റായ്‍പുർ: ഛത്തിസ്ഗഢിലെ സുക്മ ജില്ലയിൽ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടിൽ കാണാതായ 17 സുരക്ഷാ ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ ഞായറാഴ്ച കണ്ടെത്തി. ശനിയാഴ്ച എളംഗുണ്ടയിലുണ്ടായ ഏറ്റുമുട്ടലിൽ 15 സേനാംഗങ്ങൾക്കു പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെയെല്ലാം ഹെലികോപ്റ്ററിൽ റായ്‍പുരിലെത്തിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിരച്ചിൽ സംഘം കണ്ടെത്തിയ മൃതദേഹങ്ങൾ വനത്തിനു പുറത്തെത്തിച്ചതായി ബസ്തർ റേഞ്ച് ഐ.ജി. സുന്ദർരാജ് പി. പറഞ്ഞു. മാവോവാദികൾ ഒത്തുചേരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ജില്ലാ റിസർവ് ഗാർഡ് (ഡി.ആർ.ജി.), പ്രത്യേക ദൗത്യസേന (എസ്.ടി.എഫ്.), സി.ആർ.പി.എഫിന്റെ കോബ്ര എന്നിവയിൽപ്പെട്ട അറുന്നൂറോളം സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യേകസംഘങ്ങളായി ആക്രമണത്തിനു തയ്യാറെടുക്കുകയായിരുന്നു. സംഘം മിൻപ ഗ്രാമത്തിലെ വനത്തിനടുത്തെത്തിയപ്പോൾ സായുധരായ ഇരുന്നൂറ്റമ്പതോളം മാവോവാദികൾ ഇവർക്കുനേരെ ആക്രമണമഴിച്ചുവിട്ടു. ഏറ്റുമുട്ടൽ രണ്ടരമണിക്കൂർ നീണ്ടുനിന്നെന്ന് ഐ.ജി. സുന്ദർരാജ് പറഞ്ഞു. ഇതേത്തുടർന്നാണ് 17 ഉദ്യോഗസ്ഥരെ കാണാതായത്. ഇവർക്കായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പോലീസിന്റെ 16 യന്ത്രത്തോക്കുകളും ഗ്രനേഡ് ലോഞ്ചറും ആക്രമണത്തിനുശേഷം കാണാനില്ലെന്ന് അധികൃതർ പറഞ്ഞു. മാവോവാദിസാന്നിധ്യം ഏറ്റവും കൂടുതലുള്ള ബസ്തർ മേഖലയിലുൾപ്പെട്ടതാണ് സുക്മ.
from mathrubhumi.latestnews.rssfeed https://ift.tt/3976RPD
via
IFTTT
No comments:
Post a Comment