അഞ്ചാലുംമൂട് : മകന്റെ ചേതനയറ്റ ശരീരം മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ആ അമ്മമനസ്സിൽ ഓർമകൾ മരിക്കുന്നില്ല. വിധിയിൽ തൃപ്തിവരാതെ കടവൂർ ജയന്റെ അമ്മ അംബിക. ഹൃദയസംബന്ധമായ അസുഖംമൂലം മകളോടൊപ്പം കടവൂർ കോയിപ്പുറത്തുവീട്ടിൽ കഴിയുന്ന അംബിക മകന്റെ ഘാതകർക്ക് ലഭിച്ച ശിക്ഷ മതിയായില്ലെന്ന് പറഞ്ഞു. ശിക്ഷ ലഭിച്ചവരിൽ മിക്കവരും വീട്ടിലെ നിത്യസന്ദർശകരായിരുന്നെന്നും അവർ പറഞ്ഞു. 2012 ഫെബ്രുവരി ഏഴിന് സമീപത്തെ ആയുർവേദ ആശുപത്രിയിലെത്തി കഷായം വാങ്ങി മടങ്ങുമ്പോഴായിരുന്നു ജയനെ സുഹൃത്തുകളായിരുന്ന ഒരുകൂട്ടം ചെറുപ്പക്കാർ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. തടസ്സം പിടിക്കാനെത്തിയ മരുമകൻ രഘുനാഥൻ പിള്ളയെയും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. മകന്റെ മരണസമയത്ത് ഭർത്താവ് കൃഷ്ണപിള്ളയും സ്ഥലത്തുണ്ടായിരുന്നു. കൃഷ്ണപിള്ള ജയന്റെ മരണം കഴിഞ്ഞ് രണ്ടുവർഷം കഴിയുന്നതിനിടെ മരണമടഞ്ഞു. നാല് സഹോദരിമാരും ഒരു സഹോദരനും അടങ്ങുന്നതാണ് ജയന്റെ കുടുംബം. ജയന്റെ മരണശേഷം പലഭാഗത്തുനിന്നും ഭീഷണിയുണ്ടായതായി അംബിക പറഞ്ഞു. കുടുംബത്തെ ആകെ ഇല്ലാതാക്കുമെന്ന ഭീഷണിയും ഉയർന്നിരുന്നതായും അവർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2vZ2bgT
via
IFTTT
No comments:
Post a Comment