കണ്ണൂർ :“വരുന്ന 22-നാണ് മോന്റെ കല്യാണം നിശ്ചയിച്ചിരുന്നത്. ഒരുക്കങ്ങളെല്ലാം പൂർത്തിയായതാണ്. ആയിരത്തോളം ക്ഷണക്കത്തുകൾ വിതരണംചെയ്തു, കൂത്തുപറമ്പ് ബാങ്ക് ഓഡിറ്റോറിയം ബുക്ക് ചെയ്തു, 2000 പേർക്കുള്ള സദ്യവട്ടവുമൊരുക്കി. അപ്പോഴാണ് വിദേശത്തുനിന്ന് മോന്റെ കോൾ. നാട്ടിലെത്താനാവില്ല, കല്യാണം മാറ്റിവെക്കണമെന്ന ആവശ്യവുമായി...” ഓസ്ട്രേലിയയിൽ ഹോസ്പിറ്റൽ ജീവനക്കാരനായ മകൻ രാഹുലിന്റെ കല്യാണം മാറ്റിവെച്ച കാര്യം പറയുന്നത് കൂത്തുപറമ്പ് സ്വദേശിയും കോൺഗ്രസ് നേതാവുമായ കെ.പ്രഭാകരൻ. വധുവിന്റെ വീട്ടുകാരുടെ സമ്മതത്തോടെ രാഹുലിന്റെ കല്യാണം അനിശ്ചിതമായി നീട്ടിയിരിക്കുകയാണ്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശപ്രകാരം മാറ്റിയത് നിരവധി വിവാഹങ്ങൾ. ആർഭാടങ്ങൾ പൂർണമായും ഒഴിവാക്കി ചടങ്ങ് താലികെട്ടിൽമാത്രം ഒതുക്കുന്ന കല്യാണങ്ങളുടെ എണ്ണം ഇതിന്റെ ഇരട്ടിയോളം വരും. കല്യാണത്തലേന്നത്തെ അതിഥിസത്കാരവും കല്യാണശേഷമുള്ള വിരുന്നുസത്കാരവും ഒഴിവാക്കിയതിൽപ്പെടും. മലപ്പട്ടം സെന്ററിലെ ചന്ദ്രത്തിൽ ഹൗസിൽ സി.ഭാസ്കരന്റെ മകൻ പ്രമോദിന്റെ ഞായറാഴ്ച നടക്കുന്ന കല്യാണത്തിന്റെ തലേന്ന് വീട്ടിൽ നടത്താനിരുന്ന അതിഥിസത്കാരം പൂർണമായും ഒഴിവാക്കി. “പാചകക്കാർ തന്ന ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങൾ വാങ്ങാൻ ആളെവരെ വിട്ടതാണ്. 3500 പേരുടെ സദ്യയായിരുന്നു ഉദ്ദേശിച്ചിരുന്നത്. കെട്ടിയ പന്തൽപോലും അഴിച്ചുമാറ്റി. നഷ്ടമുണ്ടായതിലല്ല സങ്കടം, ബന്ധുക്കളും നാട്ടുകാരുമെല്ലാം ഏറെ സന്തോഷത്തോടെ കാത്തുനിന്നതായിരുന്നു കല്യാണംകൂടാൻ...” വരൻ പ്രമോദിന്റെ സഹോദരൻ പ്രവീൺ പറയുന്നു. കർണ്ണാടക മടിക്കേരിയിലെ വധുവിന്റെ ബന്ധുക്കളോടും കല്യാണച്ചടങ്ങ് ലളിതമാക്കി നടത്താൻ ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച കല്യാശ്ശേരി പി.സി.ആർ. ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കാനിരുന്ന ബക്കളം സ്വദേശി തറോൽ ബാലകൃഷ്ണന്റെ മകൾ ഷിമ്യയുടെ വിവാഹവേദി വധൂഗൃഹത്തിലേക്ക് മാറ്റി. മയ്യിൽ മാണിക്കോത്ത് ഹരീഷ്കുമാറിന്റെ മകൾ തുളസിയും കണ്ടക്കൈയിലെ എം.വി. ഭാസ്കരൻ നമ്പ്യാരുടെ മകൻ സുമേഷും തമ്മിൽ 16- ന് മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന വിവാഹം ആറാം മൈൽ താഴെയുള്ള വധൂഗൃഹത്തിൽ ലളിതമായി നടത്താൻ തീരുമാനിച്ചു. തളിപ്പറമ്പ് കുറ്റ്യേരിയിലെ പി.പി.ശശിധരൻ, കൊഴുമ്മലിലെ പന്നിക്കേൻ പദ്മനാഭൻ, മണിയറയിലെ കിഴക്കെകരയിൽ തെക്കിനയിൽ മാധവൻ, കല്യാശ്ശേരി വടേശ്വരത്തെ 'ഹെവൻസി'ൽ സി.പി.സുഭാഷ് തുടങ്ങി നിരവധിപേർ മക്കളുടെ വിവാഹം ആഘോഷമൊഴിവാക്കി ചടങ്ങിൽ മാത്രമായി ഒതുക്കി. സാമൂഹികമാധ്യമങ്ങളിലൂടെയും പത്ര പരസ്യങ്ങളിലൂടെയുമാണ് മിക്കവരും ചടങ്ങ് ലഘൂകരിച്ച വിവരം വേണ്ടപ്പെട്ടവരെ അറിയിക്കുന്നത്. സർക്കാർ നിർദേശം മാനിച്ചും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളോട് സഹകരിച്ചും ക്ഷണിതാക്കളുടെ ആശങ്ക പരിഗണിച്ചുമാണ് കല്യാണങ്ങൾ ഒഴിവാക്കുന്നതും ലളിതമാക്കുന്നതും. പാചകക്കാർ, പന്തൽ പണിക്കാർ, വാഹന ജീവനക്കാർ, ഓഡിറ്റോറിയം നടത്തിപ്പുകാർ, വീഡിയോ-ഫോട്ടോഗ്രാഫർമാർ, പൂക്കച്ചവടക്കാർ, ഇവന്റ് മാനേജ്മെന്റ് നടത്തിപ്പുകാർ തുടങ്ങി വിവിധ മേഖലയിൽപ്പെട്ടവരുടെ നില ഇതോടെ പരുങ്ങലിലായി. അവധി കഴിഞ്ഞിട്ടും സുരക്ഷയെക്കരുതി വിദേശത്തെ ജോലിസ്ഥലത്തേക്ക് തിരികെപ്പോകാത്തവരും നിരവധിയുണ്ട്. Content Highlights: Simple weddings in a corona spread situation
from mathrubhumi.latestnews.rssfeed https://ift.tt/2IJsbA2
via
IFTTT
No comments:
Post a Comment