കട്ടപ്പന: സ്കൂളിലേക്ക് അമ്മയ്ക്കൊപ്പം നടന്നുപോകുകയായിരുന്ന രണ്ടാം ക്ലാസ് വിദ്യാർഥിയെ പേപ്പട്ടി കടിച്ചു. കണ്ണിലും മുഖത്തും കൈക്കും കടിയേറ്റ് ഗുരുതരാവസ്ഥയിലായ, കൊച്ചുതോവാള പനയ്ക്കച്ചിറ ടിംസന്റെ മകൻ മെബിൻ (ഏഴ്) ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളയാംകുടി നിർമൽ ജ്യോതി സ്കൂളിലെ വിദ്യാർഥിയാണ് മെബിൻ. വഴിയിൽവെച്ച് ഓടിയെത്തിയ പട്ടി മെബിന്റെ മുകളിലേക്ക് ചാടിക്കയറുകയായിരുന്നു. നിലത്തുവീണ കുട്ടിയുടെ മുകളിൽ കയറി കടിച്ചു. അമ്മയുടെയും കുട്ടിയുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാർ പട്ടിയെ ഓടിച്ചശേഷം, രക്തത്തിൽ കുളിച്ചുകിടന്ന മെബിനെ കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷയ്ക്കുശേഷം കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ദിവസങ്ങളായി ഭീതി പടർത്തുന്ന പേപ്പട്ടി, വളർത്തുമൃഗങ്ങളെയും നാട്ടുകാരെയും കടിച്ചിരുന്നു. മൂന്ന് ദിവസത്തിനിടെ ആറുപേർക്ക് കടിയേറ്റു. മെബിനെ കടിച്ചശേഷം മറ്റ് രണ്ടുപേരെക്കൂടി ഇത് കടിച്ചു. ഇതോടെ നാട്ടുകാർ ചേർന്ന് പട്ടിയെ തല്ലിക്കൊന്നു. Content Highlights:rabies affected dog attacked boy, Kattapana, stray dog issue Kerala
from mathrubhumi.latestnews.rssfeed https://ift.tt/2SfocRh
via
IFTTT
No comments:
Post a Comment