക്ക് കൊണ്ടുപോയിരുന്നത്. ഇതിൽ ശരാശരി രണ്ടെണ്ണം കേരളത്തിലേക്കായിരുന്നു. സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെല്ലാം ഇത്തരം പ്രശ്നം ഉടലെടുത്തിട്ടുണ്ട്. അത്യാവശ്യകാര്യങ്ങൾക്കുള്ള യാത്ര മുടങ്ങിയ മനുഷ്യരുടെ പ്രശ്നങ്ങൾപോലെ തന്നെയോ ചിലപ്പോൾ അതിലേറെയോ ഗൗരവമുള്ളതാണ് ഇവിടങ്ങളിളെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സാധിക്കാതിരിക്കുക എന്നത്. കഴിഞ്ഞ ബുധനാഴ്ച മുതൽ മരിച്ചവരുടെ ഭൗതികശരീരങ്ങൾ ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്. സാധാരണഗതിയിൽ ആശുപത്രികളിൽ വെച്ചുണ്ടാവുന്ന സ്വാഭാവിക മരണങ്ങളാണെങ്കിൽ അതത് ദിവസമോ അടുത്ത ദിവസമോ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാറുണ്ട്. എന്നാൽ അസ്വാഭാവിക മരണങ്ങളോ അപകടങ്ങളോ ആണെങ്കിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാലതാമസം കൂടും. കൊറോണ വൈറസ് വ്യാപിച്ച സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ സാധാരണ മരണങ്ങളിൽപ്പോലും സങ്കീർണമായത്. അതേസമയം മരിച്ചവരുടെ ഉറ്റവരും സുഹൃത്തുക്കളും നാട്ടിൽ കണ്ണീരുമായി കാത്തിരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി. നിലവിൽ ഏഴ് ഇന്ത്യക്കാരുടെയും ഒരു നേപ്പാളിയുടേയും മൃതദേഹങ്ങൾ ദുബായ്, ഷാർജ എന്നിവടങ്ങളിലെ വിവിധ ആശുപത്രി മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി പറഞ്ഞു. മലയാളികൾ (നാല്), തമിഴർ (രണ്ട്), നേപ്പാളി (ഒന്ന്), ബംഗാളി (ഒന്ന്) എന്നിങ്ങനെയാണ് മൃതദേഹങ്ങളുള്ളത്. ഇന്ത്യക്കാരുടെ കൂടാതെ ഫിലിപ്പീൻസ്, ചൈന, പാക്കിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരുടേയും നിരവധി മൃതദേഹങ്ങൾ കൊണ്ടുപോകാനാവാതെ മോർച്ചറികളിലാണ്. യു.എ.ഇ. മൊത്തത്തിൽ എടുത്താൽ നിത്യേന അഞ്ച് മൃതദേഹങ്ങളെങ്കിലും മുമ്പ് ഇന്ത്യയിലേക്ക് കൊണ്ടുപോവാറുണ്ടെന്ന് സാമൂഹിക പ്രവർത്തകനായ നസീർ വാടാനപ്പള്ളിയും പറഞ്ഞു. ഇപ്പോൾ ഇവ എപ്പോൾ കൊണ്ടുപോകാനാവുമെന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വമാണുള്ളത്. ഇനിയുള്ള ഓരോദിവസവും ഇത്തരത്തിലുള്ള മൃതദേഹങ്ങളുടെ എണ്ണവും കൂടിവരുമെന്നത് വിഷയം കൂടുതൽ സങ്കീർണമാക്കുമെന്നും നസീർ വാടാനപ്പള്ളി പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് ജയകുമാർ എന്ന അടൂർ സ്വദേശിയുടെ മൃതദേഹം അഷ്റഫ് താമരശ്ശേരി അവസാനമായി നാട്ടിലേക്കയച്ചത്. പത്തനംതിട്ട അയിരൂർ സ്വദേശി ശ്രീജിത്തിന്റെ മൃതദേഹം വിമാനമില്ലാത്തതിനാൽ നാട്ടിലേക്ക് കൊണ്ടുപോകാതെ ഷാർജയിൽ തന്നെ സംസ്കരിക്കാൻ നാട്ടിലുള്ള ബന്ധുക്കൾ അനുവാദം നൽകിയിട്ടുണ്ട്. പാസ്പോർട്ടും വിസയും കാലാവധി കഴിഞ്ഞതിനാലാണ് ശ്രീജിത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ കാലതാമസം നേരിട്ടതെന്ന് ഷാർജയിലെ സാമൂഹിക പ്രവർത്തകൻ രഘുവരൻ കോയിപ്രം പറഞ്ഞു. സാങ്കേതിക തടസ്സങ്ങൾ നീക്കി മൃതദേഹം കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴേക്കും വിമാനസർവീസുകളും നിലച്ചു. രണ്ടാഴ്ച അബുദാബിയിലെ ഒരു ആശുപത്രിയിൽ അബോധാവസ്ഥയിൽ കിടന്ന തിരുവല്ല സ്വദേശി വിനോ രഞ്ജിത്ത് ശനിയാഴ്ചയാണ് മരിച്ചത്. മൃതദേഹം പെട്ടെന്ന് നാട്ടിലേക്ക് അയയ്ക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ തിങ്കളാഴ്ച അബുദാബിയിൽ തന്നെ സംസ്കരിക്കാനാണ് തീരുമാനം. വെള്ളിയാഴ്ച ഒരു മലയാളിയുടെ മൃതദേഹം അടക്കിയ പെട്ടി നാട്ടിലേക്കയയ്ക്കുമ്പോൾ തന്നെ ഷാർജ വിമാനത്താവളത്തിലെ കാർഗോ ഉദ്യോഗസ്ഥർ ഇനി ഒരറിയിപ്പ് ഉണ്ടാവുന്നതുവരെ മൃതദേഹം കൊണ്ടുപോകാൻ സാധിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയതായി അഷ്റഫ് താമരശ്ശേരി പറഞ്ഞു. ആയിരക്കണക്കിന് മൃതദേഹങ്ങൾ സ്വദേശത്തേക്കയച്ച അഷ്റഫിന്റെ ഓർമയിലെ ആദ്യ സംഭവമാണിത്. വിമാനസർവീസുകൾ പുനരാരംഭിക്കുന്നതും കാത്ത് നിൽക്കുകയാണ് സാമൂഹികപ്രവർത്തകരും മരിച്ചവരുടെ ഉറ്റവരുമെല്ലാം.
from mathrubhumi.latestnews.rssfeed https://ift.tt/2xmEgZp
via
IFTTT
No comments:
Post a Comment