രാജാക്കാട്/മറയൂർ: കേരള, തമിഴ്നാട് അതിർത്തിയിൽ കുരങ്ങണി വനത്തിൽ നായാട്ടുസംഘത്തിന്റെ വെടിയേറ്റ കാട്ടുപോത്ത് ഒരാളെ കുത്തിക്കൊന്നു. ഞായറാഴ്ച രാത്രി പത്തുമണിയോടെ നായാട്ടിനിടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. ഇടുക്കി തോണ്ടിമല സ്വദേശി മാരിയപ്പനെ(58)യാണ് കാട്ടുപോത്ത് കുത്തിയത്. രാജകുമാരി നോർത്ത് സ്വദേശികളായ കണ്ണൻകുളങ്ങര സാജു ഗീവർഗീസ് (45), കാരപ്പള്ളിയിൽ കെ.കെ.രാജേഷ് (48) എന്നിവർക്കൊപ്പമാണ് മാരിയപ്പൻ കുരങ്ങണി വനമേഖലയിലെ പുലിയൂത്തിൽവെച്ച് കാട്ടുപോത്തിനെ വെടിവെച്ചത്. താഴെവീണ കാട്ടുപോത്തിന്റെ അടുത്തെത്തി നോക്കുന്നതിനിടെ അത് ചാടിയെണീറ്റ് കുത്തുകയായിരുന്നു. പിന്തിരിഞ്ഞോടിയ മരിയപ്പനെ കാട്ടുപോത്ത് പുറകിൽനിന്നും കുത്തിവീഴ്ത്തിയിട്ട് കാട്ടിലേക്ക് ഓടിപ്പോയി. സാജുവും രാജേഷും ചേർന്ന് മാരിയപ്പനെ ചുമന്ന് കാടിന് പുറത്തെത്തിച്ചു. തുടർന്ന് തേനി ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കള്ളം പോലീസ് പൊളിച്ചു കുരുമുളക് പറിച്ചെടുക്കുന്നതിനിടെ കൊടിയിൽനിന്ന് വീണു പരിക്കേറ്റെന്നാണ് സാജുവും രാജേഷും ആശുപത്രിയിൽ പറഞ്ഞത്. ഇതിനുശേഷം ഇവർ നാട്ടിലേക്ക് മടങ്ങി. സംശയംതോന്നിയ തമിഴ്നാട് പോലീസ്, ശാന്തൻപാറ സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന്, ഇവരെ വിളിച്ചുവരുത്തി ചോദ്യംചെയ്തു. നുണ ആവർത്തിച്ചെങ്കിലും വിശദമായി ചോദ്യം ചെയ്തതോടെ സത്യം വെളിപ്പെടുത്തി. ശാന്തൻപാറ പോലീസ് ഇരുവരെയും അറസ്റ്റുചെയ്ത് ബോഡിമെട്ട് പോലീസിന് കൈമാറി. വനമേഖലയിൽ അതിക്രമിച്ച് കടക്കൽ, വന്യമൃഗങ്ങളെ വേട്ടയാടൽ, അനധികൃതമായി ആയുധം സൂക്ഷിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസും കുരങ്ങണി വനംവകുപ്പും ഇവർക്കെതിരേ കേസെടുത്തു. മരിച്ച മാരിയപ്പൻ,സാജു വർഗീസ്, രാജേഷ് സ്ഥിരമായി വന്യമൃഗങ്ങളെ വേട്ടയാടുന്നവരാണ് ഇവരെന്നും ലൈസൻസില്ലാത്ത നാടൻ തോക്കാണ് ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു. കാട്ടിൽ ഒളിപ്പിച്ച തോക്ക് പോലീസ് കണ്ടെടുത്തു. വെടിയേറ്റ കാട്ടുപോത്തിനെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിൽ നടത്തുന്നുണ്ട്. മാരിയപ്പന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. Content Highlights:Wild water buffalo kills hunter after getting shot Rajakkad marayur Idukki
from mathrubhumi.latestnews.rssfeed https://ift.tt/2uf4lZe
via
IFTTT
No comments:
Post a Comment