കൊറോണ രോഗബാധ നേരിടാൻ സാർക് രാജ്യങ്ങൾ അടിയന്തര നിധി (എമർജൻസി ഫണ്ട് ) സ്വരൂപിക്കണമെന്ന് ഇന്ത്യ. അതിനുള്ള ആദ്യവിഹിതമെന്ന നിലയിൽ ഒരു കോടി ഡോളർ (ഏതാണ്ട് 74 കോടി രൂപ) ഇന്ത്യ വാഗ്ദാനം ചെയ്തു. സാർക് രാജ്യത്തലവന്മാരുമായി ഞായറാഴ്ച വൈകീട്ട് നടത്തിയ വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്രേ മോദിയാണ് ഈ പ്രഖ്യാപനം നടത്തിയത്. അടിയന്തരഘട്ടത്തിൽ കൊറോണയെ നേരിടാൻ അംഗരാജ്യങ്ങൾക്ക് ഈ ഫണ്ട് ഉപയോഗിക്കാമെന്നും മോദി പറഞ്ഞു. നിർദേശത്തെ ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങൾ സ്വാഗതം ചെയ്തു. അടുത്തയാഴ്ച ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മോദി മുൻകൈയെടുത്താണ് കൊറോണ വിഷയം ചർച്ചചെയ്യാൻ സാർക് രാജ്യത്തലവന്മാരുടെ വീഡിയോ കോൺഫറൻസ് സംഘടിപ്പിച്ചത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്സെ, മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലിഹ്, അഫ്ഗാനിസ്താൻ പ്രസിഡന്റ് അഷ്റഫ് ഗനി, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, ഭൂട്ടാൻ പ്രധാനമന്ത്രി ലോടയ് ഷെറിങ് എന്നിവരും പാകിസ്താൻ പ്രധാനമന്ത്രിയുടെ ആരോഗ്യകാര്യ ഉപദേശകൻ ഡോ. സഫർ മിർസയുമാണ് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്. ലോകം നേരിടുന്ന വെല്ലുവിളിയെ കൂട്ടായി നേരിടേണ്ട സമയമാണെന്ന് ചർച്ചയ്ക്കു തുടക്കമിട്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇതിനായി സാർക് രാജ്യങ്ങളുടെ സംഭാവനകളെ അടിസ്ഥാനമാക്കി അടിയന്തര നിധി തയ്യാറാക്കണം. ഏതു രാജ്യത്തിനും അടിയന്തരഘട്ടത്തിൽ ഈ നിധിയിൽനിന്ന് പണമെടുക്കാൻ കഴിയണം. ആരോഗ്യവിദഗ്ധരെയും ഡോക്ടർമാരെയും ഉൾപ്പെടുത്തി ഒരു തീവ്ര പ്രതികരണസംഘത്തിന് ഇന്ത്യ രൂപം കൊടുത്തിട്ടുണ്ട്. മരുന്നുകൾ, ഉപകരണങ്ങൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഏതെങ്കിലും രാജ്യത്തിന് അടിയന്തരസഹായം ആവശ്യമായാൽ ഈ സംഘത്തെ അയക്കും -പ്രധാനമന്ത്രി അറിയിച്ചു. കശ്മീർ വിഷയം ഉയർത്തി പാകിസ്താൻ കൊറോണ ചർച്ചചെയ്യാൻ വിളിച്ച വീഡിയോ കോൺഫറൻസിലും കശ്മീർവിഷയം ഉയർത്തി പാകിസ്താൻ. ജമ്മുകശ്മീരിൽ കോവിഡ്-19 കണ്ടെത്തിയത് ആശങ്കാജനകമാണെന്നും ആരോഗ്യാടിയന്തരാവസ്ഥ കണക്കിലെടുത്ത് അവിടെ നിലനിൽക്കുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കണമെന്നുമാണ് പാകിസ്താൻ ചർച്ചയിൽ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ആരോഗ്യകാര്യ ഉപദേഷ്ടാവ് ഡോ. സഫർ മിർസയാണ് പാകിസ്താനെ പ്രതിനിധാനംചെയ്ത് സംസാരിച്ചത്. തർക്കസ്ഥലം എന്നാണ് തന്റെ പ്രസംഗത്തിന്റെ ഒരുഭാഗത്ത് സഫർ മിർസ കശ്മീരിനെ പരാമർശിച്ചത്. Content Highlights:Coronavirus SAARC
from mathrubhumi.latestnews.rssfeed https://ift.tt/2WgBNKs
via
IFTTT
No comments:
Post a Comment