മഹാമാരിയെ ഭയപ്പെട്ട് ഒരു കൂട്ടിനുള്ളില്‍ മുഖാവരണം ധരിച്ച് കഴിയുന്ന കുറെ മനുഷ്യര്‍... പുറത്ത് സ്വതന്ത്രരായി മൃഗങ്ങളും, പക്ഷികളും മറ്റും! ഇത്തരത്തിലൊരു ചിത്രം ചില തിരിച്ചറിവുകള്‍ തരുന്നു. മാത്രമല്ല, ചില ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണ് അവ.
കോവിഡ്-19 വൈറസ് ബാധയെത്തുടര്‍ന്നു ചൈന ഉള്‍പ്പെടെയുള്ള വ്യാവസായിക നഗരങ്ങളിലെ മാലിന്യം വളരെയേറെ കുറഞ്ഞതായും മനുഷ്യര്‍ പിന്‍വലിഞ്ഞതോടെ പക്ഷികളും മൃഗങ്ങളും നിരത്തിലും പൊതു ഇടങ്ങളിലും സജീവ സാന്നിദ്ധ്യമായെന്നും റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഉപഗ്രഹചിത്രങ്ങളില്‍ നഗരങ്ങളുടെ അന്തരീക്ഷ മലിനീകരണത്തോത് ഗണ്യമായി കുറഞ്ഞ് ഇവിടം ശുദ്ധവായു നിറഞ്ഞതായി കാണുന്നു.
ലോകത്തെ കഴിഞ്ഞ 10 -15 വര്‍ഷത്തിനുളളില്‍ കണ്ടെത്തിയ കടുത്ത രോഗബാധകളില്‍ 60 ശതമാനവും വന്യമൃഗങ്ങളില്‍നിന്നു പകര്‍ന്നതാണെന്ന അറിവ് ആശങ്കപ്പെടുത്തുന്നതാണ്. ജീവികളുടെ ആവാസ വ്യവസ്‌ഥയിലേക്കു മനുഷ്യന്‍ അതിക്രമിച്ചു കടക്കുമ്പോഴും അവയെ കൊന്നുതിന്നുമ്പോഴും പകര്‍ന്നു കിട്ടുന്ന രോഗങ്ങളാണവ.
പേവിഷ ബാധയും പ്‌ളേഗും പഴയ കഥകളാണെങ്കില്‍ ഇന്നു ജീവികളില്‍നിന്നു പകരുന്ന രോഗങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. എബോള, എച്ച്.ഐ.വി, ഡെങ്കി, മെര്‍സ്, ലാസ ഫീവര്‍, നിപ്പ, സാര്‍സ്, സിക്ക എന്നിവയൊക്കെ വന്യ ജീവികളില്‍നിന്നാണു പകര്‍ന്നത്. ഏറ്റവും ഒടുവില്‍ കോവിഡ് -19 പടര്‍ന്നതും മൃഗങ്ങളില്‍നിന്നാണെന്നാണു നിഗമനം.
വനങ്ങളിലെ മരങ്ങള്‍ മുറിച്ചു തളളിയും, ഖനനം നടത്തിയും, റോഡ് വെട്ടിയും ആവാസ വ്യവസ്‌ഥയെ തകര്‍ക്കുമ്പോള്‍ പക്ഷികളിലും മൃഗങ്ങളിലുമുള്ള അജ്‌ഞാതമായതും അപകടകാരിയായതുമായ വൈറസുകള്‍ മറ്റൊരിടം തേടും. ഒടുവില്‍ അവ മനുഷ്യനില്‍ കുടിയേറുന്നു. പക്ഷികളിലും മൃഗങ്ങളിലും ഈ വൈറസുകള്‍ അപകടകാരിയല്ല. എന്നാല്‍ തുറന്നുവിട്ട ഭൂതത്തെപ്പോലെ അവ മനുഷ്യനില്‍ പടരുകയും അപായപ്പെടുത്തുകയും ചെയ്യുന്നു.
വന്യമൃഗങ്ങളെ കൊന്നുതിന്നുമ്പോഴും, കൂട്ടിലടച്ച് വളര്‍ത്തുമ്പോഴും ഇതു സംഭവിക്കാം.
നഗരജീവിതവും അതിവേഗത്തിലുള്ള ഗതാഗത സംവിധാനങ്ങളും രോഗബാധ അതിവേഗം പടരാന്‍ ഇടയാക്കുന്നു.
ലോകം അഗോള ഗ്രാമമായി ചുരുങ്ങിയതിനാല്‍ രോഗം പടരാനുള്ള സാധ്യതയും കൂടും.
ഫ്‌ളാറ്റുകള്‍, ഹൗസിങ് കോളനികള്‍, മാര്‍ക്കറ്റുകള്‍, മറ്റ് പൊതുസ്‌ഥലങ്ങള്‍... ഇങ്ങനെ രോഗം പടരാന്‍ പറ്റിയ ഇടങ്ങള്‍ ഒട്ടേറെ.
രോഗം മുന്‍പ് ഒരു മലയോര ഗ്രാമത്തില്‍ മാത്രം ഒതുങ്ങിയെങ്കില്‍ (ഉദാ:. ആഫ്രിക്കയിലെ ഗാബോണില്‍ 1996 ല്‍ ചിമ്പന്‍സി ഇറച്ചി തിന്ന ഗ്രാമീണര്‍ എമ്പോള ബാധിച്ച് മരിച്ച സംഭവം) ഇന്നു ലോകം മുഴുവന്‍ പടരാന്‍ ദിവസങ്ങള്‍ മതി.
സമ്പത്തിനായി മനുഷ്യന്‍ ആര്‍ത്തിപിടിച്ചു നടത്തുന്ന ഒടുങ്ങാത്ത പ്രകൃതി നശീകരണത്തിനുളള തിരിച്ചടിയാണ് ഇന്നു ലഭിക്കുന്നത്. വികസനം എന്നാല്‍ പ്രകൃതിയെ മുച്ചൂടും മുടിക്കുക എന്നതാണ് ഇന്നത്തെ പൊതുനിലപാട്.
ഈ രോഗം പകരാതിരിക്കാന്‍ മനുഷ്യര്‍ തമ്മില്‍ അകലം പാലിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ പ്രകൃതിയിലെ ഓരോ ജീവജാലങ്ങളില്‍നിന്നും പാലിക്കേണ്ട അകലത്തെപ്പറ്റി നാം ഓര്‍ക്കാന്‍ മിനക്കെടാറില്ല.
ഇനിയും നിരവധി രോഗാണുക്കള്‍ പകരാന്‍ സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്‌ദര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
ഓരോ ജീവജാലങ്ങള്‍ക്കും പ്രകൃതി നല്‍കുന്ന സവിശേഷമായ ഓരോ ആവാസ വ്യവസ്‌ഥയുണ്ട്. ഒന്ന് മറ്റൊന്നിനുമേല്‍ അതിക്രമിച്ചു കടക്കാറില്ല. അതു പ്രകൃതിയുടെ നിയമമാണ്. ഇവിടെ എല്ലാം കൂടി കലരുമ്പോള്‍ ഒരു ജീവിയില്‍നിന്നു മറ്റൊന്നിലേക്കും പിന്നീട് മനുഷ്യനിലേക്കും രോഗം പടരുന്നു.
വന്യ ജീവികളെ മാര്‍ക്കറ്റിലെ പൊതുഇടത്തുവച്ച് "പരസ്യമായി"യി കശാപ്പ് ചെയ്‌ത് മാംസം അപ്പോള്‍ തന്നെ "ഫ്രഷ്" ആയി നല്‍കുന്ന രീതി ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്. ആഫ്രിക്ക, ചൈന, ഫിലിപ്പീന്‍സ്...തുടങ്ങി ഒട്ടനവധി രാജ്യങ്ങളില്‍ ഈ കച്ചവടം ഇപ്പോഴും തുടരുന്നു.
വെറ്റ് മാര്‍ക്കറ്റ് (നനഞ്ഞ ചന്ത) എന്നു വിളിക്കുന്ന ഈ സമ്പ്രദായം അത്യന്തം അപകടകാരമാണെന്ന് ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങളില്‍നിന്നു രോഗാണു വളരെ വേഗം പടരാന്‍ ഇത് ഇടയാക്കും.
ചെന്നായ, ചീങ്കണ്ണി, തേള്‍, എലി, അണ്ണാന്‍, കുറുക്കന്‍, ആമ, കുരങ്ങ്, വവ്വാല്‍, പാമ്പ്, പക്ഷികള്‍, പ്രാണികളായ പാറ്റ, പുഴു ... തുടങ്ങിയവയൊക്കെ ഇവിടെ ഭക്ഷ്യവസ്‌തുക്കളാണ്. ഡ്രയിനേജ് സൗകര്യമോ, മാംസം ശീതീകരിക്കാനുള്ള ഫ്രീസറുകളോ ഇവിടെയില്ല. അവ പൊതുസ്‌ഥലത്ത് പരസ്യമായി തൂക്കിയിട്ടാണു വില്‍ക്കുന്നത്.
ഒരു ജീവിയില്‍നിന്നു മറ്റൊരു ജീവിയിലേക്കു രോഗാണു പടരുകയും അവിടെ പരിണാമത്തിന് വിധേയമാവുകയും ചെയ്യും. ഇത് മനുഷ്യനില്‍ എത്തുമ്പോള്‍ മാരകമായ രോഗാണുവായി മാറുകയും മഹാമാരിയായി തീരുകയും ചെയ്യുന്നു.
ഷാര്‍ളി ബെഞ്ചമിന്‍
from mangalam.com https://ift.tt/2J77Vsg
via IFTTT
No comments:
Post a Comment