തിരുവനന്തപുരം : സ്വയംവിരമിക്കലിലൂടെ ജീവനക്കാരുടെ എണ്ണം പകുതിയോളം കുറഞ്ഞപ്പോൾ ബി.എസ്.എൻ.എൽ. സ്വന്തംകെട്ടിടങ്ങൾ വാടകയ്ക്കുനൽകുന്നു. സ്റ്റാഫ് ക്വാർട്ടേഴ്സുകളിൽ ഇനി പുറത്തുനിന്നുള്ളവർക്ക് വാടകയ്ക്കു താമസിക്കാം. സംസ്ഥാനത്ത് 4600 ജീവനക്കാരാണ് സ്വയംവിരമിക്കൽ തിരഞ്ഞെടുത്തത്. രാജ്യത്തൊട്ടാകെ 78,569 പേരും. പ്രവർത്തിക്കാൻ കുറച്ചുസ്ഥലംമാത്രം ആവശ്യമായ നൂതന സാങ്കേതികവിദ്യയായ എൻ.ജി.എൻ. എക്സ്ചേഞ്ച് നടപ്പാക്കിയതോടെ ഓഫീസുകളിലും എക്സ്ചേഞ്ചുകളിലും ധാരാളം സ്ഥലം ഒഴിഞ്ഞുകിടക്കുന്നു. ഈ സ്ഥലസൗകര്യം പൊതുജനക്ഷേമത്തിനും രാഷ്ട്രപുനർനിർമാണത്തിനും വിനിയോഗിക്കുന്നുവെന്നാണു ബി.എസ്.എൻ.എൽ. ഭാഷ്യം. എന്നാൽ, സ്ഥാപനം നേരിടുന്ന ബാധ്യതകളാണ് തീരുമാനത്തിനുപിന്നിൽ. കേരള സർക്കിളിന്റെ തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള എല്ലാ പഞ്ചായത്തുകളിലും സിറ്റി, ടൗൺ, മുനിസിപ്പൽ, കോർപ്പറേഷൻ പ്രദേശങ്ങളിലും കണ്ണായ സ്ഥലങ്ങളിലാണ് ബി.എസ്.എൻ.എൽ. കെട്ടിടങ്ങൾ. ഇവയിൽ നൂറിലേറെ കെട്ടിടങ്ങളും ഫ്ലോറുകളുമാണ് വാടകയ്ക്കുനൽകുന്നത്. അതത് സ്ഥലത്തെ വാടകയെക്കാൾ കുറവാകും ഈടാക്കുക. പല സ്ഥലങ്ങളിലും സ്ഥാപനങ്ങളുമായി ധാരണയായി. തിരുവനന്തപുരം മണക്കാടുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കെട്ടിടം വിജിലൻസ് വകുപ്പ് വാടകയ്ക്കെടുത്തു. കൊച്ചിയിലെ കെട്ടിടത്തിലെ ഒരുനില സ്വകാര്യബാങ്കിന് നൽകാൻ ധാരണയായി. ബി.എസ്.എൻ.എൽ. ഔദ്യോഗിക വെബ്സൈറ്റിൽ പരസ്യവുമുണ്ട്. സർക്കാർ ഓഫീസ്, സർക്കാർസഹായമുള്ള സ്ഥാപനങ്ങൾ, സഹകരണമേഖലയൊഴികെയുള്ള ബാങ്കുകൾ, പ്രധാന സ്വകാര്യകമ്പനികൾ എന്നിവയ്ക്കാണു പ്രാമുഖ്യം. ഓരോ ജില്ലയിലും ബന്ധപ്പെടേണ്ട നമ്പറും നൽകിയിട്ടുണ്ട്. വാടക മുൻകൂർനൽകാൻ കഴിയുന്ന സർക്കാർജീവനക്കാർ, വിരമിച്ച ജീവനക്കാർ, ബി.എസ്.എൻ.എലിൽനിന്നു വിരമിച്ചവർ, ജീവനക്കാരുടെ അടുത്ത ബന്ധുക്കൾ എന്നിവർക്കാണ് സ്റ്റാഫ് ക്വാർട്ടേഴ്സുകൾക്ക് മുൻഗണന. 150-ഓളം ക്വാർട്ടേഴ്സുകളാണ് ഒഴിഞ്ഞത്. എല്ലാ സൗകര്യങ്ങളുമുള്ള ഓഫീസേഴ്സ് ക്വാർട്ടേഴ്സും ഇവയിലുണ്ട്. Content Highlights:Renting out of vacant space in BSNL buildings under Kerala circle
from mathrubhumi.latestnews.rssfeed https://ift.tt/379Hc8e
via
IFTTT
No comments:
Post a Comment