തിരുവനന്തപുരം: ഒരു പതിറ്റാണ്ടിനിടെ കേരളത്തിലെ ജയിലുകളില്‍ നടന്ന മരണങ്ങളില്‍ കസ്റ്റഡി മര്‍ദനംമൂലം തടവുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന്റെ വിവരങ്ങള്‍ ലഭ്യമല്ലെന്നു വിവരാവകാശ രേഖ. 2010 ജനുവരി മുതല്‍ 2019 നവംബര്‍വരെയുള്ള കാലഘട്ടത്തില്‍ കസ്റ്റഡി മര്‍ദനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണു ജയില്‍ വകുപ്പിന്റെ വിചിത്ര മറുപടി. ഇക്കാലയളവില്‍ കേരളത്തിലെ ജയിലുകളില്‍ 352 മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഒന്നുപോലും ജയില്‍ അധികൃതര്‍ നടത്തിയ മര്‍ദനംമൂലമല്ലെന്നാണു പ്രിസണ്‍സ് ഡയറക്ടര്‍ ജനറലിന്റെ ഓഫീസ് വ്യക്തമാക്കുന്നത്.
വിയ്യൂര്‍ ജയിലിലുണ്ടായ ഒരു കസ്റ്റഡി മര്‍ദനക്കേസില്‍ രണ്ടു പ്രിസണ്‍ ഓഫീസര്‍മാര്‍ കുറ്റക്കാരണെന്നു കണ്ടെത്തല്‍ മാത്രമാണ് രേഖകളിലുള്ളത്. ഒരു പതിറ്റാണ്ടിനിടെ വനിത ജയിലിലെ ഒരു സൂപ്രണ്ടും മൂന്ന് വനിത ജീവനക്കാരും മൂന്ന് ജയില്‍ ഉദ്യോഗസ്ഥരും മാത്രമാണ് കസ്റ്റഡിമര്‍ദനത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായിട്ടുള്ളത്. വിചാരണത്തടവുകാരും സ്ഥിരം തടവുകാരും പോലിസ് കസ്റ്റഡിയിലിരിക്കെ മര്‍ദനമേല്‍ക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു ജയില്‍ ആസ്ഥാനത്തെ രേഖകള്‍ പറയുന്നു. രോഗങ്ങള്‍ മൂലമൂള്ള സ്വഭാവിക മരണങ്ങളും ആത്മഹത്യയാകാവുന്ന അസാധാരണ മരണങ്ങളുമാണ് സംഭവിച്ചിട്ടുള്ളത്.
നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ്ജയിലില്‍ നടന്ന എട്ടുമരണങ്ങളില്‍ എല്ലാറ്റിലും ജയിലധികൃതരെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് ജയില്‍ രേഖകളിലുള്ളത്. ഇവ ആത്മഹത്യ, വിഷം ഉള്ളില്‍ ചെന്നുള്ള മരണം, കോടതി കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയുള്ള മരണം എന്നീ ഗണത്തിലാണ്. ഇവിടെ ഒരു പ്രതി പേവിഷബാധയേറ്റ് മരിച്ചെന്ന വിചിത്രവിവരവും ജയില്‍ രേഖയിലുണ്ട്. എറണാകുളം ജില്ലാ ജയിലില്‍ ഒരു പ്രതി മരിച്ചതിന്റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.
മാവേലിക്കര ജയിലില്‍ ഒരു പ്രതി തുണി സ്വയം വായില്‍ കുത്തിതിരുകി ശ്വാസം മുട്ടിമരിച്ചെന്ന വിചിത്ര മരണറിപ്പോര്‍ട്ടും ജയില്‍ അധികൃതര്‍ പങ്കുവയ്ക്കുന്നു. നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലെ രാജ്കുമാര്‍ ന്യുമോണിയ ബാധിച്ചു മരിച്ചതാണെന്നാണ് ജയില്‍ രേഖ. റിമാന്‍ഡ് പ്രതികളുടെ മരണം പെട്ടെന്ന് പുറംലോകം അറിയുമ്പോള്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ മരണം സംബന്ധിച്ച് വിവരം പുറത്തുവിടേണ്ടത് ജയില്‍ അധികൃതര്‍ തന്നെയാണ്. അതുകൊണ്ടാണ് അവരേഖപ്പെടുത്താതെ പോകുന്നതെന്നും വിവരാവകാശംവഴി രേഖകള്‍ ശേഖരിച്ച അഭിഭാഷകനായ യാഷ്‌തോമസ് മാന്നുള്ളി പറയുന്നു.
from mangalam.com https://ift.tt/32En8Km
via IFTTT
No comments:
Post a Comment