തിരൂർ : തിരൂരിൽ ദമ്പതിമാരുടെ ആറു കുട്ടികൾ ഒന്പത് വർഷത്തിനിടെ മരിക്കാനിടയായത് ജനിതക വൈകല്യം മൂലമെന്ന അനുമാനത്തിൽ ഡോക്‌ടർമാർ. ഇന്ത്യയിൽ ലക്ഷത്തിൽ ഒന്നോ രണ്ടോ കുട്ടികളിൽ മാത്രമായി കാണപ്പെടുന്ന സിഡ്സ് (സഡൻ ഇൻഫൻഡ് ഡത്ത് സിൻഡ്രോം) ആണ് മരണകാരണമെന്ന് കരുതുന്നതായി നേരത്തെ മരിച്ച രണ്ടുകുട്ടികളെ ചികിത്സിച്ച തിരൂർ നഴ്സിങ് ഹോമിലെ ശിശുരോഗ വിദഗ്ധൻ ഡോ. കെ. നൗഷാദ് പറഞ്ഞു . തിരൂർ ചെമ്പ്ര റോഡിൽ തറമ്മൽ റഫീഖിന്റെയും സബ്നയുടെയും ആറു മക്കളാണ് ഒന്പതുവർഷത്തെ ഇടവേളയിൽ തുടർച്ചയായി മരണത്തിനു കീഴടങ്ങിയത്. ചൊവ്വാഴ്ച 93 ദിവസം പ്രായമുള്ള മുഹമ്മദ് എന്ന ആറാമത്തെ കുട്ടിയും മരിച്ചപ്പോൾ നാട്ടുകാരിൽ ചിലർ സംശയം ഉയർത്തിയപ്പോൾ പോലീസ് അസ്വാഭാവിക മരണത്തിനു കേസ്സെടുത്തിരുന്നു. ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്തി. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സംശയിക്കത്തക്ക കാരണങ്ങൾ കണ്ടെത്തിയിട്ടുമില്ല. ഒടുവിൽ മരിച്ച കുട്ടിയെ ചൊവ്വാഴ്ച ബന്ധുക്കൾ തന്റെയടുത്ത് കൊണ്ടുവന്നപ്പോൾ ശരീരത്തിൽ മുറിവുകളോ പരിക്കുകളോ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് തിരൂർ സിറ്റി ഹോസ്പിറ്റലിലെ ആർ.എം.ഒ. ഡോ. പി. അബ്ദുറഹിമാൻ പറഞ്ഞു. കുട്ടിയുടെ തലച്ചോറിലെ രക്ത ഓട്ടം നിലച്ചുതുടങ്ങിയിരുന്നു. ശ്വാസമിടിപ്പ് കിട്ടുന്നില്ലായിരുന്നു. മുഖത്ത് വിളർച്ച ഉണ്ടായിരുന്നു. കുട്ടിക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നൽകുകയും സ്ഥിതി ഗുരുതരമായതിനാൽ കോട്ടയ്ക്കലിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി റഫർ ചെയ്യുകയുമായിരുന്നു- ഡോ. പി. അബ്ദുറഹിമാൻ പറഞ്ഞു. സാധാരണ പനി, ജലദോഷം തുടങ്ങിയവ കാരണം ഈ കുട്ടികളെ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴെല്ലാം പൂർണ ആരോഗ്യമുള്ളവരായിട്ടാണ് കാണാറുള്ളത്. കുട്ടിയുടെ ജീനിൽ വ്യതിയാനം വരുന്നതാവാം മരണകാരണം. ഇതുവഴി ഹൃദയമിടിപ്പിൽ വ്യതിയാനം വരുന്നതുകൊണ്ടോ രാത്രി കമിഴ്ന്ന് കിടന്നുറങ്ങി ശ്വാസതടസ്സമുണ്ടായോ മരണം സംഭവിക്കാം - ഡോ. നൗഷാദ് പറഞ്ഞു. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിലെത്താനാവൂ എന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടികളുടെ മരണം പൾമണറി ഡിസീസ് കാരണമാകാമെന്ന് ഡോ. ലീനാ പ്രമോദ് പറഞ്ഞു. മൂന്നു കുട്ടികളുടെ പ്രസവമെടുത്ത ഡോക്ടറാണ് ലീന. ഗർഭാവസ്ഥയിലെ പരിശോധനകളിലും ജനിക്കുമ്പോഴും കുട്ടികൾ ആരോഗ്യമുള്ളവരായിരുന്നു. ജനിതകരോഗം പരോക്ഷമായി ഉണ്ടായിരിക്കാമെന്ന് അവർ പറഞ്ഞു. ദുരൂഹതയില്ല, അന്വേഷണത്തിന് പ്രത്യേകസംഘം- എസ്.പിഇതുവരെയുള്ള അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ മരണത്തിൽ ഒരു ദുരൂഹതയുമില്ലെന്ന് ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം പറഞ്ഞു. അന്വേഷണത്തിന് പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ട്. തിരൂർ ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബുവാണ് തലവൻ. കുട്ടികളുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തിട്ടുണ്ട്. ചികിത്സാരേഖകളും പരിശോധിച്ചു. കുട്ടികളെ മൃതദേഹപരിശോധന നടത്തിയ ഡോക്ടർമാരുടെയും മൊഴിയെടുക്കുമെന്ന് എസ്.പി. അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/39PeKu2
via
IFTTT
No comments:
Post a Comment