ന്യൂഡൽഹി:മിനിറ്റുകൾ മാത്രം ബാക്കി. ഒരുമാസംനീണ്ട പോരാട്ടത്തിന്റെ ഫലമറിയാൻ ഡൽഹി മാത്രമല്ല, രാജ്യവും രാജ്യാന്തരസമൂഹവും കാതോർക്കുന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടുമണിക്ക് ആരംഭിക്കുമ്പോൾ രാജ്യതലസ്ഥാനത്തിന്റെ രാഷ്ട്രീയനിറം എന്തായിരിക്കുമെന്നതിലാണ് ആകാംക്ഷ. വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് മൂന്ന് ആഴ്ചകളായി ഡൽഹി കണ്ടത്. എ.എ.പി.ക്ക് ഭരണത്തുടർച്ച, ബി.ജെ.പി.ക്ക് ഭരണം പിടിക്കൽ, കോൺഗ്രസിന് ഭരണം വീണ്ടെടുക്കൽ എന്നിങ്ങനെയാണ് ലക്ഷ്യം. ആവനാഴിയിലെ അവസാനത്തെ ആയുധവും പ്രയോഗിച്ചാണ് പാർട്ടികൾ ഏറ്റുമുട്ടിയത്. എന്നാൽ, പാർട്ടികളുടെ ഈ പോരാട്ടവീര്യം വോട്ടർമാർ ഏറ്റെടുത്തതിന്റെ സൂചനകൾ കാണാനില്ല. 2015-നേക്കാൾ അഞ്ചുശതമാനം കുറഞ്ഞ പോളിങ്ങാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2015-ൽ 67.12 ശതമാനംപേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ, ഇത്തവണ 62.15 ശതമാനമായി പോളിങ് നില. അതിശക്തമായ തിരഞ്ഞെടുപ്പുയുദ്ധമരങ്ങേറിയിട്ടും പോളിങ് കുറഞ്ഞത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. ഇതേക്കുറിച്ച് പരിശോധിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. അവസാന പോളിങ് നില പ്രഖ്യാപിക്കാൻ ഒരു ദിവസം വൈകിയതും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.21 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ എ.എ.പി.ക്ക് അനുകൂലമായ വിധിയാണ് നൽകിയത്. 48 മുതൽ 68 വരെ സീറ്റുകൾ എ.എ.പി.ക്കും 2 മുതൽ 15 വരെ സീറ്റുകൾ ബി.ജെ.പി.ക്കും എക്സിറ്റ് പോൾ പ്രവചിക്കുന്നു. കോൺഗ്രസിന് സീറ്റൊന്നും കരുതിവെക്കുന്നില്ല. എ.എ.പി. കേന്ദ്രങ്ങൾ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ചു. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളിപ്പറഞ്ഞ ബി.ജെ.പി. കനത്ത ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. എക്സിറ്റ് പോളിനല്ല, എക്സാറ്റ് (യഥാർഥ) പോളിനായി കാത്തിരിക്കാനാണ് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞത്. ബി.ജെ.പി.യുടെ അപ്രതീക്ഷിത ആത്മവിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ, വോട്ടിങ് യന്ത്രങ്ങളുടെ ദുരുപയോഗം എന്ന ആരോപണം എ.എ.പി. ശനിയാഴ്ചതന്നെ ഉയർത്തിയിട്ടുണ്ട്. യന്ത്രം സൂക്ഷിക്കുന്ന കേന്ദ്രങ്ങളിൽ എ.എ.പി. പ്രവർത്തകർ കാവലും ഏർപ്പെടുത്തി. എ.എ.പി.യുടെ പ്രതീക്ഷകളുടെയും ബി.ജെ.പി.യുടെ ആത്മവിശ്വാസത്തിന്റെയും പൊരുളറിയാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. വോട്ടെണ്ണലിന്റെ പൂർണ്ണ വിവരങ്ങൾ തത്സമയം mathrubhumi.comൽ content highlights;delhi election result will be declared today
from mathrubhumi.latestnews.rssfeed https://ift.tt/3bu09FO
via
IFTTT
No comments:
Post a Comment