തിരുവനന്തപുരം : വനിതകള്‍ക്ക് രാജ്യം നല്‍കുന്ന പരമോന്നത സിവിലയന്‍ ബഹുമതിയായ നാരീശക്‌തി പുരസ്‌കാരം രാഷ്‌ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും ഏറ്റുവാങ്ങിയശേഷം കാര്‍ത്യായനിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. അവര്‍ കഴിഞ്ഞദിവസം സെക്രട്ടേറിയറ്റില്‍ എത്തിയത് തനിക്കു കിട്ടിയ വിശിഷ്‌ട ബഹുമതി മുഖ്യമന്ത്രിക്കു സമര്‍പ്പിക്കാനായാണ്. സെക്രട്ടേറിയറ്റിലേക്കുള്ള കാര്‍ത്യായനിയമ്മയുടെ രണ്ടാം വരവായിരുന്നു ഇത്. അധികമാരും അറിയാതെയായിരുന്നു ആദ്യം എത്തിയതെങ്കില്‍ സെക്രട്ടേറിയറ്റില്‍ ആവേശം നിറച്ചായിരുന്നു രണ്ടാം വരവ്.
മുഖ്യമന്ത്രിയെ കണ്ടുടന്‍ വണങ്ങി, പിന്നെ കൈയില്‍ നിധിപോലെ സൂക്ഷിച്ചിരുന്ന പുരസ്‌കാരം അദ്ദേഹത്തിനു നേര്‍ക്കുനീട്ടി. പിടിച്ചാട്ടെ സാറേ, ഇതു സാറിനുള്ളതാണ്. സാറല്ലേ, എനിക്ക് ആദ്യമായി സര്‍ട്ടിഫിക്കറ്റ് തന്നത്. അതുകേട്ട് മുഖ്യമന്ത്രി പുഞ്ചിരിച്ചു. കിട്ടിയ ബഹുമതി കൈയില്‍ വച്ചാല്‍ മതി. അത് അര്‍ഹതയ്‌ക്കുള്ള അംഗീകാരമാണ്. നാരീശക്‌തി പുരസ്‌കാരം കാര്‍ത്യായനിയമ്മയ്‌ക്കു തിരികെ നല്‍കി മുഖ്യമന്ത്രി പറഞ്ഞു.
കംപ്യൂട്ടര്‍ പഠനമൊക്കെ എങ്ങനെപോകുന്നുവെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞാല്‍ ആദ്യം ഒരു പാത്രം ചായകുടിക്കും. പിന്നെ, വായനയും എഴുത്തും കംപ്യൂട്ടര്‍ പഠനവും എന്നായിരുന്നു മറുപടി. തന്നെ കാണാനെത്തിയ മന്ത്രി കടകംപള്ളിക്ക് ആരോഗ്യം നിലനിറുത്താനുള്ള പൊടിക്കൈകളും കാര്‍ത്യായനിയമ്മ ഉപദേശിച്ചുകൊടുത്തു. മന്ത്രി സാക്ഷരതാമിഷന്‍ ഡയറക്‌ടര്‍ ഡോ.പി.എസ്.ശ്രീകലയ്‌ക്കൊപ്പമാണ് കാര്‍ത്യായനിയമ്മ സെക്രട്ടേറിയറ്റില്‍ എത്തിയത്.
2018 ഓഗസ്‌റ്റിലാണ് കാര്‍ത്യായനിയമ്മ സാക്ഷരതാമിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയില്‍ മികച്ച വിജയം നേടിയത്. 96-ാം വയസില്‍ നൂറില്‍ 98 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കോടെയായിരുന്നു വിജയം. സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു കാര്‍ത്യായനിയമ്മയ്‌ക്ക് അക്ഷരലക്ഷം സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്.
തനിക്ക് കംപ്യൂട്ടര്‍ പഠിക്കണമെന്നും പത്താംക്ലാസ് വിജയിക്കണമെന്നുമുള്ള ആഗ്രഹങ്ങള്‍ മുഖ്യമന്ത്രിയോട് മുത്തശ്ശി അന്നു പങ്കുവച്ചിരിന്നു. തുടര്‍ന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് കാര്‍ത്യായനിയമ്മയ്‌ക്ക് ലാപ്‌ടോപ്പ് വീട്ടിലെത്തി സമ്മാനിക്കുകയായിരുന്നു. ഇക്കഴിഞ്ഞ വനിതാദിനത്തിലാണ് രാഷ്‌ട്രം കാര്‍ത്യായനിയമ്മയെ നാരീശക്‌തി പുരസ്‌കാരം നല്‍കി ആദരിച്ചത്.
from mangalam.com https://ift.tt/3aH7LDR
via IFTTT
No comments:
Post a Comment