കൊച്ചി: ''സൈനികവാഹനങ്ങൾ മൃതദേഹങ്ങളുമായി നിരനിരയായി പോകുന്നതു കാണുമ്പോൾ നടുങ്ങിപ്പോകും. വൈദ്യുതി ശ്മശാനങ്ങളിൽ പരിധി കവിയുമ്പോൾ മൃതദേഹങ്ങൾ മറ്റു നഗരങ്ങളിലേക്കു കൊണ്ടുപോകും. അത്ര ഭീകരമാണ് ഇവിടത്തെ സ്ഥിതി'' -വടക്കൻ ഇറ്റലിയെ വെറോണയിൽ കഴിയുന്ന മലയാളി വൈദികൻ റോജി തൂമ്പുങ്കലിന്റെ വാക്കുകൾ. കണ്ണൂർ സ്വദേശിയായ അച്ചൻ ജോൺ ദി ബാപ്റ്റിസ്റ്റ് സന്ന്യാസസഭാംഗമാണ്. 14 വർഷമായി ഇറ്റലിയിലാണ്. അദ്ദേഹത്തിന്റെ വാക്കുകൾ: ''കൊറോണ രോഗികളെക്കൊണ്ട് നിറഞ്ഞതിനാൽ ആശുപത്രികളിലേക്ക് ഗുരുതരാവസ്ഥയിലുള്ളവരെ മാത്രമേ കൊണ്ടുപോകുന്നുള്ളൂ. ബാക്കി രോഗികൾ വീടുകളിൽ വിശ്രമിക്കുകയാണ്. സമീകൃതാഹാരവും വൈറ്റമിൻ സി അടങ്ങിയ ഭക്ഷണവും കഴിക്കാനാണു നിർദേശം. സൂപ്പർമാർക്കറ്റുകൾ തുറന്നിട്ടുണ്ട്. വലിയ ക്യൂ ഉണ്ടാകും. മുഖാവരണം കിട്ടാനില്ല. കൂട്ടത്തിൽ ചെറുപ്പമായതിനാൽ ഞാനാണ് സാധനങ്ങൾ വാങ്ങാൻ പോകുന്നത്. അത്യാവശ്യ വിഭാഗക്കാരൊഴികെ ആരെയും ജോലിക്കു വിടുന്നില്ല. പട്ടിയുമായി നടക്കാൻപോകുന്നത് യൂറോപ്പിലുള്ളവരുടെ ശീലമാണ്. അതുപോലും അഞ്ച് മിനിറ്റിൽ കൂടരുതെന്ന് നിർദേശം വന്നു. കൊറോണ സ്ഥിരീകരിക്കാൻ പരിശോധന നടത്താൻപോലും കഴിയുന്നില്ല. അത്രയധികം പേർക്ക് വന്നുകഴിഞ്ഞു. മിലാൻ ഏരിയയിൽ രോഗം ബാധിച്ച് പത്തോളം വൈദികർ മരിച്ചിട്ടുണ്ട്. എന്റെ ഇടവകയിൽ ഒരാൾ മരിച്ചു. മരിക്കാൻ പോകുകയാണെന്ന് ആളുകൾക്കറിയാം. പക്ഷേ, കുടുംബാംഗങ്ങൾക്കുപോലും അടുത്തുചെല്ലാൻ പറ്റില്ല'' -അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ചല്ലാത്ത മരണങ്ങളുടെ സംസ്കാരംപോലും വളരെ ലളിതമാക്കിയെന്ന് വെനീസിൽ താമസിക്കുന്ന ഫാ. ജോഫി തോട്ടാങ്കര പറഞ്ഞു. സെമിത്തേരിയിൽ ഒരു മിനിറ്റിൽ പ്രാർഥന തീർക്കുകയാണ്. ലൈസൻസുള്ള ഏജൻസികളാണ് ഇവിടെ ശവസംസ്കാരത്തിനുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അവർ ജോലിനിർത്തിയതോടെ ശവസംസ്കാരം വലിയ പ്രശ്നമായിരിക്കുകയാണ്. ലൊംബാർഡിയ, എമിലിയ റെമാഞ്ഞ, വേനത്തോ മേഖലകളിലാണ് രോഗം കൂടുതൽ ബാധിച്ചിരിക്കുന്നത്. മധ്യ, തെക്കൻ ഇറ്റലിയിൽ ഒരുപാട് മലയാളികളുണ്ട് -പെരുമ്പാവൂർ ചേരാനല്ലൂർ സ്വദേശിയായ ഫാ. ജോഫി പറഞ്ഞു. Content Highlight: coronavirus: priest the describing sights of Italy
from mathrubhumi.latestnews.rssfeed https://ift.tt/2UySpdU
via
IFTTT
No comments:
Post a Comment