ന്യൂഡല്‍ഹി: കോവിഡ് 19 ന്റെ പശ്ചത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഷഹീന്‍ബാഗില്‍ സമരക്കാരെയും ഒഴിപ്പിച്ചു. കര്‍ഫ്യൂ ഉള്ളതിനാല്‍ ആള്‍ക്കൂട്ടം അനുവദിക്കാനാകില്ലെന്ന് പോലീസ് സമരക്കാരെ അറിയിച്ചു. ഇതോടെ മൂന്ന് മാസത്തോളം നീണ്ടു നീണ്ടു നിന്ന സമരമാണ് അവസാനിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ തുടങ്ങിയ സമരം 101 ദിവസത്തിന് ശേഷം ഇന്ന് രാവിലെയാണ് ഒഴിപ്പിച്ചത്. പോലീസ് ബലംപ്രയോഗിച്ച് സമരക്കാരെ നീക്കി.
രാത്രി ഏകെ വൈകി വനിതകള്‍ അടക്കം അനേകം പേരാണ് പിടിയിലായത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പോലീസ് ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിട്ടും സമരക്കാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്നാണ് പോലീസ് കര്‍ശനമായ നടപടിയിലേക്ക് നീങ്ങിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കാര്‍ കൂട്ടം കൂടുന്നതിന് നിരോധനം ഉണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നടപടികള്‍ കഴിഞ്ഞയാഴ്ച തന്നെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു.
മാര്‍ച്ച് 31 വരെ 50 പേരില്‍ കൂടുതലുള്ള എല്ലാ മത - സാമുദായിക - സാംസ്‌ക്കാരിക കൂട്ടായ്മകളൊന്നും പാടില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. രോഗം കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാന്‍ ഈ നിര്‍ദേശം പ്രതിഷേധക്കാര്‍ക്കും ബാധകമാണെന്ന് പോലീസ് പറഞ്ഞു. രോഗം സ്ഥിരീകരിച്ച 22 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലാണു കേന്ദ്രം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഡല്‍ഹിയും ഉള്‍പ്പെടുന്നുണ്ട്. റെയില്‍വേയും മെട്രോയുമടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തലാക്കി.
അവശ്യസേവനമേഖലകള്‍ക്കു മാത്രമാണു പ്രവര്‍ത്തനാനുമതി. രാജ്യാന്തര വിമാന സര്‍വീസുകള്‍ നേരത്തേ റദ്ദാക്കിയിരുന്നു. കേന്ദ്രനിര്‍ദേശപ്രകാരം ഞായറാഴ്ച രാത്രിതന്നെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച ഡല്‍ഹിയില്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ സര്‍വീസും നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ആ നടപടി ഇന്നലെ രാവിലെ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കൂടുതല്‍ സംസ്ഥാനങ്ങള്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെയാണു കേന്ദ്രം നിലപാട് തിരുത്തിയത്.
ഡല്‍ഹി, ഝാര്‍ഖണ്ഡ്. പഞ്ചാബ്, നാഗാലാന്‍ഡ് സംസ്ഥാനങ്ങള്‍ ജനതാ കര്‍ഫ്യു ദിനമായ ഞായറാഴ്ച രാത്രിതന്നെ അടച്ചുപൂട്ടി. ഇന്നലെ കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, പശ്ചിമബംഗാള്‍, ഛത്തിസ്ഗഡ്, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ജമ്മു കശ്മീര്‍, ലഡാക്ക്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു.
31 വരെ അടച്ചുപൂട്ടലിനാണു നിര്‍ദേശമെങ്കിലും സ്ഥിതിഗതികള്‍ വിലയിരുത്തി ഏപ്രില്‍ പകുതിവരെ നീട്ടുന്നകാര്യം പിന്നീട് അറിയിക്കുമെന്ന് ആരോഗ്യമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. കേരളവും തെലങ്കാനയും ആന്ധ്രയും അതിര്‍ത്തികള്‍ അടച്ചു. ആന്ധ്ര സര്‍ക്കാര്‍ ദിവസവേതനക്കാര്‍ക്ക് 1000 രൂപ സഹായം പ്രഖ്യാപിച്ചു. തെലങ്കാനയില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കുടുബത്തിലെ ഒരാള്‍ക്കു മാത്രമാണ് അനുമതി. കര്‍ണാടകത്തില്‍ ഒന്‍പതു ജില്ലകള്‍ അടച്ചുപൂട്ടി. ബംഗളുരു നഗരത്തിലേക്കും പുറത്തേക്കും യാത്ര വിലക്കി. 1897-ലെ നിയമപ്രകാരമാണു രാജ്യത്ത് അടച്ചുപൂട്ടല്‍ നടപ്പാക്കുന്നത്.
from mangalam.com https://ift.tt/3drohd5
via IFTTT
No comments:
Post a Comment