കൊച്ചി: പുതിയ റൂട്ടിലേക്ക് കുതിക്കാനൊരുങ്ങുകയാണ് കൊച്ചി മെട്രോ. തൈക്കൂടത്ത് നിന്ന് പേട്ടയിലേക്കുള്ള യാത്രയ്ക്ക് ഇനി നാളുകളെണ്ണിത്തന്നെ കാത്തിരിക്കാം. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യവാരമോ പേട്ട റൂട്ടിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്ന് കൊച്ചി മെട്രോ അധികൃതർ വ്യക്തമാക്കുന്നു. യാത്രാ സർവീസിന് മുന്നോടിയായുള്ള പരീക്ഷണ ഓട്ടത്തിന് ശനിയാഴ്ച തുടക്കമായി. രാവിലെ 7.40-ന് തൈക്കൂടത്ത് നിന്നാണ് ട്രയൽ റൺ തുടങ്ങിയത്. എട്ടുമണിയോടെ ട്രെയിൻ പേട്ടയിലെത്തി. പാളത്തിന്റെയും മെട്രോ ഓടുന്നതിനാവശ്യമായ വൈദ്യുതി നൽകുന്ന തേർഡ് റെയിലിന്റെയുമെല്ലാം പ്രവർത്തനം അധികൃതർ വിലയിരുത്തി. തുടർന്ന് 8.20-ഓടെ ട്രെയിൻ പേട്ടയിൽ നിന്ന് മടങ്ങി. ഒൻപതു മണിയോടെയാണ് തൈക്കൂടത്ത് എത്തിയത്. സിഗ്നലിങ് ഉൾപ്പെടെയുള്ള പരിശോധനകളും പരീക്ഷണ ഓട്ടവുമെല്ലാം വരുംദിവസങ്ങളിലും തുടരുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) അറിയിച്ചു. ശനിയാഴ്ച മണിക്കൂറിൽ അഞ്ച് കിലോമീറ്റർ വേഗത്തിലായിരുന്നു ട്രെയിൻ ഓടിച്ചത്. വരുംദിവസങ്ങളിൽ വേഗം 30 ആയും 50 ആയുമെല്ലാം വർധിപ്പിച്ച് പരിശോധനയുണ്ടാകും. പാളത്തിന്റെ ക്ഷമത പരിശോധിക്കുന്നതിനായി ലോഡ് ടെസ്റ്റും ഉണ്ടാകും. ആദ്യ പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്ന് കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ പറഞ്ഞു. പരീക്ഷണ ഓട്ടം പൂർത്തിയായതിനുശേഷം മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിർമാണ കരാറുകാരായ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡി.എം.ആർ.സി.) പ്രതിനിധികളും പരിശോധനയിൽ പങ്കെടുത്തു. പാളത്തിന്റെയും സിഗ്നലിങ്ങിന്റെയും ജോലികളെല്ലാം പൂർത്തിയായെങ്കിലും സ്റ്റേഷനിലെ ജോലികൾ ഇനിയും ശേഷിക്കുന്നുണ്ട്. ടൈലിങ് ഉൾപ്പെടെയുള്ള ജോലികളാണിത്. ആദ്യഘട്ടം പൂർണമാകുന്നു പേട്ടയിലേക്കുള്ള മെട്രോ സർവീസ് യാഥാർഥ്യമാകുന്നതോടെ മെട്രോയുടെ ആദ്യഘട്ടം പൂർണമാകും. ആലുവ മുതൽ തൈക്കൂടം വരെ 23.65 കിലോമീറ്ററിലാണ് ഇപ്പോൾ മെട്രോ സർവീസുള്ളത്. തൈക്കൂടത്ത് നിന്ന് ഒന്നേകാൽ കിലോമീറ്റർ ദൂരമാണ് പേട്ടയിലേക്കുള്ളത്. ഇതോടെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 22 ആകും. 2017 ജൂൺ 17-ന് ആലുവയിൽ നിന്ന് പാലാരിവട്ടത്തേക്കായിരുന്നു മെട്രോയുടെ ആദ്യ സർവീസ്. തുടർന്ന് മഹാരാജാസിലേക്കും അവിടെ നിന്ന് തൈക്കൂടത്തേക്കും മെട്രോ ഓടിയെത്തി. ഒന്നാം ഘട്ടം അവസാനിക്കുന്ന പേട്ടയ്ക്ക് അനുബന്ധമായി എസ്.എൻ. ജങ്ഷനിലേക്കും തുടർന്ന് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലേക്കും മെട്രോ സർവീസ് ദീർഘിപ്പിക്കുന്നുണ്ട്. Content Highlights:Kochi Metro service to Petta will start soon
from mathrubhumi.latestnews.rssfeed https://ift.tt/3bIrrbO
via
IFTTT
No comments:
Post a Comment