ന്യൂഡൽഹി: പൂരത്തിനുമുമ്പേ വെടിക്കെട്ടു തുടങ്ങിയ അവസ്ഥയായിരുന്നു ശബരിമലക്കേസിൽ തിങ്കളാഴ്ച സുപ്രീംകോടതിയിൽ. ഒൻപതംഗ ബെഞ്ചിൽ യഥാർഥവിഷയം പരിഗണിച്ചു തുടങ്ങുന്നതിനു മുമ്പുതന്നെ ചൂടേറിയ വാദം നടന്നു. വിധിയിലെ സുവ്യക്തമായ പിഴവുകൾ തിരുത്താൻ മാത്രമേ പുനഃപരിശോധനാഹർജി കേൾക്കുന്ന ബെഞ്ചിന് അധികാരമുള്ളൂവെന്ന് മുതിർന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടി. പുനഃപരിശോധനാ ഹർജികളിൽ വിഷയങ്ങൾ വിശാലബെഞ്ചിനുവിടാനും മറ്റൊരു ബെഞ്ചിന് അതു പരിശോധിക്കാനും പരിമിതികളുണ്ടെന്ന് ഫാലി എസ്. നരിമാൻ ഉൾപ്പെടെയുള്ള മുതിർന്ന അഭിഭാഷകർ വാദിച്ചു. എന്നാൽ, അക്കാര്യവും പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നരിമാൻ, ശ്യാം ദിവാൻ, കപിൽ സിബൽ, രാകേഷ് ദ്വിവേദി തുടങ്ങിയവർ പുനഃപരിശോധനയുടെ പരിമിതികൾ ചൂണ്ടിക്കാട്ടിയെങ്കിലും സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുതിർന്ന അഭിഭാഷകരായ കെ. പരാശരൻ, രഞ്ജിത് കുമാർ തുടങ്ങിയവർ അതിനോടു യോജിച്ചില്ല. പുനഃപരിശോധനയ്ക്കിടയിലും കേസുകൾ വിശാലബെഞ്ചിനു വിടാമെന്ന് അവർ പറഞ്ഞു. ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച് 2018 സെപ്റ്റംബർ 28-നുതന്നെ സുപ്രീംകോടതി വിധിപറഞ്ഞതാണെന്ന് നരിമാൻ ചൂണ്ടിക്കാട്ടി. അതിലെ പുനഃപരിശോധനയും നടന്നുകഴിഞ്ഞു. ഇക്കാര്യം വീണ്ടും ആവർത്തിക്കേണ്ടതില്ലെന്നും മറ്റു വിഷയങ്ങൾ ശബരിമലയ്ക്കൊപ്പം ചേർക്കരുതെന്നും പാഴ്സിസ്ത്രീകളുടെ വിഷയത്തിൽ ഹാജരാകുന്ന നരിമാൻ പറഞ്ഞു. ഈ സമയത്താണ് ശബരിമലയിൽ യുവതികൾ കയറണമോ എന്നു തീരുമാനിക്കാനല്ല ബെഞ്ച് ഇരിക്കുന്നതെന്നും പൊതുവിഷയങ്ങളെ വ്യാഖ്യാനിക്കാനാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വകുപ്പുകൾ കോടതി വ്യാഖ്യാനിക്കാൻനിന്നാൽ രാജ്യംമുഴുവൻ വലിയ പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡിനുവേണ്ടി കപിൽ സിബൽ പറഞ്ഞു. എങ്ങനെയാണ് ഭരണഘടനയുടെ 14, 25, 26 വകുപ്പുകൾ കോടതി വ്യാഖ്യാനിക്കുകയെന്നും അദ്ദേഹം ചോദിച്ചു; അതിനാണ് ഒൻപതംഗ ബെഞ്ചുണ്ടാക്കിയതെന്ന് ചീഫ് ജസ്റ്റിസ് മറുപടിയും നൽകി. വാദത്തിലെ പ്രസക്തഭാഗങ്ങൾ ഫാലി എസ്. നരിമാൻ:വിധിയിൽ പരിഗണിച്ച രേഖകളിൽ സുവ്യക്തമായ പിഴവുണ്ടെങ്കിൽ മാത്രമേ പുനഃപരിശോധിക്കാനാവൂ. ശബരിമല അയ്യപ്പക്ഷേത്രം പ്രത്യേക വിശ്വാസിസമൂഹവുമായി ബന്ധപ്പെട്ടതാണോയെന്നാണ് പരിശോധിച്ചത്. അല്ലെന്നായിരുന്നു ഉത്തരം. ശബരിമല പുനഃപരിശോധനാഹർജി പരിഗണിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിഷയം വിശാലബെഞ്ചിനു വിട്ടത്. യഥാർഥത്തിൽ കേസ് മാറ്റിവെച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു അത്. ഒൻപതംഗ ബെഞ്ച് ഉണ്ടാക്കിയത് തെറ്റല്ല. എന്നാൽ, ഇതൊരു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും (പാഴ്സി കേസിലാണ് നരിമാൻ ഹാജരാവുന്നത്). ഇന്ദിരാ ജെയ്സിങ് :പുനഃപരിശോധനാ ഹർജികളിലെ അധികാരം ഉപയോഗിച്ച് വിശാല ബെഞ്ചുണ്ടാക്കാമോയെന്നത് പ്രാഥമികമായി പരിശോധിക്കണം. ഓരോ വിഷയവും പ്രത്യേകമായി പരിശോധിക്കേണ്ടതുതന്നെയാണ്. വിവാഹം കഴിച്ചതുകൊണ്ടുമാത്രം ഒരു സ്ത്രീക്ക് അവർ ജനിച്ച മതത്തിലെ (പാഴ്സി) അവകാശങ്ങൾ ഇല്ലാതാകുമോയെന്ന ചോദ്യമുണ്ട്. അതിന് ഭരണഘടനയിലെ മതസ്വാതന്ത്ര്യ വകുപ്പുകളുമായി ബന്ധമില്ല. കപിൽ സിബൽ:മുസ്ലിം സമുദായത്തിലെ നിക്കാഹ് ഹലാലയ്ക്കെതിരേ ഒട്ടേറെ പരാതികളുണ്ട്. ചിലർ പറയുന്നു ബഹുഭാര്യത്വം മോശമാണെന്ന്. ഇത്തരംകാര്യങ്ങളിൽ എങ്ങനെയാണ് കോടതിക്കു തീരുമാനമെടുക്കാനാകുക? മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ വ്യഖ്യാനം ചെയ്യുന്നത് രമ്യതയോടെ വേണം. അല്ലാത്തപക്ഷം എല്ലാ മതവിഭാഗങ്ങളിലും വലിയ പ്രത്യാഘാതമുണ്ടാക്കും. അഭിഷേക് മനു സിംഘ്വി :തീരുമാനമെടുക്കുംമുമ്പുതന്നെ നമുക്കു മുന്നോട്ടു പോകാമോയെന്നതാണ് ഇവിടെ ചർച്ചചെയ്യപ്പെടുന്നത്. എനിക്കതിനോടു യോജിപ്പില്ല. ഒൻപതംഗ ബെഞ്ചിന്റെ പ്രാഥമിക പരിഗണനാവിഷയം അതായിമാറി. അതിനാൽ വാദത്തിന്റെ സമയക്രമത്തിലേക്കു കടന്നില്ലെങ്കിൽ തുടങ്ങാൻപോലും കഴിയാതെയാകും (തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ പ്രയാർ ഗോപാലകൃഷ്ണനു വേണ്ടിയാണ് സിംഘ്വി ഹാജരാകുന്നത്). രാജീവ് ധവാൻ:ഒൻപതംഗ ബെഞ്ച് ഈ വിഷയം പരിഗണിക്കുന്നതിൽ തെറ്റൊന്നുമില്ല. ശിരൂർ മഠം കേസിൽ ഏഴംഗബെഞ്ചിന്റെ വിധി നിലനിൽക്കുന്നതിനാൽ ഇവിടെ ഒൻപതംഗ ബെഞ്ചുതന്നെ വേണം. അഭിപ്രായസ്വാതന്ത്ര്യം പോലെതന്നെ പ്രധാനമാണ് മതവും. മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ എത്രത്തോളം തുല്യത പാലിക്കാനാകുമെന്നാണ് പരിശോധിക്കേണ്ടത്. ശ്യാം ദിവാൻ:ശബരിമല പുനഃപരിശോധനാ ഹർജികളിലെ ഉത്തരവ് നോക്കൂ. കുറെ പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും പരിഗണിച്ചാണ് ഉത്തരവെന്നു പറയുന്നു. അവയിലെ വിഷയങ്ങൾ പലതും വ്യത്യസ്തമായിട്ടും അവയെല്ലാം ഒന്നിച്ചു പരിഗണിച്ചാണ് ഉത്തരവ്. അതുകൊണ്ടുതന്നെ വളരെ പരിമിതമായ സാധ്യതകളേ ഒൻപതംഗ ബെഞ്ചിനു മുമ്പാകെയുള്ളൂ. ഈ വിഷയം റഫർ ചെയ്തതിന്റെ സാധുതയാണ് ആദ്യം പരിശോധിക്കേണ്ടത്. അതിനുശേഷം ബാക്കി വിഷയങ്ങളും. കക്ഷികളെ കേൾക്കാതെ ചോദ്യങ്ങൾ തയ്യാറാക്കരുത്. കെ. പരാശരൻ:സാധാരണ ഹർജിയും പൊതുതാത്പര്യ ഹർജിയും തമ്മിൽ വ്യത്യാസമുണ്ട്. ശബരിമലക്കേസിൽ പൊതുതാത്പര്യ ഹർജിയാണ്. കോടതിക്ക് ഒരു വ്യവഹാരത്തിന്റെ ഭൂതവും വർത്തമാനവും ഭാവിയും പരിശോധിക്കാം (എൻ.എസ്.എസിന്റെ അഭിഭാഷകനാണ് അദ്ദേഹം) വി. ഗിരി:എല്ലാ കാര്യങ്ങളും പരിഗണിച്ചശേഷം തന്നെയാണ് വിശാലബെഞ്ചിനു വിടാൻ അഞ്ചംഗബെഞ്ച് തീരുമാനിച്ചത്. അതുകൊണ്ടുതന്നെ ഈ വിഷയം ഒൻപതംഗബെഞ്ച് പരിഗണിക്കരുത് എന്നു പറയുന്നതിൽ കാര്യമില്ല. ശബരിമലക്കേസല്ല, മറിച്ച് പൊതുവായ ചോദ്യങ്ങളാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്. (ശബരിമല തന്ത്രിയുടെ അഭിഭാഷകൻ) കെ. രാധാകൃഷ്ണൻ:വിവിധ കേസുകളിൽ തുടർച്ചയായി ഉയർന്നുവരുന്ന നിയമപരമായ ചോദ്യങ്ങളിൽ തീർപ്പുണ്ടാക്കാൻ ഒൻപതംഗ ബെഞ്ചിനു സാധിക്കും. മാത്രവുമല്ല, വിശാലബെഞ്ച് വിഷയം പരിഗണിക്കുന്നത് പൊതുജനങ്ങളുടെ വിശ്വാസവും വർധിപ്പിക്കും (പന്തളം രാജകുടുംബത്തിലെ മുതിർന്ന അംഗത്തിന്റെ അഭിഭാഷകൻ) വി.കെ. ബിജു:ജൈവപരമായ സവിശേഷതകൾകൊണ്ട് സ്ത്രീകൾക്കു വിവേചനം കല്പിക്കാമോ എന്നതു പരിശോധിക്കണമെന്ന് ആദ്യം ശബരിമല കേസ് പരിഗണിച്ച മൂന്നംഗബെഞ്ചിന്റെ റഫറൻസ് ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ, ജൈവപരമായ (ആർത്തവം) സവിശേഷതകൊണ്ടാണ് സ്ത്രീകളെ ശബരിമലയിൽ മാറ്റിനിർത്തുന്നതെന്നു പറയാൻ കോടതിക്കുമുന്നിൽ തെളിവുകളില്ലായിരുന്നു. വിശാലബെഞ്ചിനു വിട്ട ജസ്റ്റിസ് ഗൊഗോയിയുടെ ഉത്തരവിൽ പറയുന്നതുപോലെ എല്ലാ കക്ഷികളെയും കേൾക്കണം (ശബരിമല കസ്റ്റംസ് പ്രൊട്ടക്ഷൻ ഫോറത്തിനുവേണ്ടിയാണ് അദ്ദേഹം ഹാജരാവുന്നത്.) Content Higlights;Religious freedom, Supreme court
from mathrubhumi.latestnews.rssfeed https://ift.tt/2OkbPkH
via
IFTTT
No comments:
Post a Comment