കോട്ടയം: തീവ്രവാദ പ്രവർത്തനങ്ങൾക്ക് കേരളത്തിൽനിന്ന് ആഡംബര വാഹനങ്ങൾ മോഷ്ടിച്ച് കടത്തിയെന്ന കേസിൽ രണ്ടുപേരെ പോലീസ് പിടികൂടി. തൃശ്ശൂർ വാടാനപ്പള്ളി ഗണേശമംഗലം പുത്തൻവീട്ടിൽ ഇല്യാസ് (37), എറണാകുളം ആലുവ യു.സി. കോളേജ് ചെറിയംപറമ്പിൽ വീട്ടിൽ കെ.എ നിഷാദ് (37) എന്നിവരെയാണ് കോട്ടയം ഡിവൈ.എസ്.പി. ആർ. ശ്രീകുമാർ, വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ എം.ജെ. അരുൺ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പിടിയിലായവർ അൽ-ഉമ എന്ന തീവ്രവാദ സംഘടനയിൽ പ്രവർത്തിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. ആലുവയിൽനിന്നും തിരുവല്ലയിൽനിന്നുമാണ് ഇവരെ പിടികൂടിയത്. സംഘടനയുടെ പ്രവർത്തനത്തിനും പണത്തിനുമായാണ് പ്രതികൾ വാഹനങ്ങൾ തട്ടിയെടുത്തിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിലകൂടിയ കാറുകൾ വാടകയ്ക്കെടുത്തശേഷം തമിഴ്നാട്ടിലെത്തിച്ച് തീവ്രവാദികൾക്ക് കൈമാറുകയായിരുന്നു. കോയമ്പത്തൂർ സ്ഫോടനക്കേസിൽ 14 വർഷം തടവുശിക്ഷ അനുഭവിച്ച കോയമ്പത്തൂർ കുനിയമ്മുത്തൂർ സ്വദേശി മുഹമ്മദ് റഫീഖിനാണ് (ഭായി റഫീഖ്) പ്രതികൾ പ്രധാനമായും കാറുകൾ എത്തിച്ചുനൽകിയിരുന്നത്. 2018-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. അന്തസ്സംസ്ഥാന തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതിനാൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസിയുടെ സഹായം തേടാനാണ് പോലീസ് നീക്കം. സംഭവം സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസിക്ക് ജില്ലാ പോലീസ് റിപ്പോർട്ട് നൽകും. 86 വാഹനങ്ങൾ ഇത്തരത്തിൽ പ്രതികൾ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കേസിൽ ഒന്നാം പ്രതിയായ മുഹമ്മദ് റഫീഖിനെ പിടികൂടാൻ പോലീസ് സംഘം തമിഴ്നാട്ടിലെ ഉക്കടത്ത് എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തമിഴ്നാട് പോലീസിന്റെ സഹായം തേടിയെങ്കിലും പ്രതിയുടെ താവളത്തിലെത്തി പിടികൂടാൻ പ്രയാസമാണെന്നായിരുന്നു നിലപാട്. തമിഴ്നാട്ടിലെത്തിക്കുന്ന വാഹനങ്ങൾ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പണം കണ്ടെത്താൻ, പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുവിൽക്കും. മാസങ്ങൾക്കു മുൻപ് കോട്ടയം ജില്ലയിൽനിന്ന് ഇന്നോവ ക്രിസ്റ്റ വാഹനം ഇത്തരത്തിൽ വാടകയ്ക്കെടുത്ത് തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ടുപോയിരുന്നു. സംഭവത്തിൽ വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. എസ്.ഐ. ടി.ശ്രീജിത്ത്, ഗ്രേഡ് എസ്.ഐ. കെ.പി.മാത്യു, എ.എസ്.ഐ. പി.എൻ. മനോജ്, സീനിയർ സി.പി.ഒമാരായ ടി.ജെ.സജീവ്, സി.സുദീപ്, കെ.ആർ. ബൈജു, വിഷ്ണു വിജയദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. Content Highlights:two arrested for motor Vehicle theft, Terrorism case, Kottayam
from mathrubhumi.latestnews.rssfeed https://ift.tt/37coigX
via
IFTTT
No comments:
Post a Comment