തിരുവനന്തപുരം: ജനതാകർഫ്യൂവിന് പിന്തുണയുമായി ജനങ്ങൾ വീടുകളിലേക്ക് ഒതുങ്ങിയപ്പോഴും ആശുപത്രികളിൽ കഴിയുന്നവർക്ക് കാവലായി ആരോഗ്യപ്രവർത്തകർ കർമനിരതരായിരുന്നു. നാടിന്റെ കൈയടി ഏറ്റുവാങ്ങാൻ പോലും നേരമില്ലാതെ സ്വന്തം ജീവനെ രക്ഷാവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് അവർ ഓടിനടക്കുകയായിരുന്നു. 48 മണിക്കൂറിലധികം തുടർച്ചയായി ജോലിചെയ്തിട്ടും തളരാത്ത ആത്മവീര്യമുള്ള ജീവനക്കാരുമുണ്ട് അക്കൂട്ടത്തിൽ.ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അവരുടെ ഓഫീസും പതിവിലും തിരക്കിലായിരുന്നു. ഓഫീസ് പ്രവർത്തിച്ചത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നെന്നു മാത്രം. രാവിലെ മുതൽ ആരോഗ്യ സെക്രട്ടറി, ഡയറക്ടർ തുടങ്ങിയവരുമായും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മറ്റ് ഡോക്ടർമാരുമായും ഫോണിലൂടെ നിരന്തരം അവർ സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ടിരുന്നു. അവശ്യസർവീസായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കർഫ്യൂ ദിനത്തിലും ഒഴിവില്ലാത്ത പ്രവർത്തനമായിരുന്നു ഡോക്ടർമാരുടേതും. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിലൊഴികെ ആരും അവധി എടുക്കുന്നില്ലെന്ന് ഡോക്ടർമാരുടെ സംഘടനകൾ അറിയിച്ചു. കൊറോണ ചികിത്സയില്ലാത്ത ആശുപത്രികളിൽ മറ്റു രോഗികൾ എത്തുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും നിലവിലുള്ളവരുടെ ചികിത്സ മുടക്കമില്ലാതെ തുടരുന്നുണ്ട്.വീടുകളിൽനിന്നെത്താൻ ബുദ്ധിമുട്ടുള്ള നഴ്‌സുമാർക്കും മറ്റ് ജീവനക്കാർക്കും തുടർച്ചയായി ഡ്യൂട്ടി എടുത്തോ അല്ലാതെയോ ആശുപത്രിയിൽതന്നെ തങ്ങാൻ നിർദേശിച്ചിരുന്നു. 48 മണിക്കൂർ തുടർച്ചയായി ജോലിചെയ്തശേഷമാണ് പലരും ഞായറാഴ്ച രാത്രി മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ നഴ്‌സിങ് സംഘടനകളുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡുകളിലും കവലകളിലും ബോധവത്കരണ പ്രവർത്തനം നടത്തിയിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നൂറിൽപ്പരം ജീവനക്കാർ ഇത്തരത്തിൽ ഡ്യൂട്ടി റൂമുകളിൽത്തന്നെ രാത്രി ചെലവിട്ടു. മുടങ്ങാതെ ജോലി ചെയ്തുകൊണ്ടിരുന്ന അവർക്ക് എൻ.ജി.ഒ. യൂണിയൻ പ്രവർത്തകർ ഉച്ചയ്ക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. പ്രവർത്തകരുടെ വീടുകളിൽനിന്നും ക്വാർട്ടേഴ്‌സുകളിൽനിന്നും ഭക്ഷണപ്പൊതികൾ എത്തിക്കുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2y1jHSS
via
IFTTT
No comments:
Post a Comment