ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം നൽകാൻ സംസ്ഥാനങ്ങൾക്കു ബാധ്യതയില്ലെന്ന് സുപ്രീംകോടതി. സർക്കാർ സർവീസിൽ അവരുടെ പ്രാതിനിധ്യക്കുറവ് പരിശോധിച്ചുവേണം സംവരണം നൽകാൻ. സംവരണം നൽകുന്നില്ലെങ്കിൽ കണക്ക് നോക്കേണ്ടതുമില്ല. സ്ഥാനക്കയറ്റ സംവരണം മൗലികാവകാശമല്ലെന്നും നടപ്പാക്കണമെന്ന് കോടതിക്ക് നിർദേശിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. എസ്.സി., എസ്.ടി. സംവരണം നൽകാതെ സർക്കാർ സർവീസുകളിൽ നിയമനം നടത്താനുള്ള ഉത്തരാഖണ്ഡ് സർക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതു ചോദ്യം ചെയ്തുള്ള പരാതികളിലാണ് സുപ്രീംകോടതിയുടെ വിധി. “ സംവരണം നൽകുന്നത് സംസ്ഥാനങ്ങളുടെ വിവേചനാധികാരമാണ്. കണക്കു നോക്കി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലേ സംവരണം നൽകാവൂ”-രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും പട്ടികവിഭാഗക്കാർക്ക് സംവരണം നൽകാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഭരണഘടനയുടെ 16(4), 16(4-എ) അനുച്ഛേദങ്ങൾ. സർക്കാർ സർവീസുകളിൽ അവർക്ക് പ്രാതിനിധ്യം കുറവാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ അതു നൽകേണ്ടതുള്ളൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഉത്തരാഖണ്ഡിൽ നടന്നത് പട്ടികവിഭാഗക്കാർക്ക് സംവരണം നൽകാതെ സർക്കാർ സർവീസുകളിൽ നിയമനങ്ങൾ നടത്താൻ 2012 സെപ്റ്റംബർ അഞ്ചിന് ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചു. 2019-ൽ ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. പട്ടികവിഭാഗക്കാർക്ക് സ്ഥാനക്കയറ്റ സംവരണം നൽകണമെന്നും ഈ വിഭാഗത്തിൽ ഭാവിയിലുണ്ടാകുന്ന ഒഴിവുകളിൽ അവരെ മാത്രം നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് സ്ഥാനക്കയറ്റ സംവരണം നൽകാൻ സർക്കാർ ജോലികളിലെ അവരുടെ പ്രാതിനിധ്യക്കുറവ്, സമൂഹത്തിലെ പിന്നാക്കാവസ്ഥ എന്നിവ കണക്കെടുക്കേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ: *ഉത്തരാഖണ്ഡ് സർക്കാരിന്റെ തീരുമാനം അന്യായമാണെന്ന് പ്രഖ്യാപിക്കാൻ ഹൈക്കോടതിക്ക് കാരണങ്ങളൊന്നുമില്ല. *സർക്കാർ ജോലികളിൽ സംവരണം നൽകണമെന്ന് കോടതിക്ക് നിർദ്ദേശിക്കാനാവില്ല. സ്ഥാനക്കയറ്റത്തിന് പട്ടികവിഭാഗക്കാർക്ക് സംവരണം നൽകാനും സംസ്ഥാനങ്ങൾക്ക് ബാധ്യതയൊന്നുമില്ല. അഥവാ അങ്ങനെ ചെയ്യണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് വ്യക്തമാക്കുന്ന കണക്കുകൾ ശേഖരിക്കണം. *കണക്ക് ലഭ്യമല്ലെങ്കിൽ അതിനായി ഏതെങ്കിലും വ്യക്തിയെയോ അധികൃതരേയൊ കമ്മിഷനെയോ നിയോഗിക്കാം. സർക്കാരിന്റെ തീരുമാനം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടാൽ, ആ കണക്ക് കാണിക്കേണ്ടിവരും. *സ്ഥാനക്കയറ്റ സംവരണത്തിന് പ്രാതിനിധ്യക്കുറവിന്റെ കണക്ക് വേണമെന്നത് ഇന്ദിരാ സാഹ്നി, എം. നാഗരാജ്, ജർണയിൽ സിങ് കേസുകളിലെ സുപ്രീംകോടതി വിധികളിൽ വ്യക്തമാണ്. content highlights;supreme court says reservation for jobs promotions is not a fundamental right
from mathrubhumi.latestnews.rssfeed https://ift.tt/2SaPQ1V
via
IFTTT
No comments:
Post a Comment