തിരുവനന്തപുരം: ജനത്തെ പെരുവഴിയിലാക്കുകയും ഒരാളുടെ മരണത്തിനു കാരണമാവുകയും ചെയ്ത കെ.എസ്.ആർ.ടി.സി.യുടെ മിന്നൽപ്പണിമുടക്കിനെതിരേ കളക്ടറുടെ പ്രാഥമിക റിപ്പോർട്ട്. കെ.എസ്.ആർ.ടി.സി.ക്കു വീഴ്ച സംഭവിച്ചെന്നും ബസുകൾ റോഡിൽ നിരത്തിയിട്ടത് ഗുരുതര തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു. കെ.എസ്.ആർ.ടി.സി.ക്ക് അവശ്യ സർവീസ് നിയമം(എസ്മ) നിർബന്ധമാക്കണമെന്നും കളക്ടർ കെ. ഗോപാലകൃഷ്ണൻ മുഖ്യമന്ത്രിക്കു നൽകിയ പ്രാഥമിക റിപ്പോർട്ടിലുണ്ട്. വിശദമായ അന്തിമറിപ്പോർട്ട് കൂടുതൽ പരിശോധനകൾക്കും തെളിവെടുപ്പുകൾക്കും ശേഷം നൽകും.കിഴക്കേക്കോട്ടയിലെത്തി കെ.എസ്.ആർ.ടി.സി. ജീവനക്കാരിൽനിന്നും പോലീസ് ഉദ്യോഗസ്ഥരിൽനിന്നും ജനങ്ങളിൽനിന്നും കളക്ടർ മൊഴിയെടുത്തു. മിന്നൽസമരത്തെത്തുടർന്ന് കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാൻ സമയമെടുത്തെന്ന് പോലീസ് കളക്ടർക്ക് മൊഴിനൽകി. ഗതാഗതക്കുരുക്കുകാരണം ആംബുലൻസിന് സംഭവസ്ഥലത്ത് പെട്ടെന്ന് എത്താൻ കഴിഞ്ഞില്ലെന്ന് ഫോർട്ട് സി.ഐ. മൊഴിനൽകി. അതേസമയം, സമരത്തിന് ഒരു കെ.എസ്.ആർ.ടി.സി. യൂണിയനും ആഹ്വാനം നൽകിയിട്ടില്ലെന്നായിരുന്നു യൂണിയൻ പ്രതിനിധികൾ മൊഴിനൽകിയത്. സംഭവം നടക്കുമ്പോൾ താൻ ഫോർട്ട് പോലീസ് സ്റ്റേഷനിലായിരുന്നെന്നും അകാരണമായി അറസ്റ്റുചെയ്തു കൊണ്ടുപോവുകയായിരുന്നെന്നുമാണ് കഴിഞ്ഞദിവസം അറസ്റ്റിലായ എ.ടി.ഒ. സാം ലോപ്പസിന്റെ മൊഴി. പോലീസ് സ്റ്റേഷനിലായിരുന്നതിനാൽ സമരത്തെക്കുറിച്ചോ ഗതാഗതം മുടക്കി ബസുകൾ റോഡിലിട്ടതിനെക്കുറിച്ചോ അറിഞ്ഞില്ലെന്നും അദ്ദേഹം കളക്ടറോടു പറഞ്ഞു.അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കും. കൂടുതൽപേരുടെ മൊഴിയുമെടുക്കും. അന്തിമറിപ്പോർട്ട് അടുത്തദിവസം സമർപ്പിക്കുമെന്നും കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2wtXe02
via
IFTTT
No comments:
Post a Comment