കോവളം : അടിമലത്തുറ കടൽത്തീരത്ത് വെള്ളിയാഴ്ച തിരയിൽപ്പെട്ട മൂന്ന് വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹംകൂടി ശനിയാഴ്ച കണ്ടെടുത്തു. കോട്ടുകാൽ പുന്നവിള റോഡരികത്ത് വീട്ടിൽ പെരുമ്പഴുതൂർ ഗവ. പോളിടെക്നിക്കിലെ ജീവനക്കാരനായ വിജയന്റെയും ശശികലയുടെയും മകളായ ശരണ്യയുടെ(20) മൃതദേഹമാണ് കണ്ടെടുത്തത്. വൈകുന്നേരം മൂന്നുമണിയോടെ അടിമലത്തുറയിൽനിന്ന് വിഴിഞ്ഞം കോസ്റ്റൽ പോലീസിന്റെ പട്രോളിങ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. വിഴിഞ്ഞം കിടാരക്കുഴിയിൽ കിടങ്ങിൽ പരേതനായ സുരേന്ദ്രന്റെയും ബിന്ദു സരോജയുടെയും മകൾ നിഷയുടെ മൃതദേഹം വെള്ളിയാഴ്ചതന്നെ ലഭിച്ചിരുന്നു. ഇവരോടൊപ്പം അപകടത്തിൽപ്പെട്ട കോട്ടുകാൽ പുന്നക്കുളം എസ്.എം. വീട്ടിൽ ഷമ്മിയുടെയും മായയുടെയും മകൾ ഷാരുവിനെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്. കളിയിക്കാവിള മലങ്കര കത്തോലിക്കാ കോളേജിലെ രണ്ടാംവർഷ ബി.ബി.എ. വിദ്യാർഥിനിയാണ് മരിച്ച ശരണ്യ. സനിലാണ് സഹോദരൻ. ശരണ്യയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശവസംസ്കാരം ഞായറാഴ്ച മൃതദേഹപരിശോധനയ്ക്കു ശേഷം വീട്ടുവളപ്പിൽ. വിഴിഞ്ഞം കോസ്റ്റൽ സി.ഐ. വി.അശോക കുമാറിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് വിദ്യാർഥിനികൾ സ്കൂട്ടറിൽ അടിമലത്തുറ കടൽത്തീരത്തേക്കു പോയത്. വൈകീട്ട് ആറുമണിയായിട്ടും ഇവരെ കാണാത്തതിനെത്തുടർന്ന് നിഷയുടെ വീട്ടുകാർ മൊബൈൽഫോണിലേക്കു വിളിച്ചുവെങ്കിലും ഫോണെടുത്തില്ല. ഇതേത്തുടർന്ന് സന്ധ്യയോടെ നിഷയുടെ ബന്ധു ആനന്ദ് വിഴിഞ്ഞം പോലീസിൽ പരാതിനൽകി. കടലിലൂടെ പെൺകുട്ടിയുടെ മൃതദേഹം ഒഴുകിപ്പോകുന്നതായി വിവരം ലഭിച്ച വിഴിഞ്ഞം കോസ്റ്റൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച രാത്രിയോടെ നിഷയുടെ മൃതദേഹം കണ്ടെത്തിയത്.ശനിയാഴ്ച വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/38T0krG
via
IFTTT
No comments:
Post a Comment