കോവിഡ്-19 രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താനായി സംസ്‌ഥാനത്തു പരിശോധന കര്‍ശനമാക്കി. പരിശോധന റെയില്‍വേ സ്‌റ്റേഷനുകളിലേക്കും റോഡുകളിലേക്കും വ്യാപിപ്പിക്കും. ഇടുക്കിയില്‍ വിനോദസഞ്ചാരം നിര്‍ത്തിവച്ചു. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത വിദേശ സഞ്ചാരികള്‍ക്കെതിരേ നടപടിക്കു തീരുമാനം. കൈകള്‍ ശുചിയാക്കുന്നതിന് പൊതുസ്‌ഥലങ്ങളിലടക്കം സൗകര്യമൊരുക്കി "ബ്രേക് ദ് ചെയിന്‍" കാമ്പയിന്‍ നടത്തും. മഹാമാരിക്കെതിരേ കൂട്ടായ പ്രവര്‍ത്തനം ഉറപ്പാക്കാനായി ഇന്നു സര്‍വകക്ഷി യോഗം വിളിക്കാനും സര്‍ക്കാര്‍ തീരുമാനം.
അതിനിടെ, സംസ്‌ഥാനത്ത് രണ്ടു പേര്‍ക്കു കൂടി കോവിഡ്-19 വൈറസ് ബാധ സ്‌ഥിരീകരിച്ചു. വിദേശത്തുനിന്നു തിരിച്ചെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്‌ടര്‍ക്കും മൂന്നാറില്‍നിന്നു മടങ്ങാന്‍ ശ്രമിച്ച ബ്രിട്ടീഷുകാരനിലുമാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. വൈറസ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 21 ആയി. എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരം. വിവിധ ജില്ലകളിലായി 10,944 പേര്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങളുള്ള 2,147 പേരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. 1,514 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
അതിര്‍ത്തി ജില്ലകളില്‍വച്ച് ട്രെയിനുകളില്‍ പരിശോധന നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചാണ് ദീര്‍ഘദൂര ട്രെയിനുകളില്‍നിന്ന് ഇറങ്ങുന്ന യാത്രക്കാരെ സ്‌റ്റേഷനുകളില്‍വച്ച് പരിശോധിക്കുന്നത്. ഇതിനായി ഉദ്യോഗസ്‌ഥര്‍ക്കൊപ്പം കൂടുതല്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ വളണ്ടിയര്‍മാരെ വിന്യസിക്കും. വൈറസ് ബാധ ഭയന്ന് ആരും പുറത്തിറങ്ങാത്ത അവസ്‌ഥയുണ്ടാകരുത്. കൂട്ടംകൂടുന്നത് ഒഴിവാക്കാനേ നിര്‍ദേശിച്ചിട്ടുള്ളൂ. വൈറസ് വ്യാപകമായി പകരുന്ന സാഹചര്യം ഒഴിവാക്കാനാണിത്- മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് സര്‍വീസുകള്‍ സാധാരണ നിലയിലാണെന്നു മോട്ടോര്‍ വാഹന വകുപ്പും പോലീസും ഉറപ്പുവരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കടകളും മാളുകളുമടക്കം വ്യാപാര സ്‌ഥാപനങ്ങളും പ്രവര്‍ത്തിക്കാനാവശ്യമായ നടപടിയെടുക്കണം. ജനങ്ങള്‍ക്കു സാധാരണപോലെ ജീവിക്കാനാവശ്യമായ എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പരീക്ഷകള്‍ മുന്‍നിശ്‌ചയപ്രകാരം നടത്തും. ജനങ്ങള്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പാലിക്കണം. മറ്റു സംസ്‌ഥാനങ്ങളില്‍നിന്നുള്ളവരെ കേന്ദ്രീകരിച്ച് നാളെ മുതല്‍ റോഡുകളില്‍ പരിശോധന നടത്തും. ഇതര സംസ്‌ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്‌ഥലങ്ങളിലും പരിശോധയുണ്ടാകും. വിദേശികളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കും.
വിവിധ മതസ്‌ഥരുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാന്‍ കലക്‌ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കും. ജനങ്ങള്‍ ഒത്തുചേരുന്ന ചടങ്ങുകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വിശദീകരിക്കും. ആശുപത്രികളില്‍ വെന്റിലേറ്റര്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പ് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നു സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ മരിച്ചയാളെ പരിചരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിയടക്കം തൃശൂരില്‍ എട്ടുപേരെ നിരീക്ഷണത്തിനായി പുതുതായി ആശുപത്രിയിലാക്കി. കോവിഡ് ബാധിതനായ വിദേശി താമസിച്ച ചെറുതുരുത്തിയിലെ റിസോര്‍ട്ട് അടച്ചിട്ടു.
ഇയാളുമായി ഇടപഴകിയ റിസോര്‍ട്ട് ജീവനക്കാരും താമസക്കാരും ഉള്‍പ്പെടെ 59 പേരെ നിരീക്ഷണത്തിലാക്കി. എറണാകുളത്ത് പുതുതായി 87 പേരെ നിരീക്ഷണത്തിലാക്കി. ഇതില്‍ 77 പേര്‍ വീടുകളിലാണ്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് രോഗം സ്‌ഥിരീകരിച്ച യു.കെ. പൗരന്റെ ഭാര്യയടക്കം 680 പേര്‍.
പത്തനംതിട്ടയില്‍ മൂന്നു പേരെക്കൂടി നിരീക്ഷണത്തിനായി ആശുപത്രിയിലാക്കി. പുതുതായി ലഭിച്ച സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവാണ്. ഫെബ്രുവരി 25-നു ശേഷം ജില്ലയിലേക്ക് വിദേശത്തുനിന്ന് 430 പേരാണ് എത്തിയതെന്നു കണ്ടെത്തി. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. വിദേശ വിനോദസഞ്ചാരികള്‍ താമസസ്‌ഥലത്തുനിന്നു പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഹോട്ടല്‍, ഹോംസ്‌റ്റേ, റിസോര്‍ട്ട് തുടങ്ങി എല്ലാ സ്‌ഥാപനങ്ങളുടെയും ഉടമകള്‍ക്ക് ആലപ്പുഴ കലക്‌ടര്‍ നിര്‍ദേശം നല്‍കി.
from mangalam.com https://ift.tt/2U70hDw
via IFTTT
No comments:
Post a Comment