പാലാ: മേലുകാവ് ഇരുമാപ്രയിൽ മൃതദേഹം കണ്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മൂന്നിലവ് കൊന്നയ്ക്കൽ ജോൺസൺ ജോബി (ഗോവിന്ദൻ-37) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ, പിതാവ് ചാക്കോ (പാപ്പൻ-68) ആണ് അറസ്റ്റിലായത്. മേലുകാവ് കോണിപ്പാട് -ഇരുമാപ്ര റോഡിൽ പള്ളിക്ക് സമീപം കൊക്കയിലാണ് മൃതദേഹം കണ്ടത്. രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മദ്യപാനിയും ലഹരിക്ക് അടിമയുമായ ജോൺസൺ വെള്ളറയിലെ വീട്ടിലായിരുന്നു. ഉപദ്രവം കാരണം ഇയാളുടെ ഭാര്യ പിണങ്ങിപ്പോയി. തുടർന്ന് വീട് നശിപ്പിച്ച ജോൺസൺ പലപ്പോഴും മദ്യപിച്ച് വഴിയരികിലാണ് ഉറങ്ങിയിരുന്നത്. ശല്യം സഹിക്കാനാവാതെ പിതാവ് ചാക്കോയും ഭാര്യയും ചാക്കോയുടെ മാതാവും മൂന്നിലവ് എട്ടൊന്നിൽ വാടകവീട്ടിലേക്ക് മാറി. ജോൺസൺ 11-ന് രാത്രി ഒമ്പതിന് മൂന്നിലവിലെ വീട്ടിലെത്തി സാധനങ്ങൾ നശിപ്പിച്ചു. വഴക്കിനിടെ ചാക്കോ ചുറ്റികകൊണ്ട് ജോൺസനെ ഇടിച്ചു. ഇയാൾ തത്ക്ഷണം മരിച്ചു. സംഭവം കണ്ട് കുഴഞ്ഞുവീണ അമ്മയെ ചാക്കോ ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമ്മയുടെ മൃതദേഹം സഹോദരന്റെ അഞ്ചുകുടിയാറിലെ വീട്ടിൽ എത്തിച്ചിട്ട് ചാക്കോ തിരിച്ചുപോയി. പുലർച്ചെ മൂന്നോടെ ജോൺസന്റെ മൃതദേഹം പാസ്റ്റിക് കയർകൊണ്ട് കെട്ടി ജീപ്പിൽ കയറ്റി മൂന്ന് കിലോമീറ്റർ അകലെ ഇരുമാപ്രയിലെ കൊക്കയിൽ തള്ളുകയായിരുന്നു. തുടർന്ന് അമ്മയുടെ ശവസംസ്കാരത്തിലും പങ്കെടുത്തു. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ജില്ലാ പോലീസ് മേധാവി ജയദേവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പാലാ ഡിവൈ.എസ്.പി. ഷാജിമോൻ ജോസഫ്, മേലുകാവ് എസ്.ഐ. ലെബിമോൻ, നൗഷാദ്, സുനിൽ, പാലാ എസ്.ഐ. ഹാഷിം, തോമസ് സേവ്യർ, അരുൺചന്ദ്, ബിജു, രാംദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. Content Highlights: father killed son and dumps body in melukavu palai
from mathrubhumi.latestnews.rssfeed https://ift.tt/2w20AHM
via
IFTTT
No comments:
Post a Comment