മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ കുറ്റിപ്പുറം കെ.എസ്.ഇ.ബി. ഓവർസിയറെ വിജിലൻസ് അറസ്റ്റ്ചെയ്തു. തിരുവനന്തപുരം പൊഴിയൂർ സ്വദേശി മൈക്കിൾ പിള്ള (54)യെയാണ് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി എ. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്ചെയ്തത്. പരാതിക്കാരൻ വീടുപണിക്ക് വൈദ്യുതി യൂണിറ്റ് നിരക്കിൽ താത്കാലിക അനുമതി ലഭിക്കുന്നതിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ വീടിന്റെ പണി കഴിഞ്ഞശേഷം തന്നെ വിളിച്ചാൽമതിയെന്നു ഓവർസിയർ പറഞ്ഞ് അപേക്ഷ വാങ്ങാതെ തിരിച്ചയയ്ക്കുകയായിരുന്നു. പണി കഴിഞ്ഞശേഷം ഓവർസിയറെ വിളിച്ചപ്പോൾ ആയിരം രൂപ ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബിയിൽ പണം അടയ്ക്കുന്നതിനുപകരം അപേക്ഷകരിൽനിന്ന് പണം നേരിട്ട് കൈപ്പറ്റുകയായിരുന്നു ഇദ്ദേഹത്തിന്റെ പതിവ്. തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസിൽ അറിയിക്കുകയായിരുന്നു. ആയിരം രൂപ അടയ്ക്കാൻപറഞ്ഞ പരാതിക്കാരനോട് വിലപേശിയപ്പോൾ അവസാനം എഴുനൂറ് രൂപ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. വിജിലൻസ് നൽകിയ പണം കൈപ്പറ്റുന്നതിനിടെ കെ.എസ്.ഇ.ബി. ഓഫീസിൽവെച്ച് തിങ്കളാഴ്ച രാത്രി ഏഴോടെ പിടികൂടുകയായിരുന്നു. തുടർനടപടികൾക്കുശേഷം പ്രതിയെ ചൊവ്വാഴ്ച വിജിലൻസ് കോടതിയിൽ ഹാജരാക്കും. Content Highlights:KSEB overseer caught red handed while accepting Bribe
from mathrubhumi.latestnews.rssfeed https://ift.tt/2Sit3Qn
via
IFTTT
No comments:
Post a Comment