ന്യൂഡൽഹി: പ്രതിഷേധപ്രകടനങ്ങൾ അക്രമാസക്തമാകുന്നതിലും വ്യാപകമായി നാശനഷ്ടമുണ്ടാക്കുന്നതിലും സുപ്രീംകോടതി കടുത്ത അതൃപ്തിയറിയിച്ചു. ഇക്കാര്യത്തിൽ നിയമഭേദഗതിക്ക് സർക്കാരിനെ കാത്തുനിൽക്കില്ലെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നല്കി. ഉത്തരേന്ത്യയിൽ കാവടിയാത്രക്കാർ നടത്തിയ അക്രമസംഭവങ്ങൾ അറ്റോർണി ജനറൽ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. രാജ്യത്ത് സമാധാനപരമായ പ്രകടനങ്ങൾ ഉറപ്പുവരുത്തുന്നതു സംബന്ധിച്ച 2009-ലെ സുപ്രീംകോടതി നിർദേശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. രാജ്യത്തിന്റെ ഒരുഭാഗത്ത്, അല്ലെങ്കിൽ മറ്റൊരിടത്ത് ഓരോ ആഴ്ചയിലും ഇത്തരം സംഭവങ്ങൾ നടക്കുന്നതായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു.‘‘ഡൽഹിയിൽ കാവടിയാത്രക്കാർ കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങൾ തകർത്തു. ‘പദ്മാവത്’ സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ടു നടിയുടെ മൂക്ക് മുറിക്കുമെന്ന് ഒരുസംഘം ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും കേസെടുത്തില്ല. മഹാരാഷ്ട്രയിലെ മറാഠാ പ്രക്ഷോഭം, എസ്.സി., എസ്.ടി. വിധിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന പ്രതിഷേധം എന്നിവയിലെല്ലാം വ്യാപകമായി അക്രമങ്ങളുണ്ടായി”- അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. ഇതിനെന്താണ് പരിഹാരമെന്ന് കോടതി ആരാഞ്ഞപ്പോൾ എസ്.പി. യെപ്പോലുള്ള ഉദ്യോഗസ്ഥരിൽ അതിന്റെ ഉത്തരവാദിത്വം ചുമത്തണമെന്നായിരുന്നു അറ്റോർണി ജനറലിന്റെ മറുപടി. തന്റെ മേഖലയിലെ അനധികൃതനിർമാണത്തിനു ഡി.ഡി.എ. ഉദ്യോഗസ്ഥൻ ബാധ്യസ്ഥനാകുമെന്ന് വന്നപ്പോൾ ഡൽഹിയിലെ ഇത്തരം പ്രവൃത്തികൾ നിന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.ഇത്തരം സംഭവങ്ങൾ തടയാൻ നിയമഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നതായും അറ്റോർണി ജനറൽ അറിയിച്ചു. എന്നാൽ, സർക്കാരിന്റെ നടപടിക്കായി കാത്തിരിക്കില്ലെന്നും സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും കോടതി പറഞ്ഞു. ഹർജി വിധിപറയാൻ മാറ്റി. അന്നത്തെ വിധിയിൽ പറയുന്നതു കൂടാതെ എന്തെങ്കിലും നിർദേശങ്ങൾ ഉൾപ്പെടുത്താനുണ്ടെങ്കിൽ എഴുതിനൽകാൻ ഹർജിക്കാരുടെ അഭിഭാഷകൻ പി.വി. ദിനേശിനോട് കോടതി ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2SweDwh
via
IFTTT
No comments:
Post a Comment