നിശ്ശബ്ദതെരുവുകളിലെ സാന്ത്വനസംഗീതം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 15, 2020

നിശ്ശബ്ദതെരുവുകളിലെ സാന്ത്വനസംഗീതം

മാർച്ച് ഒമ്പതുമുതൽ റോമിലെ മാത്രമല്ല ഇറ്റലിയിലെ ജനതയെ ഒന്നാകെ ക്വാറന്റയിൻ ചെയ്തിരിക്കുന്നു. മരുന്ന്-ഭക്ഷണം എന്നിവ വാങ്ങാൻ ഒരു കുടുംബത്തിലെ ഒരാൾക്ക് പുറത്തിറങ്ങാം. ഫാർമസിയും സൂപ്പർമാർക്കറ്റുമൊഴികെ എല്ലാം അടഞ്ഞുകിടക്കുന്നു. ചില ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നെ അതിശയിപ്പിക്കുന്നത് ഈ അവസ്ഥയിലും ഇവിടത്തെ ജനതയുടെ ധൈര്യമാണ്. ഇവർ വളരെ ശ്രദ്ധാലുക്കളാണെങ്കിലും ഭീതിതരോ പരിഭ്രാന്തരോ അല്ല. മഹാവ്യാധിയോട് പൊരുതാൻ സായാഹ്ന സംഗീതംകൊണ്ടുപോലും അവർ മനസ്സിനെ സജ്ജമാക്കുന്നു. വീടിന്റെ ജനാലകളും ടെറസുകളും തുറന്ന് വൈകുന്നേരങ്ങളിൽ ഇവർ കൈയടിച്ചു പാടുന്നു. റോമിലെ മേയർ വിർജീനിയ റാജിയുടെ ആവശ്യപ്രകാരം മാർച്ച് 13-ന് ഏഴുമണിക്ക് റോമൻ നഗരവാസികൾ ദേശീയഗാനവും ജനകീയഗാനങ്ങളും ആലപിക്കുകയും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സേവനങ്ങളെ ശ്ലാഘിക്കുകയുംചെയ്തു. ഇവ ഇനിയുള്ള ദിവസങ്ങളിലും തുടരാം. ചിലപ്പോൾ സ്വപ്നമോ യാഥാർഥ്യമോ എന്നുതോന്നും. ഒരു സൂപ്പർമാർക്കറ്റിൽ കയറാൻ രണ്ടുമണിക്കൂർവരെ ക്യൂ നിൽക്കേണ്ട അവസ്ഥ. വിനോദസഞ്ചാരവും വാണിജ്യ-വ്യവസായ സംരഭങ്ങളും മരവിച്ച് എവിടെയും നിശ്ശബ്ദതമാത്രം. ആരും മിണ്ടാൻപോലും മടിക്കുന്നു. എങ്കിലും പറയട്ടെ, ഭീകരമല്ല കാര്യങ്ങൾ. എല്ലാം ഒരു ഒഴുക്കിൽപ്പെട്ടപോലെ നമ്മൾ ചെയ്യുന്നു. സർക്കാരിന്റെ കർശന നിർദേശങ്ങൾ പാലിക്കുക എന്നതാണ് പൗരന്റെ ധർമം. അതെല്ലാവരും ചെയ്യുന്നു. ജനുവരി 31-ന് ഇറ്റലിയിലെ വടക്ക് പ്രവിശ്യയായ ലൊംബാർഡിയയിലെ കൊദോണോ എന്ന സ്ഥലത്താണ് കോവിഡ്-19 ആദ്യമായി സ്ഥിരീകരിച്ചത്. പിന്നീട് സമീപപ്രവിശ്യകളായ വെനീസ്, പിയമോന്തെ, എമീലിയ റൊമാണ തുടങ്ങിയിടങ്ങളിലും വ്യാപിച്ചു. ഇവിടങ്ങൾ റെഡ്സോൺ ആയി ഉത്തരവിറക്കിയെങ്കിലും ആരും ഗൗരവമായി എടുത്തില്ല. അഭിസംബോധനാ രീതികളും മറ്റും രോഗം ഇത്രയധികം പകരാൻ കാരണമായെന്നുവേണം കരുതാൻ. മാർച്ച് അഞ്ചിന് സർക്കാർ സ്കൂളുകളും സർവകലാശാലകളും ഒന്നാകെ പൂട്ടി. ഒമ്പതിന് മുഴുവൻ സ്ഥലവും 'സംരക്ഷിതമേഖല'യായി പ്രഖ്യാപിച്ചു. തുടർന്ന് ഫാർമസിയും സൂപ്പർമാർക്കറ്റുമൊഴികെ എല്ലാം അടച്ചു. ജനങ്ങൾ തമ്മിൽ ഒന്നര മീറ്റർ അകലം പാലിക്കുക തുടങ്ങിയ കർശന നിയമങ്ങൾ നടപ്പാക്കി. റായ്ന്യൂസിലൂടെ എല്ലാദിവസവും ആറുമണിക്ക് കൃത്യമായ ബോധവത്കരണം നടത്തുന്നു. ഇതിനായി ഒരു കമ്മിഷൻ പ്രവർത്തിക്കുന്നു. നിലവിലെ അവസ്ഥയിൽ ദിവസം 2000 ആളുകൾ രോഗബാധിതരാകുന്നു. അതിൽ ഇരുനൂറോളംപേർ മരിക്കുന്നു. മറ്റു രോഗമുള്ളവരും 80-നുമേൽ പ്രായമുള്ളവരുമാണ് മരിക്കുന്നത്. ബാക്കിയാളുകൾ സുഖംപ്രാപിക്കുന്നു. ശൈത്യകാല വൈറൽപനിയുടെ സമയമാണിപ്പോൾ ഇറ്റലിയിൽ. എല്ലാവർഷവും ശൈത്യകാലരോഗംകൊണ്ടും ഈ സമയത്ത് ആളുകൾ മരിക്കാറുണ്ട്. യൂറോപ്പിലെ ഏറ്റവുംനല്ല പൊതു ആരോഗ്യമേഖലകളിലൊന്നാണ് ഇറ്റലിയിലേത്. രോഗലക്ഷണങ്ങൾ കണ്ടാൽ നമുക്ക് വീട്ടിൽനിന്നു വിളിക്കാനുള്ള സംവിധാനങ്ങളുണ്ട്. ആംബുലൻസിൽ അവർ നമ്മെ സ്പെഷ്യലൈസ്ഡ് ആശുപത്രിയിൽ എത്തിക്കുന്നു. ചികിത്സച്ചെലവുകൾ സർക്കാർ വഹിക്കുകയെന്നതാണ് രീതി. വത്തിക്കാനിൽ മാർപാപ്പ എല്ലാദിവസവും ദിവ്യബലിയർപ്പിച്ചു പ്രാർഥിക്കുന്നുണ്ട്. കൂടാതെ ഇറ്റാലിയൻ ജനത ശുഭാപ്തി വിശ്വാസികളും കഠിനാധ്വാനികളും ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്നവരുമാണ്. അതുകൊണ്ടുതന്നെ അവർ ഈ പ്രതിസന്ധിയെ നേരിടുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. ഒരു പ്രവാസി ആദ്യം പഠിക്കേണ്ട ചില കാര്യങ്ങൾക്കുള്ള ഒരു അവസരമാണിതെന്നു തോന്നുന്നു. എന്തിന് നമ്മൾ ഈ രോഗവുമായി നമ്മുടെ നാടിനും നാട്ടുകാർക്കും ബന്ധുക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കണം. ഇവിടെ എല്ലാ ആധുനിക ചികിത്സാസൗകര്യങ്ങളും ലഭ്യമാണ്. അതുകൊണ്ടുതന്നെ ഇറ്റാലിയൻ ജനതയോടൊപ്പം കൈകോർത്ത് നമുക്കു പറയാം: 'ഇറ്റലി മുന്നോട്ട്'. എല്ലാം നിയന്ത്രണവിധേയമാവട്ടെയെന്ന ആഗ്രഹത്തോടെ ഇറ്റാലിയൻ മലയാളികളേ, നമുക്ക് ഇറ്റലിയിൽത്തന്നെ ധൈര്യപൂർവം തുടരാം.


from mathrubhumi.latestnews.rssfeed https://ift.tt/2UbUwEj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages